ബെംഗളൂരു : അവധി ദിവസങ്ങളിലും വാരാന്ത്യങ്ങളിലും ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് യാത്രാത്തിരക്ക് രൂക്ഷമായി തുടരുന്നു. തീവണ്ടികളിൽ ഓണത്തോട് അനുബന്ധിച്ച ദിവസങ്ങളിലേക്കുള്ള റിസർവേഷൻ തുടങ്ങിയദിവസം തന്നെ ടിക്കറ്റ് തീർന്നിരുന്നു. ഇതിനിടെയിലുള്ള പ്രധാന അവധി ദിവസമായ സ്വാതന്ത്ര്യദിനത്തിനോട് അടുത്തദിവസവും ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റ് കിട്ടാനില്ല. സ്വാതന്ത്യദിനം വാരാന്ത്യത്തോട് ചേർന്ന് വരുന്നത് ഇത്തവണ തിരക്ക് വർധിക്കാൻ കാരണമായി.
വെള്ളിയാഴ്ചയാണ് ഇത്തവണ സ്വാതന്ത്ര്യദിനം വരുന്നത്. ശനി, ഞായർ കൂടിയാകുമ്പോൾ മൂന്ന് ദിവസം ഒരുമിച്ച് അവധി ലഭിക്കും. അതിനാൽ ഐടി മേഖലയിൽ ജോലിചെയ്യുന്നവർ അടക്കമുള്ള മലയാളികൾ ഓഗസ്റ്റ് 14-ന് വൈകീട്ട് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് യാത്രപ്പുറപ്പെടാനാണ് ഒരുങ്ങുന്നത്. ഈ ദിവസത്തെ റിസർവേഷൻ വേഗത്തിൽ തീരുകയായിരുന്നു. തെക്കൻ കേരളത്തിലേക്കുള്ള തീവണ്ടികളിൽ ഗരീബ് രഥ് എക‌്സ്പ്രസിൽ(12257) ഒാഗസ്റ്റ് 14-ലെ റിസർവേഷൻ നില വെയ്റ്റിങ് ലിസ്റ്റ് 300-ൽ എത്തി നിൽക്കുകയാണ്.
വ്യാഴാഴ്ചകളിൽ സർവീസ് നടത്തുന്ന യശ്വന്ത്പുർ-തിരുവനന്തപുരം നോർത്ത്(കൊച്ചുവേളി) എക്സ്പ്രസിൽ (16561) തേഡ് എസി റിസർവേഷൻ നില വെയിറ്റിങ് ലിസ്റ്റ് 150-ൽ എത്തി. സെക്കൻഡ് എസിയിൽ വെയ്റ്റിങ് ലിസ്റ്റ് ടിക്കറ്റും തീർന്നു. ബെംഗളൂരു-കന്യാകുമാരി എക്‌സ്പ്രസിൽ (16526) സ്ലീപ്പർ ക്ലാസിലും തേഡ് എക്കോണമിയിലും തേഡ് എസിയിലും വെയ്‌റ്റിങ് ലിസ്റ്റ് ടിക്കറ്റും ലഭ്യമല്ല. മൈസൂർ-കൊച്ചുവേളി എക്‌സ്പ്രസിൽ(16315) സ്ലീപ്പറിൽ വെയ്റ്റിങ് ലിസ്റ്റ് 199, തേഡ് എസി വെയ്റ്റിങ് ലിസ്റ്റ് 99 എന്നിങ്ങനെയാണ് റിസർവേഷൻ നില.
മലബാറിലേക്കുള്ള യശ്വന്ത്പുർ-കണ്ണൂർ (16527) എക്സ്പ്രസിലും റിസർവേഷൻ തീർന്നിരിക്കുകയാണ്. അടുത്ത രണ്ട് മാസത്തിനിടെയിലുള്ള വാരാന്ത്യങ്ങളിൽ മിക്ക ദിവസവും തെക്കൻ കേരളത്തിലേക്കുള്ള തീവണ്ടികളിലെ ബെർത്തുറപ്പുള്ള ടിക്കറ്റുകൾ തീർന്നു. തീവണ്ടികളിൽ വേഗത്തിൽ ടിക്കറ്റ് തീർന്നതിനൊപ്പം സ്വകാര്യ ബസുകളിൽ നിരക്ക് ഉയർത്തിയിട്ടുണ്ട്. ഓഗസ്റ്റ് 14-ന് ബെംഗളൂരുവിൽനിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്ക് മിക്ക ബസുകളിലും 3000 രൂപയ്ക്ക് മുകളിലാണ് ഈടാക്കുന്നത്. മറ്റ് ദിവസങ്ങളിൽ 2000-ൽ താഴെ ഈടാക്കുന്ന ബസുകൾ ഈ ദിവസം നിരക്ക് 50 ശതമാനം വർധിപ്പിക്കുകയായിരുന്നു.
വാട്ടര്‍ തീം പാര്‍ക്കിലെ റൈഡില്‍ അച്ഛന്റെ കൈയ്യില്‍ നിന്നും വഴുതി വീണ കുഞ്ഞിന് ദാരുണാന്ത്യം
വാട്ടർ തീം പാര്‍ക്കിലെ റൈഡില്‍ അച്ഛനൊപ്പം ആഘോഷിക്കുന്നതിനിടെ അപകടം. ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. മകളുമൊന്നിച്ച് റൈഡില്‍ കയറിയ യുവാവിന്റെ കയ്യില്‍ നിന്നും വഴുതി വീണ കുഞ്ഞ് 12 അടി താഴ്ചയിലേക്ക് വീണാണ് മരിച്ചത്.ക്രൊയേഷ്യയിലെ അക്വാഗാന്‍ വാട്ടര്‍ തീം പാര്‍ക്കിലാണ് സംഭവം. ജര്‍മനിയില്‍ നിന്നുള്ള യുവാവും മകളുമാണ് അപകടത്തില്‍പ്പെട്ടത്.റൈഡിന് താഴെ ഭാഗത്തുള്ള കോണ്‍ക്രീറ്റ് തറയില്‍ തലയടിച്ച് വീണ ഒന്നര വയസുകാരിക്ക് തലയ്‌ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണമായത്.
വാട്ടര്‍ തീം പാര്‍ക്കിലുണ്ടായിരുന്ന ഒരു ഡോക്ടറുടെ സഹായത്തോടെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കുഞ്ഞ് മരണപ്പെടുകയായിരുന്നു, കുട്ടിയെ കയ്യില്‍ വച്ചായിരുന്നു അച്ഛന്‍ വാട്ടര്‍ തീം പാര്‍ക്കിലെ റൈഡുകളില്‍ കയറിയത്.കുട്ടി താഴേയ്ക്ക് പിടിവിട്ട് പോയതിന് പിന്നാലെ മകളെ സഹായിക്കാന്‍ ആവശ്യപ്പെട്ട് നിലവിളിക്കുന്ന അച്ഛന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. റിജേകയിലെ ആശുപത്രിയില്‍ വച്ചാണ് ഒന്നരവയസുകാരി മരിച്ചത്. റൈഡില്‍ വച്ചുണ്ടാകുന്ന ആദ്യത്തെ അപകടമാണ് ഇതെന്നാണ് പാര്‍ക്ക് അധികൃതര്‍ വിശദമാക്കുന്നത്.