മൈസൂരു: കനത്തമഴയിൽ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ കുടക് ജില്ലയിൽ ഭാരവാഹനങ്ങൾക്കുള്ള നിയന്ത്രണംനീട്ടി. നിലവിലുള്ള നിരോധനം ഓഗസ്റ്റ് 25 വരെ നീട്ടിയതായി ഡെപ്യൂട്ടി കമ്മിഷണർ വെങ്കടരാജ അറിയിച്ചു. ജൂൺ ആറുമുതലുള്ള നിരോധനം ആദ്യഘട്ടത്തിൽ ഓഗസ്റ്റ് അഞ്ച് വരെയായിരുന്നു. ഇതാണ് ഈ മാസം 25 വരെ വീണ്ടും നീട്ടിയത്.എല്ലാതരം തടിലോറികൾ, മണൽ ഗതാഗതവാഹനങ്ങൾ, 18.5 ടണ്ണിൽ കൂടുതൽ ഭാരമുള്ള ചരക്ക് വാഹനങ്ങൾ, ബുള്ളറ്റ് ടാങ്കറുകൾ, ഷിപ്പ് കാർഗോ കണ്ടെയ്‌നറുകൾ, ട്രക്കുകൾ എന്നിവയ്ക്കാണ് നിരോധനം ബാധകം.
എന്നാൽ, എൽപിജി, ഇന്ധന വിതരണം, പാൽ വിതരണം, സർക്കാർജോലിക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾ, മൾട്ടി ആക്‌സിൽ ബസുകൾ ഉൾപ്പെടെയുള്ള സ്‌കൂൾ, കോളേജ്, പൊതു യാത്രാവാഹനങ്ങൾ എന്നിവയ്ക്ക് ഇളവുകൾ അനുവദിച്ചിട്ടുണ്ട്.നിരോധനം കർണാടക-കേരള ചരക്കുനീക്കത്തെ ബാധിക്കും. കുടകിലൂടെ കടന്നുപോകുന്ന ദേശീയപാത 275-ലെ കുശാൽനഗർ, സാംപാജെ അതിർത്തികളിൽ ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കും. രാത്രികാലങ്ങളിൽ ചെക്ക്പോസ്റ്റുകളിലും റോഡുകളിലും 24 മണിക്കൂറും നിരീക്ഷണവും പട്രോളിങ്ങും ഉണ്ടാകും.
ജില്ലാ പോലീസ് സൂപ്രണ്ടിനോട് ഭാരവാഹന നിയന്ത്രണങ്ങൾ സംബന്ധിച്ച സൈൻബോർഡുകളും നോട്ടീസ് ബോർഡുകളും സ്ഥാപിക്കാൻ ഡെപ്യൂട്ടി കമ്മിഷണർ നിർദേശിച്ചിട്ടുണ്ട്. മഴക്കാലത്ത് മണ്ണിലെ ഈർപ്പം വർധിക്കുന്നതിനനുസരിച്ച് ജില്ലയിലെ റോഡുകളുടെ അവസ്ഥ അനുദിനം വഷളാകുകയാണ്. അമിതമായി ഭാരംകയറ്റിയ ചരക്കുവാഹനങ്ങളുടെ സഞ്ചാരം റോഡിന്റെ അരികുകളിൽ മണ്ണിടിച്ചിൽ ഉണ്ടാക്കുന്നതിനും ഇത് അപകടങ്ങൾക്ക് കാരണമാകുന്നതിനും സാധ്യതയുണ്ട്.കുടകിലെ റോഡുകൾ കുത്തനെയുള്ള വളവുകളും കുത്തനെയുള്ള ചരിവുകളുംകൊണ്ട് നിറഞ്ഞതാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ, കനത്തമഴയും വെള്ളപ്പൊക്കവുംമൂലം തകർന്ന കുടകിലെ ഒട്ടേറെ റോഡുകൾ അറ്റകുറ്റപ്പണികൾ നടത്തിവരുകയാണ്
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടര്‍ക്ക് നേരെ ആക്രമണം; ഏഴ് നഴ്‌സുമാര്‍ക്ക് സസ്‌പെൻഷൻ
ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ഇ.എൻ.ടി. വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഒരു വനിതാ ജൂനിയർ ഡോക്ടറെ ഡ്യൂട്ടി സമയത്ത് ആക്രമിച്ചെന്ന പരാതിയെ തുടർന്ന് ഏഴ് നഴ്സുമാർക്കെതിരെ അച്ചടക്ക നടപടി.സംഭവത്തില്‍ പരാതി ഉയർന്ന ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴ് നഴ്സുമാരെ രണ്ട് ദിവസത്തേക്ക് സസ്പെൻഡ് ചെയ്ത് ആശുപത്രി സൂപ്രണ്ട് ഉത്തരവിറക്കി.കേരള മെഡിക്കല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് അസോസിയേഷനാണ് സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയത്.
ഈ പരാതിയുടെ അടിസ്ഥാനത്തില്‍ സൂപ്രണ്ട് നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് നഴ്സുമാർക്കെതിരെയുള്ള നടപടി. സസ്പെൻഷൻ കാലയളവിലെ ഈ രണ്ട് ദിവസത്തെ അവധി, സാധാരണ അവധിയായി പരിഗണിക്കില്ലെന്നും, മൂന്നാം ദിവസം സൂപ്രണ്ടിന്റെ അനുമതി ലഭിച്ച ശേഷം മാത്രമേ ഇവർക്ക് തിരികെ ജോലിയില്‍ പ്രവേശിക്കാൻ കഴിയൂ എന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.ഈ നടപടിയെ തുടർന്ന് രണ്ട് ദിവസത്തേക്ക് ഇ.എൻ.ടി. വിഭാഗത്തില്‍ ഈ ഏഴ് നഴ്സുമാരും ജോലിക്ക് ഹാജരായില്ല. എന്നാല്‍, തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സൂപ്രണ്ട് ഈ ഏകപക്ഷീയമായ തീരുമാനം എടുത്തതെന്ന് ആരോപിച്ചുകൊണ്ട് ശിക്ഷ ലഭിച്ച നഴ്സുമാർ നഴ്സസ് യൂണിയന് പരാതി നല്‍കിയിട്ടുണ്ട്.