ബെംഗളൂരു: ബെംഗളൂരുവിലെ ഹോട്ടലുകളും റസ്റ്റോറന്‍റുകളും ഇനി മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഉപമുഖ്യമന്ത്രി ഡി. ശിവകുമാറും ബ്രഹത് ബെംഗളൂരു ഹോട്ടല്‍സ് അസോസിയേഷൻ അംഗങ്ങളും തമ്മില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
“ഹോട്ടലുകളും റെസ്റ്റോറന്റുകളും മുഴുവൻ സമയവും തുറന്ന് പ്രവര്‍ത്തിക്കാൻ അനുവദിക്കുന്ന ഒരു ഓര്‍ഡര്‍ ഒരാഴ്ചയോ 10 ദിവസത്തിനകം പുറപ്പെടുവിച്ചേക്കാം.” യോഗത്തിന് ശേഷം അസോസിയേഷൻ പ്രസിഡന്‍റ് പി സി റാവുവിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും ഓട്ടോ, ക്യാബ് ഡ്രൈവര്‍മാര്‍ക്കും മറ്റുള്ളവര്‍ക്കും ഈ തീരുമാനം പ്രയോജനപ്പെടും. നിലവില്‍, ബെംഗളൂരുവില്‍ ചെറുതും വലുതുമായ 24,000 ഹോട്ടലുകള്‍ ഉണ്ട്, അതില്‍ ഏകദേശം 10% ഹോട്ടലുകള്‍ 24×7 പ്രവര്‍ത്തിക്കാൻ തയ്യാറാണ്.
രാത്രി സമയങ്ങളില്‍ മാത്രം ഹോട്ടലുകളും റെസ്റ്റോറന്റുകളും തുറക്കാൻ പല സ്ഥാപനങ്ങള്‍ക്കും താല്‍പര്യമുണ്ടെന്നും അസോസിയേഷൻ അംഗങ്ങള്‍ വെളിപ്പെടുത്തി.യോഗത്തില്‍, ഹോട്ടല്‍ മേഖലയ്ക്ക് “വ്യാവസായിക പദവി” നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന് അസോസിയേഷൻ അംഗങ്ങള്‍ ശിവകുമാറിനോട് ആവശ്യപ്പെട്ടു.പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന്, ട്രേഡ് ആൻഡ് ഫുഡ് ആൻഡ് സേഫ്റ്റി സ്റ്റാൻഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ പോലുള്ള ഒന്നിലധികം ലൈസൻസുകള്‍ക്ക് പകരം ഒരൊറ്റ ലൈസന്‍സ് എന്ന ആശയവും അംഗങ്ങള്‍ മുന്നോട്ടുവച്ചു.
നഗരത്തിലെ രാത്രിജീവിതം സജീവമാക്കാൻ ഹോട്ടലുകള്‍ക്ക് മുഴുവൻ സമയവും തുറന്നു പ്രവര്‍ത്തിക്കാൻ അനുവദിക്കണമെന്ന് ബ്രഹത് ബെംഗളൂരു ഹോട്ടല്‍സ് അസോസിയേഷന്‍റെ നാളുകളായുള്ള ആവശ്യമാണ്. 30 ദിവസത്തിനുള്ളില്‍ അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അസോസിയേഷൻ പ്രസിഡന്‍റ് പി.സി.റാവു കഴിഞ്ഞ മാസം നിവേദനം നല്‍കിയിരുന്നു. നിലവില്‍ രാത്രി ഒരുമണി വരെയാണ് ഹോട്ടലുകള്‍ തുറന്നു പ്രവര്‍ത്തിക്കാൻ അനുമതിയുള്ളത്. കഴിഞ്ഞ ഒക്ടോബറിലാണ് രാത്രി 11 വരെയുണ്ടായിരുന്നത് 2 മണിക്കൂര്‍ കൂടി നീട്ടാൻ പൊലീസ് അനുമതി നല്‍കിയത്. എന്നാല്‍, പലയിടത്തും ഈ സമയം വരെ പ്രവര്‍ത്തിക്കാൻ പൊലീസ് അനുവദിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.
രാത്രി പള്ളിയില്‍ ഉറങ്ങാന്‍ അനുവദിക്കാത്തതിന് ബോംബ് ഭീഷണി; യുവാവ് അറസ്റ്റില്‍
ബംഗളൂരു: പള്ളിയില്‍ തീവ്രവാദികള്‍ ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണിസന്ദേശം അയച്ച യുവാവ് അറസ്റ്റില്‍. ബംഗളൂരു നഗരത്തിലെ ശിവാജിനഗറിലുള്ള പള്ളിയിലാണ് ബോംബ് വച്ചിട്ടുണ്ടെന്ന് വ്യാജ ഭീഷണിയുണ്ടായിരുന്നത്. സംഭവത്തില്‍ മഹാരാഷ്ട്ര സ്വദേശി സയ്യിദ് മുഹമ്മദ് അൻവര്‍(37) ആണ് പിടിയിലായത്.
മദ്‌റസയ്‌ക്കെന്നു പറഞ്ഞ് പള്ളികളില്‍നിന്ന് പണംപിരിച്ച് ഉപജീവനം നടത്തുകയാണ് പ്രതിയുടെ പതിവ്. ഇത്തരത്തില്‍ ശിവാജിനഗറിലെ റസല്‍ മാര്‍ക്കറ്റിലുള്ള അസാം മസ്ജിദിലും ഇയാള്‍ എത്തിയിരുന്നു. പണപ്പിരിവ് നടത്തിയ ശേഷം രാത്രി പള്ളിയില്‍ തന്നെ ഉറങ്ങാൻ അനുമതി തേടിയെങ്കിലും ഭാരവാഹികള്‍ സമ്മതിച്ചില്ല. തുടര്‍ന്ന് ആന്ധ്രപ്രദേശിലെ കര്‍ണൂലിലേക്ക് ബസ് കയറിയ യുവാവ് യാത്രയ്ക്കിടയില്‍ 122 ഹെല്‍പ്‌ലൈൻ നമ്ബറില്‍ വിളിച്ച് വ്യാജഭീഷണി സന്ദേശം നല്‍കുകായിരുന്നു.
പള്ളിയില്‍ തീവ്രവാദികള്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഇയാള്‍ അറിയിച്ചത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചതോടെ ആളുകള്‍ പരിഭ്രാന്തരായി. പൊലീസിനു പുറമെ ഫയര്‍ഫോഴ്‌സ്, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് തുടങ്ങിയ സംഘങ്ങളും സ്ഥലത്തെത്തി. രാത്രി വൈകിയും പരിശോധന തുടര്‍ന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല.
പിന്നീട് ഭീഷണിസന്ദേശത്തില്‍ ശിവാജിനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒടുവില്‍ കര്‍ണൂലിലെ മെഹ്ബൂബ്‌നഗറില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്. ബി.എസ്.സി ബിരുദധാരിയായ മുഹമ്മദ് അൻവര്‍ തൊഴില്‍രഹിതനാണെന്നും മദ്രസകള്‍ക്കു വേണ്ടിയുള്ള പണപ്പിരിവെന്ന പേരില്‍ തട്ടിപ്പ് നടത്തിയാണ് ഇയാള്‍ ജീവിക്കുന്നതെന്നും പൊലീസ് പറഞ്ഞു.