ബംഗളൂരു: വിവാഹ സല്‍ക്കാരത്തിനിടെ ലിക്വിഡ് നൈട്രജൻ ചേർത്ത വെറ്റില കഴിച്ച 12 വയസുകാരിയുടെ ആമാശയത്തില്‍ ദ്വാരം വീണു. ബംഗളൂരുവിലാണ് സംഭവം. അതികഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ആമാശയത്തില്‍ ദ്വാരം വീണമായി കണ്ടെത്തിയത്.
വിവാഹ സല്‍ക്കാരത്തിന് പോയപ്പോള്‍ അവിടെ വച്ചാണ് ലിക്വിഡ് നൈട്രജൻ ചേർത്ത വെറ്റില കുട്ടി കാണുന്നത്. എല്ലാവരും കഴിക്കുന്നത് കണ്ടപ്പോള്‍ ആഗ്രഹം തോന്നിയാണ് പെണ്‍കുട്ടി അത് വാങ്ങി കഴിച്ചതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. തുടർന്നാണ് കുട്ടിയുടെ വയറ്റില്‍ വേദനയും അസ്വസ്ഥതയും അനുഭവപ്പെടാൻ തുടങ്ങിയത്. വേദന അസഹനീയമായതോടെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ലിക്വിഡ് നൈട്രജനാണ് അപകടകാരിയായതെന്ന് മനസിലായത്. തുടർന്ന് ശസ്ത്രക്രിയ നടത്തി. നിലവില്‍ കുട്ടിയുടെ നില തൃപ്‌തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വിവാഹം, ഉത്സവം, ഭക്ഷ്യമേളകള്‍ തുടങ്ങിയ പരിപാടികളില്‍ ലിക്വിഡ് നൈട്രജൻ ചേർത്ത വിഭവങ്ങള്‍ പലിയിടത്തും വിളമ്ബാറുണ്ട്. പ്രത്യേകിച്ച് പുക ബിസ്‌കറ്റ്, പുക ഐസ്‌ക്രീം എന്നീ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്. ഇത് കഴിക്കുന്നതിലൂടെ കുട്ടികളടക്കമുള്ളവരില്‍ വലിയ പാർശ്വഫലങ്ങളുണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ദ്ധർ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലിക്വിഡ് നൈട്രജൻ അടങ്ങിയ ഭക്ഷണം കഴിച്ച് ആരോഗ്യപ്രശ്‌നങ്ങളുണ്ടായ നിരവധി കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2017ല്‍ ഗുരുഗ്രാമില്‍ ലിക്വിഡ് നൈട്രജൻ ചേർത്ത കോക്‌ടെയില്‍ കുടിച്ചയാളുടെ ആമാശയത്തില്‍ ഗുരുതരമായി പൊള്ളലേറ്റിരുന്നു.
എന്താണ് ലിക്വിഡ് നൈട്രജൻ?
ഭക്ഷണത്തിന്റെ ഗുണനിലവാരവും കാലാവധിയും വർദ്ധിപ്പിക്കുന്നതിനായി ലണ്ടൻ ആസ്ഥാനമായുള്ള ഒരു കമ്ബനിയാണ് ഇത് വികസിപ്പിച്ചെടുത്തത്. ബാഷ്‌പീകരിക്കപ്പെടുമ്ബോള്‍ നൈട്രജന്റെ അളവ് ഏകദേശം 700മടങ്ങ് വികസിക്കുന്നതിനാല്‍, അത് ഭക്ഷണ പാക്കറ്റിനുള്ളിലെ ഓക്‌സിജനെ ഇല്ലാതാക്കുകയും ഭക്ഷണം ഫ്രഷ് ആയി ഏറെക്കാലം നിലനിർത്തുകയും ചെയ്യുന്നു.
കാപ്പി, ഉരുളക്കിഴങ്ങ് ചിപ്‌സ്, നിലക്കടല, വറുത്ത നിലക്കടല, ചീസ്, വറുത്ത ഉരുളക്കിഴങ്ങ് എന്നിവ പാക്ക് ചെയ്യുമ്ബോള്‍ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ഈ ലിക്വിഡ് നൈട്രജനാണ് ഉപഭോക്താക്കളെ ആകർഷിക്കാനായി വഴിയോര ഭക്ഷണശാലകളില്‍ ഉപയോഗിക്കുന്നത്. അന്തരീക്ഷത്തില്‍ നിന്നാണ് വ്യവസായികള്‍ ലിക്വിഡ് നൈട്രജൻ വേർതിരിച്ചെടുക്കുന്നത്. വാതക രൂപത്തിലുള്ള 700 ലിറ്റർ നൈട്രജനില്‍ നിന്നും വെറും ഒരു ലിറ്റർ ലിക്വിഡ് നൈട്രജനാണ് ഉണ്ടാക്കാൻ സാധിക്കുക.
ആരോഗ്യ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ്?
ലിക്വിഡ് നൈട്രജൻ, അത് ശരീരത്തിന്റെ ഏതെങ്കിലും ഭാഗവുമായി സമ്ബർക്കത്തിലായാല്‍ ആ ഭാഗം ദ്രവിച്ചുപോകാൻ സാദ്ധ്യതയുണ്ട്. മഞ്ഞിന്റെ രൂപത്തിലാണ് ഇവ കാണപ്പെടുന്നത്. പക്ഷേ, കഴിക്കുമ്ബോള്‍ ചുണ്ട്, നാവ്, തൊണ്ട, ശ്വാസകോശം, ആമാശയം തുടങ്ങി എല്ലാ ഭാഗത്തെയും അപകടത്തിലാക്കും. ആമാശയത്തില്‍ ഇവ സുഷിരങ്ങളുണ്ടാക്കുന്നു. ഇവ ശരീരത്തിലെത്തുമ്ബോള്‍ കാർബണ്‍ഡയോക്‌സൈഡ് ഉല്‍പ്പാദിപ്പിക്കുകയും ആ വ്യക്തി അബോധാവസ്ഥയിലാകുകയും ചെയ്യുന്നു.