ബംഗളുരു: 22 വയസുകാരിയുടെ മൃതദേഹം ഓടയില്‍ നിന്ന് കണ്ടെത്തിയ സംഭവത്തില്‍ യുവതിയുടെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് അഴുകിയ മൃതദേഹം തിരിച്ചറിഞ്ഞതും കൊലപാതകത്തിന്റെ ചുരുളഴിച്ചതും. യുവതിയെ ഭർത്താവ് കൊലപ്പെടുത്തിയ ശേഷം വയർ കൊണ്ട് കൈകള്‍ ബന്ധിച്ച് മൃതദേഹം ഓടയില്‍ തള്ളുകയായിരുന്നു എന്നാണ് വ്യക്തമായത്.ബംഗളുരു നഗരത്തിന് സമീപത്തെ സർജാപൂർ പൊലീസ് സ്റ്റേഷൻ പരിധിയില്‍ ഇക്കഴിഞ്ഞ 11-ാം തീയ്യതിയാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. പ്രദേശത്തെ ഓടയില്‍ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ പൊലീസില്‍ വിവരമറിയിച്ചു.
പിന്നീട് നടത്തിയ തെരച്ചിലില്‍ യുവതിയുടെ ജീർണിച്ച മൃതദേഹം കണ്ടെത്തി. പോസ്റ്റ്മോർട്ടം പരിശോധനകള്‍ക്ക് ശേഷമാണ് റുമേഷ് ഖാത്തുൻ എന്ന 22കാരിയാണ് മരിച്ചതെന്ന് വ്യക്തമായത്. ഇതോടെ എന്താണ് സംഭവിച്ചതെന്ന് അറിയാനുള്ള അന്വേഷണം തുടങ്ങി.ഭർത്താവ് മുഹമ്മദ് നാസിമിന് (39) ഒപ്പമാണ് യുവതി ബംഗളുരുവില്‍ താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ പല കാര്യങ്ങളുടെ പേരില്‍ നിരന്തരം പ്രശ്നങ്ങളായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. ഇരുവർക്കുമിടയിലെ ചില സ്വകാര്യ പ്രശ്നങ്ങള്‍ കാരണം നാസിമിന് ഭാര്യയെ സംശയവുമുണ്ടായിരുന്നു. ഇതിനെല്ലാം ഒടുവിലാണ് ഭാര്യയെ കൊല്ലാൻ നാസിം തീരുമാനിക്കുന്നത്.
ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന്റെ കൈകള്‍ കെട്ടി ഓടയില്‍ ഉപേക്ഷിച്ചു. തുടർന്ന് ആറ് മക്കളെയും കൊണ്ട് സ്വദേശമായ ബിഹാറിലെ മുസഫർപൂരിലേക്ക് പോയി. യുവതി കൊല്ലപ്പെട്ട ദിവസം മുതല്‍ ഭർത്താവിനെയും കാണാനില്ലെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. നാസിമിന്റെ രണ്ടാം ഭാര്യയാണ് ഖാത്തുൻ. ആദ്യ ഭാര്യയില്‍ ഇയാള്‍ക്ക് നാല് മക്കളും രണ്ടാം ഭാര്യയില്‍ രണ്ട് മക്കളുമാണുള്ളത്.
മൊബൈല്‍ ഫോണ്‍ ലൊക്കേഷൻ ഉള്‍പ്പെടെ കണ്ടുപിടിച്ച് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവില്‍ ഇയാള്‍ മുസഫർപൂരിലാണെന്ന് പൊലീസ് മനസിലാക്കി. നാട്ടിലെത്തിയ ശേഷം പൊലീസിന്റെ പിടിയിലാവുന്നതിന് മുമ്ബ് ഇയാള്‍ വീണ്ടും വിവാഹം ചെയ്തെന്നും പൊലീസിന് വിവരം ലഭിച്ചു. ബംഗളുരുവില്‍ നിന്ന് ബിഹാറിലെത്തിയ പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്ത് ബംഗളുരുവില്‍ എത്തിച്ചു.