ന്യൂഡല്‍ഹി: മോട്ടോര്‍ സൈക്കിളില്‍ മുതിര്‍ന്നവര്‍ക്ക് ഒപ്പം യാത്ര ചെയ്യുന്ന നാലുവയസ്സില്‍ താഴെയുള്ളവര്‍ക്ക് ഹെല്‍മെറ്റും സുരക്ഷാബെല്‍റ്റും (കുട്ടികളെ ബൈക്ക് ഓടിക്കുന്ന ആളുമായി ബന്ധിപ്പിക്കുന്നത് ) നിര്‍ബന്ധമാക്കി പുതിയ ഭേദഗതി വിജ്ഞാപനമിറക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം.
നാലുവയസ്സില്‍ താഴെയുള്ളവര്‍ ഉണ്ടെങ്കില്‍ മോട്ടോര്‍ സൈക്കിളിന്റെ വേഗം മണിക്കൂറില്‍ 40 കിലോമീറ്റര്‍ കവിയരുത്. കേന്ദ്ര മോട്ടോര്‍ വാഹന നിയമം (രണ്ടാം ഭേദഗതി) ചട്ടം 2022 പുറത്തിറക്കി ഒരു വര്‍ഷത്തിനുള്ളില്‍ പുതിയനിയമം പ്രാബല്യത്തില്‍ വരും.നാലു വയസ്സിനു മുകളിലുള്ളവര്‍ക്ക് നേരത്തേതന്നെ ഹെല്‍മെറ്റ് നിര്‍ബന്ധമാണ്. മോട്ടോര്‍ സൈക്കിളില്‍ സുരക്ഷാ ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നത് ആദ്യം.
കുട്ടികളുടെ തലയ്ക്ക് അനുയോജ്യമായതും ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബിഐഎസ്) നിയമത്തിലെ നിലവാരം പാലിക്കുന്നതുമായ ഹെല്‍മെറ്റാണ് ധരിക്കേണ്ടത്. കുട്ടിയെയും ഓടിക്കുന്നയാളെയും രണ്ടു സ്ട്രാപ്പുകളാല്‍ ബന്ധിപ്പിക്കുന്ന സുരക്ഷാ ബെല്‍റ്റ് വേണം ഉപയോഗിക്കാന്‍. ഇതിന്റെ മുറുക്കം കൂട്ടാനും കുറയ്ക്കാനും കഴിയണം. എന്നാല്‍ ഇത്തരം ബെല്‍റ്റുകളും ഹെല്‍മെറ്റുകളും വിപണിയില്‍ നിലവില്‍ സുലഭമല്ല.