ബംഗളൂരു: ഏപ്രില്‍ 26ന് ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹോട്ടലുകള്‍, ഹോം സ്റ്റേകള്‍, റിസോർട്ടുകള്‍, ലോഡ്ജുകള്‍ എന്നിവ അടച്ചിടാനുള്ള ജില്ല ഭരണാധികാരികളുടെ ഉത്തരവിനെതിരെ പ്രതിഷേധവുമായി ഹോട്ടലേഴ്സ് അസോസിയേഷൻ.
പോളിങ് നിരക്ക് വർധിപ്പിക്കാനാണ് ഇത്തരമൊരു തീരുമാനം. വോട്ടിങ് ദിനം വെള്ളിയാഴ്ചയായതുകൊണ്ട് വാരാന്ത്യാവധികള് കണക്കിലെടുത്ത് ധാരാളം പേർ വോട്ട് ചെയ്യാനെത്താതെ കുടുംബവുമൊത്ത് യാത്രകള്‍ ചെയ്യുന്നത് തടയാനാണ് ഇത്തരമൊരു ഉത്തരവിറക്കിയത്. കർണാടക സ്റ്റേറ്റ് ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷൻ ഉത്തരവിനെതിരെ രംഗത്തു വന്നു.
ഹോട്ടലുടമകള്‍ അനുദിനം ധാരാളം പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഹോട്ടലുകളടച്ചിടുന്നതിന് പകരം വോട്ടർമാരെ ആകർഷിക്കാൻ മറ്റ് നടപടികളാലോചിക്കണമെന്ന് അസോസിയേഷൻ സെക്രട്ടറി ഗോപാല്‍ ഷെട്ടർ പറഞ്ഞു. ഓഫിസർമാർ പ്രാവർത്തികമായി ചിന്തിക്കണം. ഈ ദിവസങ്ങളില്‍ ഹോട്ടലുടമകള്ക്കുണ്ടാകുന്ന നഷ്ടം ആര് നികത്തിത്തരും? തീരുമാനം പുനഃപരിശോധിക്കണമെന്നും അനുകൂലമായ നടപടികളുണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.