മംഗളൂരു: ദക്ഷിണ കന്നഡയില്‍ മത സ്‌പര്‍ധ വളര്‍ത്തുന്ന വിവാദ പോസ്റ്ററുകള്‍ നീക്കം ചെയ്യാനാവശ്യപ്പെട്ട് ജില്ല ഭരണകൂടം. സ്വാതന്ത്രദിനത്തോടും ശ്രീകൃഷ്‌ണ ജയന്തിയോടുമനുബന്ധിച്ച് സവര്‍ക്കറുടെയും, ഗോട്സെയുടെയും ചിത്രങ്ങള്‍ സ്ഥാപിച്ച ഹൈന്ദവ സംഘടനകളുടെ പോസ്റ്ററുകള്‍ ജില്ലയില്‍ നിരവധി പ്രക്ഷേഭങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജില്ല ഭരണകുടത്തിന്‍റെ പുതിയ ഉത്തരവ്.
പൊലീസിന്‍റെ സഹായത്തോടെ ജില്ലയിലെ വിവാദ ബാനറുകള്‍ നീക്കം ചെയ്യണമെന്നാണ് ദക്ഷിണ കന്നഡ ജില്ല ഭരണകുടത്തിന്‍റെ പുതിയ ഉത്തരവ്. ബാനറുകള്‍ ഉടനടി നീക്കം ചെയ്യാന്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും നഗര തദ്ദേശ സ്ഥാപനങ്ങള്‍ക്കും ഭരണകുടം നിര്‍ദേശം നല്‍കി. ഏതെങ്കിലും തരത്തില്‍ വിദ്വേഷം വളര്‍ത്തുന്ന അനധികൃത പോസ്റ്ററുകളും ബാനറുകളും പ്രദര്‍ശിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണര്‍ കെ. വി രാജേന്ദ്ര പറഞ്ഞു.
ഏതെങ്കിലും തരത്തില്‍ പോസ്റ്ററുളോ ബാനറുകളോ പ്രദര്‍ശിപ്പിക്കണമെങ്കില്‍ ബന്ധപ്പെട്ട അധികാരികളുടെ പക്കല്‍ നിന്നും അനുവാദം വാങ്ങിക്കുകയും കൂടെ ബാനര്‍ പ്രിന്‍റ് ചെയ്യുന്ന ആളുടെ വിവരങ്ങളും നല്‍കുകയും വേണം. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും അനുവാദത്തോടു കൂടി മാത്രമെ നിലവില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു.
അടുത്തിടെയായി ചില ഹൈന്ദവ സംഘടനകള്‍ ഉടുപ്പി ജില്ലയിലും നഗരത്തിന്‍റെ ചില പ്രദേശങ്ങളിലും പ്രകോപനപരമായ പോസ്റ്ററുകള്‍ സ്ഥാപിച്ചതിനെ തുടര്‍ന്നാണ് പുതുയ നിര്‍ദേശമെന്ന്’ കെ. വി രാജേന്ദ്ര അറിയിച്ചു.