ബെംഗളൂരു: കർണാടകയിലെ നഞ്ചൻകോട് പിണക്കം അവസാനിപ്പിച്ച് തിരികെ വരണമെന്ന ആവശ്യം തള്ളിയ ഭാര്യയെ ഭർത്താവ് അടിച്ചു കൊലപ്പെടുത്തി.സുധ എന്ന മുപ്പതുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭർത്താവ് മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടു കൊല്ലമായി മഹേഷില്‍ നിന്ന് അകന്ന് കഴിയുകയായിരുന്നു നഞ്ചൻകോട്ടെ കലാലെ സ്വദേശി സുധ. മദ്യത്തിന് അടിമയായിരുന്ന ഭർത്താവിന്റെ ഉപദ്രവം സഹിക്കാൻ വയ്യാതെയായിരുന്നു ഇത്. മകനും അമ്മയ്ക്കും ഒപ്പം കഴിഞ്ഞിരുന്ന സുധയെ പലകുറി മഹേഷ് തിരികെ വിളിച്ചു. ഉപദ്രവിക്കില്ലെന്ന് പറഞ്ഞു.
എന്നാല്‍, ഭർത്താവിന്റെ വാക്കുകളില്‍ വിശ്വാസമില്ലാതിരുന്ന സുധ മടങ്ങി പോയില്ല.ഒരാഴ്ച മുന്‍പും മഹേഷ് ഭാര്യയെ തിരികെ വിളിച്ചു. സുധ വഴങ്ങിയില്ല. ഇതിനിടയിലാണ് ഇന്ന് രാവിലെ സുധ അമ്മയ്ക്കൊപ്പം കഴിയുന്ന കലാലെയിലെ വീട്ടിലെത്തി മഹേഷ് വഴക്കുണ്ടാക്കിയത്. വാക്കേറ്റ് രൂക്ഷമായതോടെ പട്ടിക കഷ്ണമെടുത്ത് സുധയുടെ തലയില്‍ അടിക്കുകയായിരുന്നു. സുധ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മഹേഷിനെ പിടികൂടി പൊലീസിന് കൈമാറിയത്. മഹേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അച്ഛൻ അമ്മയെ പതിവായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്നും ഇവരുടെ മകൻ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 13 വർഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. സുധയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി.