ബെംഗളൂരു: ഹെബ്ബാള്‍ ജംഗ്ഷനും മേക്രി സർക്കിളിനും ഇടയില്‍ ചെറിയ തുരങ്കവും ഫ്ലൈ ഓവറും നിർമ്മിക്കാനുള്ള പദ്ധതിക്ക് കർണാടക മന്ത്രിസഭ അനുമതി നല്‍കി.2,215 കോടി രൂപ ചെലവിലാണ് ഈ പദ്ധതി പൂർത്തീകരിക്കുക. ബാംഗ്ലൂർ ഡെവലപ്‌മെന്റ് അതോറിറ്റിയാണ് (BDA) ഈ പദ്ധതി നടപ്പിലാക്കുന്നത്. നേരത്തെ കോണ്‍ഗ്രസ് സർക്കാർ ബല്ലാരി റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നിർദ്ദേശിച്ച സ്റ്റീല്‍ ഫ്ലൈ ഓവർ പദ്ധതി പൊതുജനങ്ങളുടെ ശക്തമായ എതിർപ്പ് കാരണം ഉപേക്ഷിക്കേണ്ടി വന്നിരുന്നു.ഈ പുതിയ പദ്ധതി, ഹെബ്ബാള്‍-സില്‍ക്ക് ബോർഡ് ഇരട്ട തുരങ്ക പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്താൻ കാരണമായേക്കും. 16.75 കിലോമീറ്റർ നീളമുള്ള ഈ തുരങ്കപാത വലിയ ചർച്ചയും വിവാദവുമാണ് ബെംഗളൂരുവില്‍. ദീർഘദൂര ഇരട്ട തുരങ്കത്തില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും പ്രവേശനം ഉണ്ടാകില്ല എന്നതിനാല്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പര്യാപ്തമല്ലെന്ന് വാദം ഉയരുന്നുണ്ട്. കൂടാതെ വലിയ സംഖ്യ ടോള്‍ കൊടുത്ത് സമ്ബന്നർ മാത്രമേ ഈ പാതയിലൂടെ സഞ്ചരിക്കൂ എന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്ന തുരങ്കപാത ചെറുതാണ്.
ഹെബ്ബാള്‍ ജംഗ്ഷനില്‍ നിന്ന് കർണാടക വെറ്ററിനറി, അനിമല്‍ ആൻഡ് ഫിഷറീസ് യൂണിവേഴ്സിറ്റി (KVAFSU) വരെ 2.27 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്ന് വരികളുള്ള ഒരു ചെറിയ ഇരട്ട തുരങ്കമാണിത്. കെവിഎഎഫ്‌എസ്‌യുവില്‍ നിന്ന് മേക്രി സർക്കിള്‍ വരെയുള്ള ഒരു ഉയരപ്പാതയും ഇതില്‍ ഉള്‍പ്പെടുന്നു. മേക്രി സർക്കിളിനെ ഒരു റോടറി ഇന്റർചേഞ്ചായി വികസിപ്പിക്കാനാണ് പദ്ധതിയിടുന്നത്.”കെവിഎഎഫ്‌എസ്‌യുവില്‍ നിന്നുള്ള ഫ്ലൈ ഓവർ മേക്രി സർക്കിളില്‍ അവസാനിക്കുന്ന നിരവധി ഫ്ലൈ ഓവറുകളില്‍ ഒന്നായിരിക്കും. ഞങ്ങള്‍ മറ്റ് ഫ്ലൈ ഓവറുകളും ആസൂത്രണം ചെയ്യുന്നുണ്ട്. അവയെല്ലാം ഈ സർക്കിളില്‍ സംഗമിക്കും. അതിനാല്‍ പ്രധാന ജംഗ്ഷനെ ഞങ്ങള്‍ ഒരു റോടറി ഇന്റർചേഞ്ചായി വികസിപ്പിക്കുകയാണ്,” ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.നേരത്തെ ബാംഗ്ലൂർ സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (B-SMILE) തയ്യാറാക്കിയ കണക്കുകള്‍ പ്രകാരം പദ്ധതിയുടെ ചെലവ് 1,325 കോടി രൂപയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത് 2,215 കോടി രൂപയായി വർദ്ധിച്ചിട്ടുണ്ട്. ബി-സ്മൈല്‍ ഒരു തുരങ്കം നിർമിക്കാൻ മാത്രമാണ് പദ്ധതിയിട്ടിരുന്നത്. ഇപ്പോള്‍ ഫ്ലൈ ഓവർ ഉള്‍പ്പെടുത്തിയതോടെ ചെലവ് കൂടി.അതേസമയം, വിവാദമായ 16.75 കിലോമീറ്റർ തുരങ്ക റോഡ് പദ്ധതിക്ക് വിവിധ കോണുകളില്‍ നിന്ന് എതിർപ്പ് വർദ്ധിക്കുന്ന സാഹചര്യത്തില്‍ സർക്കാർ താല്‍ക്കാലികമായി നിർത്തിവെക്കാൻ സാധ്യതയുണ്ട്. ബെംഗളൂരുവിന്റെ സങ്കീർണ്ണമായ ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളില്‍ യഥാർത്ഥത്തില്‍ ഒരു തുരങ്ക റോഡ് നിർമ്മിക്കാൻ കഴിയുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. ഇപ്പോള്‍ നിർമ്മിക്കുന്ന തുരങ്കം ഒരു പരീക്ഷണ പദ്ധതി കൂടിയായിരിക്കും. അതിന്റെ വിജയം പോലെയിരിക്കും ദീർഘ ടണല്‍പ്പാതയുടെ നിർമ്മാണ ആലോചന. 16.75 കിലോമീറ്റർ ടണല്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഔദ്യോഗികമായി ഈ പദ്ധതി ആരംഭിക്കാൻ കുറഞ്ഞത് ഒരു വർഷമെങ്കിലും എടുക്കുമെന്നും ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.