ബെംഗളൂരു: കർണാടകത്തിൽ മഴ ശക്തമായതോടെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും പതിവായി. കലബുറഗിയിൽ ജലസംഭരണി നിർമാണ സ്ഥലത്തെ മഴവെള്ളം നിറഞ്ഞ കുഴിയിൽവീണ് രണ്ടു കുട്ടികൾ മരിച്ചു.
സഞ്ജയ്ഗാന്ധി നഗർ സ്വദേശികളായ അജയ് ഭീമശങ്കർ (12), അഭിഷേക് സുരേഷ് (11) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് കളിക്കാൻ പോയ മൂന്നുകുട്ടികളെ കാണാതായെന്നും ഞായറാഴ്ച രാവിലെ രണ്ടു കുട്ടികളെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ചൗക്ക് പോലീസ് കേസെടുത്തു.
കഴിഞ്ഞ ആറു മാസമായി എൽ ആൻഡ് ടി കമ്പനിയാണ് ജലംസംഭരണി നിർമിച്ചു വരുന്നത്. കുറച്ചു ദിവസമായി നിർമാണം നിർത്തിവെച്ചിരിക്കുകയായിരുന്നു. കുഴിയുള്ള കാര്യം മനസ്സിലാക്കാൻ ബോർഡ് സ്ഥാപിക്കുകയോ വേലി കെട്ടുകയോ ചെയ്തിരുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. പത്തുലക്ഷം രൂപ നഷ്ട പരിഹാരം നൽകാമെന്ന് കോർപ്പറേഷൻ അധികൃതർ ഉറപ്പുനൽകിയ ശേഷമാണ് മൃതദേഹങ്ങൾ എടുത്തത്.
തുമകൂരുവിൽ തടാകത്തിൽ മീൻ പിടിക്കാൻ പോയ രണ്ടുപേരെ കാണാതായി. ഗുബ്ബി ആഡുഗൊണ്ടനഹള്ളി സ്വദേശികളായ ഹരീഷ് (31), യോഗേഷ് (36) എന്നിവരെയാണ് കാണാതായത്. ഗുബ്ബി സ്റ്റേഷനിലെ പോലീസുകാരും നാട്ടുകാരും തിരച്ചിൽ നടത്തിവരുകയാണ്.
കുടക്, ഉത്തര കന്നഡ ജില്ലകളിൽ കനത്ത മഴകാരണം തിങ്കളാഴ്ച സ്കൂളുകൾക്കും കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു. പല സ്ഥലങ്ങളിലും നദികൾ കരകവിയുകയും പാലങ്ങൾ വെള്ളത്തിലാവുകയും ചെയ്തു ബെലഗാവി ജില്ലയിൽ കഴിഞ്ഞ നാലു ദിവസമായി മഴ പെയ്യുന്നുണ്ട്. കൃഷ്ണ, തുംഗഭദ്ര, മാലപ്രഭ നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. ദക്ഷിണ കന്നഡ ജില്ലയിലെ നേത്രാവതി നദിയും കരകവിഞ്ഞു. ബെംഗളൂരുവിലും മഴ ശക്തമാകുന്നുണ്ട്.
ധാർവാഡ് ജില്ലയിൽ തൊഴുത്തിന്റെ ഭിത്തി തകർന്ന് പോത്ത് ചത്തു. അൽനവാര താലൂക്കിലെ ഹൊന്നപുര ഗ്രാമത്തിൽ സിദ്ധപ്പ നായകിന്റെ പോത്താണ് ചത്തത്. ധാർവാഡിലെ മഴക്കെടുതി പ്രദേശങ്ങൾ മന്ത്രി സന്തോഷ് ലാഡ് സന്ദർശിച്ചു. ചിക്കമഗളൂരു ജില്ലയിലെ ശൃംഗേരിയിൽ ഗാന്ധി മൈതാനം വെള്ളത്തിലായി. സമീപത്തെ കടകളിൽ വെള്ളം കയറി.
ശൃംഗേരിയിൽ റോഡ് തകർന്ന് വാഹനഗതാഗതം തടസ്സപ്പെട്ടു. ഭദ്ര നദി കരകവിഞ്ഞതിനെ തുടർന്ന് ചിക്കമഗളൂരുവിലെ ഹെബ്ബലെ പാലം വെള്ളത്തിലായി. ദക്ഷിണ കന്നഡ ജില്ലയിലെ ബന്ത്വാളിൽ പാലത്തിൽ വെള്ളം കയറിയതിനെ തുടർന്ന് പിക്കപ്പ് വാൻ കുടുങ്ങി. പിന്നീട് നാട്ടുകാർ വാഹനത്തെ കരയ്ക്കെത്തിച്ചു.
ധാർവാഡിൽ ഹലിയാല റോഡിൽ കൂറ്റൻ മരം വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ബെലഗാവിയിൽനിന്ന് ഗോവയിലേക്കുള്ള ദേശീയപാതയിൽ പുതുതായി നിർമിച്ച പാലം തകർന്നു. പാലത്തിന്റെ അപ്രോച്ച് റോഡും തകർന്നിട്ടുണ്ട്. ഹാസൻ ജില്ലയിൽ കനത്ത മഴയെ തുടർന്ന് ദേശീയ പാത 75-ൽ മണ്ണിടിഞ്ഞു. തുംഗഭദ്ര അണക്കെട്ടിൽ ജലനിരപ്പ് കൂടിയതോടെ 35,868 ക്യുസെക്സ് വെള്ളം തുറന്നുവിടുന്നുണ്ട്.
ഉത്തരേന്ത്യയില്‍ കനത്തമഴ; യമുന നദിയിലെ ജലനിരപ്പ് 206.44 ആയി, മഴക്കെടുതി രൂക്ഷം
ഉത്തരേന്ത്യയില്‍ ഇടതടവില്ലാതെ മഴ പെയ്യുകയാണ്. ശക്തമായ മഴ കാരണം യമുന നദിയിലെ ജലനിരപ്പ് 206.44 ആയി ഉയര്‍ന്നു.
ഓള്‍ഡ് യമുന ബ്രിഡ്ജ് ഇന്നലെ രാത്രി മുതല്‍ അടച്ചു, തീവണ്ടി ഗതാഗതം വഴിതിരിച്ചു വിട്ടു. ഇതുവഴി ഉള്ള തീവണ്ടികള്‍ ദില്ലി വഴി പോകും എന്ന് റെയില്‍വേ അറിയിച്ചു. ഹിമാചല്‍ പ്രദേശില്‍ ഇന്നലെ മഴക്കെടുതിയില്‍ 5 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹിമാചലില്‍ മഴക്കെടുതി കാരണം 700 റോഡുകള്‍ അടച്ചു എന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ദില്ലി ഉത്തരാഖണ്ഡ് ഹിമാചല്‍ എന്നിവിടങ്ങളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്.
മഹാരാഷ്ട്രയിലെ റായ്ഗഡിലെ ഇര്‍ഷല്‍വാഡി ഗ്രാമത്തിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നടത്തുന്ന രക്ഷാപ്രവര്‍ത്തനം ഭരണകൂടം നിര്‍ത്തിവച്ചു. ഉരുള്‍പൊട്ടല്‍ 27 പേരുടെ മരണത്തിനിടയാക്കിയിരുന്നു. കാണാതായ 78 പേരെ ഇതുവരെ കണ്ടെത്തനായില്ലെന്നും അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തകരും സംസ്ഥാന സര്‍ക്കാരും ഗ്രാമവാസികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ശനിയാഴ്ച കണ്ടെടുത്ത അവസാനത്തെ മൃതദേഹം അഴുകിയ നിലയിലായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.