ബംഗളൂരു: വിദ്യാര്‍ത്ഥികളെ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് കര്‍ണാടക ഹിജാബ് കേസിലെ ഹരജിക്കാരിലൊരാളായ ആലിയ ആസാദി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയോട് അഭ്യര്‍ത്ഥിച്ചു.ഹിജാബ് കേസില്‍ ഉഡുപ്പി സര്‍ക്കാര്‍ കോളജില്‍ നിന്നുള്ള ഹരജിക്കാരില്‍ ഒരാളാണ് ആലിയ ആസാദി.
ബി.ബി ആയിഷ പലവ്കര്‍, ആയിഷ ഹസാര അല്‍മാസ്, മുസ്കാന് സൈനബ് എന്നിവരാണ് മറ്റ് ഹരജിക്കാര്‍.
‘രണ്ടാം വര്‍ഷ പി.യു പരീക്ഷകള്‍ ഈ മാസം 22 മുതല്‍ ആരംഭിക്കാന്‍ പോകുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഞങ്ങളുടെ ഭാവി തകരുന്നത് തടയാന്‍ നിങ്ങള്‍ക്ക് ഇനിയും അവസരമുണ്ട്. ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ ഞങ്ങളെ അനുവദിക്കണം. ദയവായി ഇത് പരിഗണിക്കുക. ഞങ്ങള്‍ ഈ രാജ്യത്തിന്റെ ഭാവിയാണ്’- ആലിയ ട്വീറ്റ് ചെയ്തു.
ഈ വര്‍ഷം ജനുവരിയിലാണ് ഹിജാബുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ആരംഭിച്ചത്. ഉഡുപ്പിയിലെ ഗവ. പി.യു കോളജില്‍ ശിരോവസ്ത്രം ധരിച്ച് ക്ലാസിലെത്തിയ ആറ് വിദ്യാര്‍ത്ഥികളെ പുറത്താക്കിയതായിരുന്നു തുടക്കം. പിന്നീട് സമീപത്തെ കുന്ദാപ്പൂരിലെയും ബൈന്ദൂരിലെയും മറ്റു ചില കോളജുകളിലേക്കും പ്രതിഷേധം വ്യാപിച്ചു.
കോളജുകളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം പെണ്‍കുട്ടികള്‍ സമര്‍പ്പിച്ച എല്ലാ ഹരജികളും കര്‍ണാടക ഹൈക്കോടതി തള്ളിയിരുന്നു.