ന്യൂഡല്‍ഹി: ബംഗളൂരു നയന്ദഹള്ളിയിലെ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ( സായ്) ഹോസ്റ്റലിലെ ഒളികാമറ പ്രയോഗത്തില്‍ ആഭ്യന്തര അന്വേഷണം നടത്താന്‍ തീരുമാനം. സമിതിയോട് പെട്ടെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചതായി സായ് വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.
ഒരു വര്‍ഷ ഡിപ്ലോമ കോഴ്സിന് പഠിക്കുന്ന പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മാര്‍ച്ച് 28നായിരുന്നു സംഭവം. കൂട്ടുകാരി കുളിക്കുന്നത് മൊബൈല്‍ ഫോണില്‍ രഹസ്യമായി പകര്‍ത്തിയ പെണ്‍കുട്ടി കാമുകന് അയച്ചുകൊടുക്കുകയായിരുന്നു. ഇരയായ പെണ്‍കുട്ടി പരാതി നല്‍കിയിട്ടും ആദ്യം ഒതുക്കി തീര്‍ക്കാനായിരുന്നു ശ്രമം. സമ്മര്‍ദം ശക്തമായതോടെ പൊലീസ് കേസെടുത്തു. പ്രതി റിമാന്‍ഡിലായതിനെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തു.
ബൊമ്മെയുടെ വാഹനത്തില്‍ ഇലക‌്ഷന്‍ കമ്മീഷന്‍റെ പരിശോധന
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ കാര്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ പരിശോധിച്ചു. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ വാഹനത്തിലാണ് ബൊമ്മെ ക്ഷേത്രദര്‍ശനത്തിനു പോയത്.ഹൊസഹുഡിയ ചെക്പോസ്റ്റിലാണ് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് തെരഞ്ഞെടുപ്പു കമ്മീഷന്‍ പരിശോധന നടത്തിയത്. അസ്വാഭാവികമായി ഒന്നും വാഹനത്തില്‍ കണ്ടെത്തിയില്ലെന്നും തുടര്‍ന്നു യാത്രയ്ക്ക് മുഖ്യമന്ത്രിക്ക് അനുമതി നല്‍കിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരിശോധന സംബന്ധിച്ച വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.