ബംഗളൂരു: പ്രീയൂനിവേഴ്സിറ്റി പരീക്ഷകളില്‍ ഹിജാബ് ധരിച്ച് ക്ലാസ് മുറികളില്‍ കയറാന്‍ വിദ്യാര്‍ഥിനികള്‍ക്ക് അനുമതി നല്‍കേണ്ടെന്ന് കര്‍ണാടക വിദ്യാഭ്യാസ വകുപ്പ്. മാര്‍ച്ച് ഒമ്ബതിന് പി.യു പരീക്ഷ ആരംഭിക്കാനിരിക്കെയാണ് തീരുമാനം. വിദ്യാര്‍ഥിനികള്‍ കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. അവ പരിഗണിക്കേണ്ടെന്നാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കിയ നിര്‍ദേശം. ഉഡുപ്പി, ചിക്കബല്ലാപുര, ചാമരാജ്നഗര്‍, ബംഗളൂരു റൂറല്‍ ജില്ലകളിലെ കോളജുകളിലെ മുസ്‍ലിം പെണ്‍കുട്ടികളാണ് ഹിജാബ് ധരിക്കാന്‍ അനുമതി തേടി അപേക്ഷ നല്‍കിയത്.
ഇതുസംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ പരീക്ഷാവേളയില്‍ ഹിജാബ് അനുവദിക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് വ്യക്തമാക്കി. ഹിജാബ് ധരിക്കാന്‍ അനുമതി നല്‍കാത്തതിന്റെ പേരില്‍ ഒരു വിദ്യാര്‍ഥിയും പരീക്ഷ ഒഴിവാക്കുമെന്നു കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശിരോവസ്ത്രത്തിന് വിലക്കേര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് 2022 ഫെബ്രുവരി അഞ്ചിന് കോടതി ശരിവെച്ചിരുന്നു. തുടര്‍ന്ന് ദീര്‍ഘമായ വാദങ്ങള്‍ക്കൊടുവില്‍ മാര്‍ച്ചില്‍ അന്തിമ വിധിയില്‍, ഹിജാബ് ധരിക്കുന്നത് ഇസ്‍ലാമിക വിശ്വാസപ്രകാരം അനിവാര്യമായ ആചാരമല്ലെന്ന് കര്‍ണാടക ഹൈകോടതി വിധിച്ചിരുന്നു. ഇതിനെതിരെ വിദ്യാര്‍ഥിനികള്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും വിധി റദ്ദാക്കിയില്ല. ഇക്കാരണത്താല്‍ തല്‍സ്ഥിതി തുടരാന്‍ ഉത്തരവുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
അഴിമതിക്കേസില്‍ കര്‍ണാടകയില്‍ ബി.ജെ.പി എം.എല്‍.എ ഒന്നാം പ്രതി
ബംഗളൂരു: ബി.ജെ.പി എം.എല്‍.എക്കുവേണ്ടി കൈപ്പറ്റിയ അഴിമതിപ്പണവുമായി മകന്‍ പിടിയിലായതിനുപിന്നാലെ ലോകായുക്ത പൊലീസ് നടത്തിയ റെയ്ഡില്‍ മകന്റെ വീട്ടില്‍നിന്ന് ആറുകോടി രൂപ കൂടി കണ്ടെടുത്തു.
ഇതോടെ ദാവന്‍ഗെരെ ചന്നഗിരി മണ്ഡലത്തില്‍നിന്നുള്ള ബി.ജെ.പി എം.എല്‍.എ മദാല്‍ വിരുപക്ഷപ്പയെ (58) ഒന്നാം പ്രതിയാക്കി, അഴിമതി തടയല്‍ നിയമപ്രകാരം ലോകായുക്ത പൊലീസ് കേസെടുത്തു. ഇദ്ദേഹത്തിന്റെ മകനായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ബാംഗ്ലൂര്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സ്വീവേജ് ബോര്‍ഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി) ചീഫ് അക്കൗണ്ടന്റ് വി. പ്രശാന്ത് മദാല്‍ രണ്ടാം പ്രതിയും ഓഫിസ് അക്കൗണ്ടന്റ് സുരേന്ദ്ര മൂന്നാം പ്രതിയും ഇടപാടിന് ഇടനിലനിന്ന മറ്റു മൂന്നുപേര്‍ നാലുമുതല്‍ ആറുവരെ പ്രതികളുമാണ്. അഴിമതിക്കേസില്‍ വെട്ടിലായതോടെ എം.എല്‍.എ മദാല്‍ വിരുപക്ഷപ്പ (58) കര്‍ണാടക സോപ്സ് ആന്‍ഡ് ഡിറ്റര്‍ജന്റ്സ് ലിമിറ്റഡ് (കെ.എസ് ആന്‍ഡ് ഡി.എല്‍) ചെയര്‍മാന്‍ പദവി രാജിവെച്ചു. തനിക്കും കുടുംബത്തിനുമെതിരെ ഗൂഢാലോചന നടക്കുന്നതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് വെള്ളിയാഴ്ച നേരിട്ട് നല്‍കിയ രാജിക്കത്തില്‍ പറയുന്നു. എന്നാല്‍, എം.എല്‍.എ സ്ഥാനം രാജിവെച്ചിട്ടില്ല. ലോകായുക്ത റെയ്ഡുമായി തനിക്കൊരു ബന്ധവുമില്ലെന്നും തനിക്കും കുടുംബത്തിനുമെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നും വിരുപക്ഷപ്പ രാജിക്കത്തില്‍ അവകാശപ്പെട്ടു.
