ബെംഗളൂരു: ആറുവയസ്സിന് മുകളിലുള്ള കുട്ടികൾക്കും ഹെൽമെറ്റ് നിർബന്ധമെന്ന് ബെംഗളൂരു ട്രാഫിക് പോലീസ്. ഹെൽമറ്റ് ധരിക്കാത്ത കുട്ടികളുമായി ഇരുചക്രവാഹനങ്ങളിൽ വരുന്ന രക്ഷിതാക്കൾക്കെതിരേ കർശന നടപടിയുണ്ടാകും. സ്‌കൂട്ടറിൽ ഓടിക്കുന്നയാളെക്കൂടാതെ മൂന്നുകുട്ടികളെ മാത്രമേ കയറ്റാൻ പാടുള്ളൂവെന്നും ട്രാഫിക് പോലീസിന്റെ കർശന നിർദേശമുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പ്രദേശങ്ങളിൽ പരിശോധനകളുണ്ടാകും.
ഒരാഴ്ചയോളമായി നഗരത്തിൽ ഹെൽമെറ്റ് ധരിക്കാത്തതുൾപ്പെടെയുള്ള നിയമലംഘനങ്ങൾ പിടികൂടാൻ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തിവരുകയാണ് ട്രാഫിക് പോലീസ്. പിഴകുടിശ്ശികയുള്ളവർക്കെതിരേയും കർശന നടപടികളാണ് സ്വീകരിക്കുന്നത്. മതിയായ രേഖകളില്ലാത്ത വാഹനങ്ങൾ പിടിച്ചെടുക്കാനും തീരുമാനമുണ്ട്.
റെയിൽവേ സ്‌റ്റേഷനുകളിൽ ‘സ്‌ലീപ്പിങ് പോഡുകൾ’ ഒരുങ്ങുന്നു
ബെംഗളൂരു:ബെംഗളൂരുവിലെത്തുന്നവർക്ക് കീശചോരാതെ താമസിക്കാൻ റെയിൽവേ സ്‌റ്റേഷനുകളിൽ ‘സ്‌ലീപ്പിങ് പോഡുകൾ’ ഒരുങ്ങുന്നു. ഒരാൾക്ക് സുഖമായി കഴിയാവുന്ന ഇത്തരം പോഡുകൾ ബൈയ്യപ്പനഹള്ളിയിലെ വിശ്വേശരായ ടെർമിനലിലും കെ.എസ്.ആർ. സിറ്റി സ്‌റ്റേഷനിലുമാണ് ഒരുക്കുന്നത്. മൊബൈൽ ചാർജുചെയ്യാനുള്ള സംവിധാനം, വൈഫൈ, കിടക്ക, പുതപ്പ് തുടങ്ങിയവയെല്ലാം ഇത്തരം എ.സി. സ്‌ലീപ്പിങ് പോഡുകളിലുണ്ടാകും. ഏഴടി നീളവും അഞ്ചടി വീതിയുമാണ് പോഡുകൾക്കുള്ളത്.
രണ്ടുമാസത്തിനുള്ളിൽ ഇവ പ്രവർത്തനസജ്ജമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെങ്കിലും ഇവയുടെ വാടകയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. പരമാവധി കുറഞ്ഞനിരക്കിൽ യാത്രക്കാർക്ക് പോഡുകൾ ലഭ്യമാക്കുകയാണ് അധികൃതരുടെ ലക്ഷ്യം. നിലവിൽ മുംബൈ, ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിലെ റെയിൽവേ സ്‌റ്റേഷനുകളിൽ സ്‌ലീപ്പിങ് പോഡുകളുണ്ട്. സിംഗിൽ പോഡുകൾക്ക് ഇവിടെ 499 രൂപമുതലാണ് വാടക.
പദ്ധതി യാഥാർഥ്യമാകുന്നതോടെ ബെംഗളൂരുവിലെത്തുന്ന മലയാളി യാത്രക്കാർക്കും നേട്ടമാകും. നാട്ടിൽനിന്നുള്ള യാത്രക്കാർ വന്നിറങ്ങുന്ന സ്‌റ്റേഷനുകളാണ് ബൈയ്യപ്പനഹള്ളിയും കെ.എസ്.ആറും. സമീപത്തെ ലോഡ്ജുകളിലും മറ്റും വലിയ നിരക്ക് ഈടാക്കുന്നതിനാൽ താമസിക്കാനിടംകണ്ടെത്തൽ പലപ്പോഴും യാത്രക്കാരെ സംബന്ധിച്ച് വലിയ പ്രതിസന്ധിയാണ്. സ്‌ലീപ്പിങ് പോഡുകൾ വരുന്നതോടെ ഈ പ്രതിസന്ധിക്ക് ഒരുപരിധിവരെ പരിഹാരമാകും.
രണ്ടുസ്‌റ്റേഷനുകളിലും പോഡുകൾ സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്തിയതായി ദക്ഷിണപശ്ചിമ റെയിൽവേ ബെംഗളൂരു ഡിവിഷൻ അധികൃതർ അറിയിച്ചു. സ്വകാര്യ കമ്പനിയായിരിക്കും ഇത് നിർമിക്കുകയും പരിപാലിക്കുകയും ചെയ്യുക. വാടകയായി ഈടാക്കുന്ന തുകയുടെ നിശ്ചിതശതമാനം റെയിൽവേക്ക് കൈമാറുന്നരീതിയിലായിരിക്കും സംവിധാനം.