Home Featured കനത്ത മഴയും ഇടിമിന്നലും തുടരുന്നു; ഐപിഎല്‍ ഫൈനല്‍ വൈകും

കനത്ത മഴയും ഇടിമിന്നലും തുടരുന്നു; ഐപിഎല്‍ ഫൈനല്‍ വൈകും

by admin

അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണിലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-ഗുജറാത്ത് ടൈറ്റന്‍സ് ഫൈനല്‍ മഴമൂലം വൈകുകയാണ്. അഹമ്മദാബാദില്‍ കനത്ത മഴയ്‌ക്കൊപ്പം ഇടിമിന്നലും എത്തിയതാണ് മത്സരം വൈകിപ്പിച്ചത്. എന്നാല്‍ എട്ട് മണിയോടെ മഴ അവസാനിക്കുമെന്നും മൈതാനത്തെ വെള്ളം തുടച്ചുമാറ്റിയ ശേഷം എട്ടരയോടെ കളിയാരംഭിക്കാന്‍ കഴിയും എന്നുമാണ് പുതിയ കാലാവസ്ഥാ സൂചന. പ്രവചനം പോലെ സാധ്യമായാല്‍ അഹമ്മദാബാദില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും-ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള കലാശപ്പോര് 20 ഓവര്‍ വീതമുള്ള മത്സരമായി നടക്കും. അഞ്ച് ഓവര്‍ വീതമുള്ള കളിയെങ്കിലും നടക്കാതെ വന്നാല്‍ മാത്രമേ ഫൈനലിന്‍റെ കാര്യത്തില്‍ മറ്റ് തീരുമാനങ്ങളിലേക്ക് കടക്കുകയുള്ളൂ. 

മഴയ്‌ക്ക് മുമ്പ് തന്നെ ഫൈനലിനായി കാണികളെ സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ച് തുടങ്ങിയിരുന്നു. ഏഴ് മണിക്കാണ് ടോസിടേണ്ടിയിരുന്നത്. എന്നാല്‍ ടോസിന് അരമണിക്കൂറിലധികം മുമ്പ് മാത്രമാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ മഴയെത്തിയത്. തുടക്കത്തില്‍ നേരിയ മഴയായിരുന്നെങ്കിലും പിന്നീട് മഴ കനക്കുകയും ഒപ്പം ഇടിമിന്നല്‍ കൂടുകയുമായിരുന്നു. മഴയ്‌ക്ക് മുമ്പ് തന്നെ പിച്ച് പൂര്‍ണമായും മൂടിയിരുന്നു. മഴയ്‌ക്കും ഇടിക്കുമൊപ്പം കനത്ത കാറ്റും അഹമ്മദാബാദില്‍ വീശിയടിക്കുന്നതായാണ് അവിടെ നിന്നുള്ള വീഡിയോകള്‍ വ്യക്തമാക്കുന്നത്. ഇന്ന് വൈകിട്ട് അഹമ്മദാബാദില്‍ മഴയും കാറ്റും ഇടിമിന്നലുമുണ്ടാകുമെന്ന് ഇന്നലെ തന്നെ കാലാവസ്ഥാ പ്രവചനമുണ്ടായിരുന്നു. 

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വിശിഷ്‌ടാതിഥികള്‍ അടക്കം ഒരുലക്ഷത്തിലധികം പേരാണ് ഫൈനല്‍ വീക്ഷിക്കാനെത്തുന്നത്. ഇന്ന് ഉച്ചതിരിഞ്ഞ് ആയിരക്കണക്കിന് ആരാധകര്‍ സ്റ്റേഡിയത്തിന് പരിസരത്ത് എത്തിയിരുന്നു. ഗുജറാത്ത് ടൈറ്റന്‍സ് ഹോം ടീമാണെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ആരാധകരാണ് ഫൈനല്‍ കാണാന്‍ കൂടുതലായും എത്തിയിരിക്കുന്നത്. സിഎസ്‌കെയുടേയും എം എസ് ധോണിയുടേയും ചാന്‍റുകള്‍ മുഴക്കിയാണ് ആരാധകരില്‍ അധികവും സ്റ്റേഡിയത്തിലെത്തിയത്. കലാശപ്പോരില്‍ മുഖാമുഖം വരുന്ന ഗുജറാത്ത് ടൈറ്റന്‍സ് നിലവിലെ ചാമ്പ്യന്‍മാരും സിഎസ്‌കെ നാല് തവണ കിരീടം നേടിയവരുമാണ്. സിഎസ്‌കെ ക്യാപ്റ്റന്‍ എം എസ് ധോണിയാണ് ഫൈനലിന്‍റെ പ്രധാന ആകര്‍ഷണം. 

You may also like

error: Content is protected !!
Join Our WhatsApp Group