ബി.ജെ.പി എം.എല്‍.എയുടെ മകന്റെ വീട്ടില്‍നിന്ന് ലോകായുക്ത സംഘം അഴിമതിപ്പണം കണ്ടെത്തിയപ്പോള്‍
കരാറുകാരനില്‍നിന്ന് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വി. പ്രശാന്ത് മദാലിനെ വ്യാഴാഴ്ച ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിതാവിനുവേണ്ടിയാണ് മകന്‍ കൈക്കൂലി വാങ്ങിയതെന്നാണ് ലോകായുക്തയുടെ കണ്ടെത്തല്‍. സോപ്പുകളും ഡിറ്റര്‍ജന്റുകളും നിര്‍മിക്കാനുള്ള അസംസ്കൃത വസ്തുക്കളുടെ കരാര്‍ ഉറപ്പിക്കാനാണ് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയത്. തുടര്‍ന്ന് പ്രശാന്തിന്റെ ഓഫിസില്‍നിന്ന് 2.2 കോടി രൂപയും ബംഗളൂരു ഡോളേഴ്‌സ് കോളനിയിലെ വീട്ടില്‍നിന്ന് ആറുകോടി രൂപയും കണ്ടെടുത്തു. 2018ല്‍ നിയമസഭ തെരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 5.73 കോടി രൂപയാണ് വിരുപക്ഷപ്പയുടെ ആസ്തി. അഴിമതിക്കേസില്‍ കുടുങ്ങിയതോടെ വിരുപക്ഷപ്പയോട് മുഖ്യമന്ത്രി രാജി ആവശ്യപ്പെടുകയായിരുന്നെന്നാണ് വിവരം. കാബിനറ്റ് റാങ്കോടെ 2020ലാണ് വിരുപക്ഷപ്പയെ കെ.എസ്.ഡി.എല്‍ ചെയര്‍പേഴ്സനായി നിയമിച്ചത്. മൈസൂര്‍ സാന്‍ഡല്‍ സോപ്പ് അടക്കമുള്ള പ്രമുഖ ബ്രാന്‍ഡുകള്‍ ഉല്‍പാദിപ്പിക്കുന്നത് കെ.എസ്.ഡി.എല്‍ ആണ്.
കെ.എസ് ആന്‍ഡ് ഡി.എല്ലിന് അസംസ്‌കൃത വസ്തുക്കള്‍ വിതരണം ചെയ്യുന്ന സ്വകാര്യ സ്ഥാപന ഉടമ ശ്രേയസ് കശ്യപ് നല്കിയ പരാതിയെ തുടര്‍ന്നായിരുന്നു റെയ്ഡ്. പര്‍ച്ചേസ് ഓര്‍ഡര്‍ ലഭിക്കാന്‍ 81 ലക്ഷം രൂപ പ്രശാന്ത് കൈക്കൂലി ആവശ്യപ്പെട്ടെന്നായിരുന്നു പരാതി. ഇതോടെ ലോകായുക്ത നിര്‍ദേശ പ്രകാരം ക്രസന്റ് റോഡിലെ ഓഫിസില്‍വെച്ച് 40 ലക്ഷം രൂപ കൈമാറുമ്ബോഴാണ് പ്രശാന്ത് പിടിയിലായത്. കെ.എസ് ആന്‍ഡ് ഡി.എല്‍ എം.ഡി എം. മഹേഷിന്റെ വീട്ടിലും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പ്രശാന്തിന്റെ വസ്തുവകകള്‍, ആഭരണങ്ങള്‍, വീടുകള്‍, വാഹനങ്ങള്‍ എന്നിവയുടെ വിശദാംശങ്ങളും പരിശോധിച്ചുവരുകയാണ്. കേസില്‍ പ്രശാന്ത്, ബന്ധു സിദ്ദീഷ്, അക്കൗണ്ടന്റ് സുരേന്ദ്ര, പ്രശാന്തിന് 72 ലക്ഷം രൂപ കൈക്കൂലി നല്കാനെത്തിയ ഗംഗാധര്‍, നിക്കോളാസ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കോടതിയില്‍ ഹാജരാക്കുമെന്ന് ലോകായുക്ത അറിയിച്ചു. വ്യാഴാഴ്ച രാത്രി ആരംഭിച്ച പരിശോധന വെള്ളിയാഴ്ചയാണ് അവസാനിച്ചത്. ബംഗളൂരു ലോകായുക്ത ഐ.ജി ഡോ. എ. സുബ്രഹ്മണ്യേശ്വര റാവു, എസ്.പി കെ.വി. അശോക് എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി.