മൈസൂരു : കർണാടകയിലെ മലയോരമേഖലയിൽ കനത്തമഴ തുടരുന്നു. ചിക്കമഗളൂരു, ചാമരാജ്നഗർ, കുടക്, ഹാസൻ, ദക്ഷിണകന്നഡ എന്നിവിടങ്ങളിലാണ് മഴക്കെടുതി രൂക്ഷം.ചിക്കമഗളൂരു, കുടക് ജില്ലകളിൽ കാറ്റിലും മഴയിലും ഒട്ടേറെ വീടുകൾ, റോഡുകൾ, വൈദ്യുതത്തൂണുകൾ എന്നിവ തകർന്നു. കാവേരി, കന്നികെ നദികൾ കരകവിഞ്ഞതിനാൽ ഭാഗമണ്ഡല ഈ മഴക്കാലത്ത് നാലാം തവണയും വെള്ളത്തിനടിയിലായി. കുടക് ജില്ലയിൽ മരങ്ങൾ കടപുഴകി വീണും വൈദ്യുതത്തൂണുകൾ കടപുഴകിയും പല ഭാഗങ്ങളും ഇരുട്ടിലായി. സുണ്ടികുപ്പയ്ക്ക് സമീപം മരം വീണതിനെത്തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്‌തംഭിച്ചു.
ശിവമോഗ, ചിക്കമഗളൂരു ജില്ലകളിൽ ഞായറാഴ്ച രാത്രി വൈകിയും കനത്ത മഴ തുടരുകയാണ്. തീർഥഹള്ളിയിലും ശിവമോഗയിലും തുംഗ നദി അപകടനിലയിൽ കവിഞ്ഞൊഴുകുകയാണ്.തുംഗ നദിയുടെ തീരത്ത് താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ മുന്നറിയിപ്പ് നൽകി. ചിക്കമഗളൂരു ജില്ലയിൽ പെയ്യുന്ന മഴയിൽ തുംഗ, ഭദ്ര, നേത്രാവതി, ഹേമാവതി എന്നിവിടങ്ങളിലെ ജലനിരപ്പ് ഉയർന്നു. ശൃംഗേരിയിലെ ബാത്ത് ഘട്ടിലും സന്ധ്യാവന്ദന മണ്ഡപത്തിലും വെള്ളം കയറി.
ഉത്തര കന്നഡയിലെ കുംത താലൂക്കിലെ ദേവിമാനെ ഘട്ടിലെ വ്യൂ പോയിൻ്റിലേക്കുള്ള പടികൾ മഴയിൽ ഒഴുകിപ്പോയി. സിർസി – കുംത ഹൈവേയിൽ ചെറിയ മണ്ണിടിച്ചിലുണ്ടായി. അതോടെ, ഇതിലൂടെ ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലും കനത്ത മഴ തുടരുകയാണ്. രണ്ട് ജില്ലകളിലും ഞായറാഴ്ച ഓറഞ്ച് ജാഗ്രതയായിരുന്നു.
ഫ്‌ളാറ്റില്‍ ലഹരിപ്പാര്‍ട്ടി; എൻസിപി നേതാവിന്റെ ഭര്‍ത്താവും രണ്ട് സ്ത്രീകളും അടക്കം ഏഴുപേര്‍ പിടിയില്‍
പൂണെയിലെ ഫ്ളാറ്റില്‍ ലഹരിപ്പാർട്ടിക്കിടെ പോലീസ് റെയ്ഡ്. ലഹരിപ്പാർട്ടിയില്‍ പങ്കെടുത്ത മുൻ മന്ത്രിയുടെ മരുമകൻ അടക്കം ഏഴുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.മുൻ മന്ത്രിയും എൻസിപി നേതാവുമായ ഏക്നാഥ് ഖഡ്സെയുടെ മരുമകൻ പ്രഞ്ജാല്‍ ഖെവാല്‍ക്കർ അടക്കമുള്ളവരാണ് പിടിയിലായത്. എൻസിപി(ശരദ്പവാർ) വിഭാഗത്തിന്റെ വനിതാ നേതാവ് രോഹിണി ഖഡ്സെയുടെ ഭർത്താവാണ് പ്രഞ്ജാല്‍ ഖെവാല്‍ക്കർ.റേവ് പാർട്ടി നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് പൂണെ ഖരാഡിയിലെ അപ്പാർട്ട്മെന്റില്‍ ഞായറാഴ്ച പുലർച്ചെ പോലീസ് റെയ്ഡ് നടത്തിയത്.
പരിശോധനയില്‍ കൊക്കെയ്നും കഞ്ചാവും മദ്യവും കണ്ടെടുത്തു. തുടർന്നാണ് ഫ്ളാറ്റിലുണ്ടായിരുന്ന പ്രഞ്ജാല്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രഞ്ജാല്‍ ഉള്‍പ്പെടെ അഞ്ച് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് കസ്റ്റഡിയിലുള്ളതെന്ന് പൂണെ പോലീസ് കമ്മീഷണർ അമിതേഷ് കുമാർ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. പ്രഞ്ജാല്‍ അടക്കമുള്ളവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, പോലീസ് റെയ്ഡിനെക്കുറിച്ച് അല്പസമയം മുൻപാണ് അറിഞ്ഞതെന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാൻ ശ്രമിക്കുകയാണെന്നുമാണ് ഏക്നാഥ് ഖഡ്സെ പ്രതികരിച്ചത്.
നിലവിലെ രാഷ്ട്രീയസംഭവവികാസങ്ങള്‍ കാരണം ഇങ്ങനയൊന്ന് സംഭവിക്കുമോയെന്ന് സംശയിച്ചിരുന്നു. പക്ഷേ, ഞാൻ തെറ്റായ കാര്യങ്ങളെ പിന്തുണയ്ക്കുന്ന ആളല്ല. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവർ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എൻസിപി(ശരദ്പവാർ) വനിതാ വിഭാഗത്തിന്റെ പ്രസിഡന്റാണ് അഡ്വ. രോഹിണി ഖഡ്സെ. രോഹിണിയുടെ ഭർത്താവ് പ്രഞ്ജാല്‍ ഖെവാല്‍ക്കർ വ്യവസായിയും നിർമാതാവുമാണ്. അടുത്തിടെ സ്വന്തം ബാനറില്‍ സംഗീത ആല്‍ബം ഉള്‍പ്പെടെ ഇദ്ദേഹം നിർമിച്ചിരുന്നു. ഒടിടി പ്ലാറ്റ്ഫോമുകളിലും സജീവമാണ്. ഇതിനുപുറമേ പഞ്ചസാര, ഊർജ വ്യവസായമേഖലകളിലും ഇവന്റ് മാനേജ്മെന്റ് രംഗത്തും പ്രവർത്തിക്കുന്ന വ്യവസായി കൂടിയാണ് പ്രഞ്ജാല്‍.