ബെംഗളൂരു: കൃത്രിമനിറങ്ങള്‍ ചേര്‍ത്ത പഞ്ഞിമിഠായിയും ഗോപി മഞ്ചൂരിയനും കര്‍ണാടകയില്‍ നിരോധനം . ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന കൃത്രിമ നിറങ്ങളായ റൊഡാമിന്‍-ബി, ടാര്‍ട്രാസിന്‍ പോലെയുള്ളവ ചേര്‍ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക ആരോഗ്യ മന്ത്രാലയം വില്‍പന പഞ്ഞിമിഠായിയുടെയും മഞ്ചൂരിയന്റെയും വില്‍പ്പന നിരോധിച്ചത്.
ആരോഗ്യമന്ത്രാലയം നടത്തിയ പരിശോധനയില്‍ പഞ്ഞിമിഠായിയിലും ഗോപി മഞ്ചൂരിയനിലും 107-ഓളം കൃത്രിമ നിറങ്ങള്‍ ചേര്‍ക്കുന്നതായി കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പരിശോധനയ്ക്കായി വിവിധ ഭക്ഷണശാലകളില്‍ നിന്ന് 171-ഓളം സാംപിളുകളാണ് ശേഖരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരെങ്കിലും ഈ ഭക്ഷ്യവസ്തുക്കള്‍ വില്‍പന നടത്തിയാല്‍ ഏഴു വര്‍ഷം ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും റസ്റ്ററന്റുകളുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം പ്രകൃതിദത്തമായ വെള്ള പഞ്ഞിമിഠായി വില്‍ക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തെ തമിഴ്‌നാടും പുതുച്ചേരിയും പഞ്ഞിമിഠായി നിരോധിച്ചിരുന്നു. അര്‍ബുദത്തിന് കാരണമാകുന്ന, വസ്ത്രങ്ങള്‍ക്ക് നിറം നല്‍കാന്‍ ഉപയോഗിക്കുന്ന റൊഡാമിന്‍-ബിയാണ് പഞ്ഞിമിഠായിക്ക് നിറം നല്‍കാന്‍ ഉപയോഗിക്കുന്നതെന്ന് ഗിണ്ടിയിലെ സര്‍ക്കാര്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.