ഹിജാബ്/ബുർഖ ധരിച്ചതിന് ബെംഗളൂരുവിലെ നഴ്‌സിംഗ് കോളേജില്‍ നാല് കശ്മീരി വിദ്യാർത്ഥിനികളെ ക്ലാസുകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയ സംഭവത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ജമ്മു ആൻഡ് കശ്മീർ സ്റ്റുഡന്റ്‌സ് അസോസിയേഷൻ (ജെകെഎസ്‌എ) കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തെഴുതി.രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയൻസസുമായി (RGUHS) അഫിലിയേറ്റ് ചെയ്തിട്ടുള്ള ശ്രീ സൗഭാഗ്യ ലളിത കോളേജ് ഓഫ് നഴ്സിംഗിലാണ് വിദ്യാർഥികളെ പുറത്താക്കിയതെന്ന ആരോപണമുയർന്നത്.സംഭവം മതപരമായ വിവേചനവും അപമാനവുമാണെന്ന് ജെകെഎസ്‌എ ആരോപിച്ചു.
വിദ്യാർഥികളുടെ വിശ്വാസവും സ്വത്വവും പ്രതിഫലിപ്പിക്കുന്ന രീതിയില്‍ വസ്ത്രം ധരിച്ചു എന്ന കാരണത്താല്‍, അവരെ ക്ലാസ് മുറികളിലോ പ്രാക്ടിക്കല്‍ ലാബുകളിലോ ദിവസങ്ങളോളം പ്രവേശിപ്പിച്ചില്ലെന്ന് കത്തില്‍ പറയുന്നു.ക്ലാസ് മുറിയില്‍ കയറി ഹിജാബ് ധരിച്ച വിദ്യാർത്ഥികളോട് കോളേജ് ചെയർമാൻ പുറത്തുപോകാൻ ആവശ്യപ്പെട്ടത് ഞെട്ടിപ്പിക്കുന്നതാണെന്ന് ജെകെഎസ്‌എ ദേശീയ കണ്‍വീനർ നാസിർ ഖുഹേമി പറഞ്ഞു. ചോദ്യം ചെയ്തപ്പോള്‍, ഇത് ഞങ്ങളുടെ കോളേജാണെന്നും ഞങ്ങളുടെ നിയമങ്ങള്‍ മാത്രമേ ബാധകമാകൂവെന്നും ചെയർമാൻ പറഞ്ഞതായും സംഘടന ആരോപിച്ചു.മതപരമായ വസ്ത്രം അഴിച്ചുമാറ്റിയില്ലെങ്കില്‍ വിദ്യാർഥികളെ പുറത്താക്കുമെന്നും അവരുടെ അക്കാദമിക് രേഖകള്‍ പിടിച്ചുവെക്കുമെന്നും കോളേജ് അധികൃതർ ഭീഷണിപ്പെടുത്തിയതായി ആരോപണമുയർന്നു.
ഇന്ത്യൻ നിയമപ്രകാരമോ സർവകലാശാലാ ചട്ടങ്ങള്‍ക്കനുസരിച്ചോ ഔദ്യോഗിക വിലക്ക് ഉണ്ടായിരുന്നില്ലെങ്കിലും, ഹിജാബും ബുർഖയും ധരിക്കുന്നത് സർവകലാശാല നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന കോളേജ് അധികൃതരുടെ വാദം തെറ്റാണെന്നും വിദ്യാർഥികള്‍ ആരോപിച്ചു. അതേസമയം, ഇന്ത്യയിലെവിടെയും, കശ്മീരില്‍ പോലും മെഡിക്കല്‍ വിദ്യാർഥികള്‍ക്ക് ഇത്തരം വസ്ത്രങ്ങള്‍ അനുവദനീയമല്ലെന്ന് മാനേജ്മെന്റ് അറിയിച്ചു. അടിയന്തര നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ മന്ത്രി, ആർജിയുഎച്ച്‌എസ്, ന്യൂനപക്ഷ കമ്മീഷൻ എന്നിവയോട് നിർദ്ദേശിക്കണമെന്ന് ജെകെഎസ്‌എ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.ഹിജാബ് അഴിച്ചുമാറ്റാൻ നിർബന്ധിക്കാതെ വിദ്യാർത്ഥികളെ ക്ലാസുകളില്‍ പങ്കെടുക്കാൻ അനുവദിക്കണമെന്നും വിവേചനത്തിന് ഉത്തരവാദികളായ കോളേജ് ഉദ്യോഗസ്ഥർ കർശനമായ ശിക്ഷ അനുഭവിക്കണമെന്നും അത് ആവശ്യപ്പെട്ടു.