ബെംഗളൂരു : ഭാരമേറിയ വലിയ ചരക്കു ലോറികള്‍ക്ക് കുടക് ജില്ലയില്‍ നിരോധനം ഏര്‍പ്പെടുത്തി. കാലവര്‍ഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിലാണ് ജൂണ്‍ 23 മുതല്‍ ഒന്നര മാസത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ജൂണ്‍ 23 മുതല്‍ ആഗസ്റ്റ് 16 വരെയാണ് നിയന്ത്രണം. കനത്ത മഴയെ തുടര്‍ന്നുണ്ടാകുന്ന മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും കണക്കിലെടുത്തും റോഡുകളുടെ അവസ്ഥ കണക്കിലെടുത്തുമാണ് മുന്‍കരുതലായി വലിയ ലോറികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതെന്ന് ഡെപ്യൂട്ടി കമീഷണര്‍ ചാരുലത സോമല്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
നിശ്ചിത ഭാരത്തിന് മുകളിലുള്ള ചരക്ക് നീക്കത്തിനാണ് നിരോധനം. മരം, മണല്‍, മറ്റു ചരക്കുവസ്തുക്കള്‍ തുടങ്ങിയവ ഉള്‍പ്പെടെ 16,200 കിലോയോ അതിന് മുകളിലോ ഭാരവുമായി പോകുന്ന ട്രക്കുകള്‍ക്കും വലിയ ലോറികള്‍ക്കുമാണ് നിരോധനം ബാധകമാകുക. കാര്‍ഗോ കണ്ടെയ്നര്‍ ലോറികള്‍, മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ തുടങ്ങിയവക്കും നിരോധനമുണ്ടാകും.