ബെംഗളൂരു: 2025ല്‍ രാജ്യത്തെ 9 പ്രധാന നഗരങ്ങളില്‍ വീടുകളുടെ രജിസ്ട്രേഷൻ 5% കുറഞ്ഞതായി റിപ്പോർട്ട്. ഡിസംബർ 25 വരെയുള്ള കണക്കുകള്‍ പ്രകാരം ഈ ഒമ്ബത് നഗരങ്ങളിലെ വീട് രജിസ്ട്രേഷൻ 5.45 ലക്ഷം യൂണിറ്റായി താഴ്ന്നു.അതെസമയം വീടുകളുടെ മൂല്യം 11% ഉയർന്ന് 4.46 ലക്ഷം കോടി രൂപയിലെത്തി.വീടുകളുടെ വില ഉയരുന്നതു തന്നെയാണ് വാങ്ങുന്നവരുടെ എണ്ണത്തില്‍ കുറവ് ഉണ്ടാകാൻ കാരണം. നഗരങ്ങളില്‍ നല്ല വില കൊടുത്ത് വീടുകള്‍ വാങ്ങുന്ന സമ്ബന്നർ കൂടിക്കൊണ്ടിരിക്കുകയാണ്. ഇതുമൂലം ഉയർന്ന ഇടത്തരക്കാർക്ക് മാത്രമേ നഗരങ്ങളില്‍ ചെറിയ സൗകര്യമെങ്കിലും സ്വന്തമാക്കാൻ കഴിയുന്നുള്ളൂ. ഉയർന്ന വരുമാനമുള്ളവരുടെ വർദ്ധന കാരണം പ്രീമിയം, ലക്ഷ്വറി വീടുകള്‍ക്ക് ആവശ്യക്കാർ കൂടിയിരിക്കുകയാണ്. ഇത് എല്ലാ വീടുകളുടെയും വില വർദ്ധിപ്പിച്ചു.റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടൻസിയായ സ്ക്വയർ യാർഡ്സ് ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. 2024-ല്‍ 5.77 ലക്ഷം യൂണിറ്റുകളാണ് രജിസ്റ്റർ ചെയ്തത്. ഈ വർഷം ഇത് 5.45 ലക്ഷം യൂണിറ്റായി കുറഞ്ഞു. 32,000 വീടുകളുടെ കുറവ്.
രജിസ്റ്റർ ചെയ്യപ്പെട്ട വീടുകളുടെ മൂല്യം 4.03 ലക്ഷം കോടി രൂപയാണ്.പുനെ, താനെ, മുംബൈ, നവി മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, നോയിഡ, ഗ്രേറ്റർ നോയിഡ, ഗാസിയാബാദ് എന്നീ നഗരങ്ങളിലെ കണക്കുകളാണ് റിപ്പോർട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രാഥമിക, ദ്വിതീയ വിപണികളിലെ (പുനർവില്‍പ്പന) ഇടപാടുകളും ഇതില്‍ ഉള്‍പ്പെടുന്നു.കഴിഞ്ഞ അഞ്ച് വർഷം വരെയുള്ള കാലയളവില്‍ വിലയില്‍ അടിക്കടി വർദ്ധന ഉണ്ടായിട്ടുണ്ടെന്ന് റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത് പല പ്രീമിയം സ്ഥലങ്ങളിലും വീടുകള്‍ വാങ്ങാനുള്ള ആളുകളുടെ ശേഷിയെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഡിമാൻഡ് ശക്തമായി തുടരുമ്ബോഴും സമ്ബത്ത് താരതമ്യേന കുറഞ്ഞവർക്ക് നഗരങ്ങളില്‍ മുൻകാലങ്ങളിലെപ്പോലെ സ്വന്തമാക്കാൻ കഴിയുന്നില്ല.ഡിമാൻഡില്‍ കുറവ് സംഭവിക്കുന്നില്ല എന്നതിനാല്‍ തന്നെ 2026ലും റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് വളർച്ചയുണ്ടാകും. വാങ്ങാൻ കഴിയുന്ന വിഭാഗങ്ങളുടെ കാര്യത്തില്‍ ചില മാറ്റങ്ങള്‍ വരുമെന്നേയുള്ളൂ. ഇക്കാരണത്താല്‍ 2026-ല്‍ ഭവന വിപണിക്ക് സുസ്ഥിരമായ പുരോഗതിക്ക് സാധ്യതയുണ്ടെന്നാണ് അനുമാനം. പ്രീമിയം വീടുകള്‍ക്കും, വലിയ വീടുകള്‍ക്കുമുള്ള തുടർച്ചയായ ആവശ്യം പ്രകടമാണ്. ഗുണമേന്മയുള്ള, ബ്രാൻഡഡ് ഭവനങ്ങളിലേക്കുള്ള വ്യക്തമായ മാറ്റം കാണാൻ കഴിയുന്നുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.