ബെംഗളൂരുവിലെ ചെറുപ്പക്കാരില്‍ പക്ഷാഘാതം ഉണ്ടാകുന്ന കേസുകള്‍ കുത്തനെ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.ഒരു കാലത്ത് പ്രായമായവരെ കൂടുതലായി ബാധിച്ചിരുന്ന പക്ഷാഘാതം ഇപ്പോള്‍ മുപ്പതുകളിലും നാല്‍പതുകളിലും ഇടയിലുള്ള ചെറുപ്പക്കാരെ വ്യാപകമായി ബാധിക്കുകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പക്ഷാഘാതത്തിന്റെ കേസുകളും ലക്ഷണങ്ങളുമായി ആശുപത്രിയില്‍ എത്തുന്ന ചെറുപ്പക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതായി ആശുപത്രികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.നഗരത്തിലെ എട്ട് ആശുപത്രികളിലെ കണക്കെടുത്താണ് ഡെക്കാന്‍ ഹെറാള്‍ഡിന്റെ ഈ റിപ്പോര്‍ട്ട്.
അഞ്ചു വര്‍ഷം മുമ്ബ് പക്ഷാഘാതം ബാധിച്ചവരില്‍ 10 ശതമാനം യുവാക്കള്‍ ആയിരുന്നുവെങ്കില്‍ ഇപ്പോഴത് 20 ശതമാനത്തോളമായി ഉയര്‍ന്നു. ഇതില്‍ ഏറ്റവും ആശങ്കപ്പെടുത്തുന്ന കണ്ടെത്തല്‍ 30 വയസില്‍ താഴെയുള്ള ചെറുപ്പക്കാരിലും പക്ഷാഘാത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.പക്ഷാഘാതം പ്രായമായവരില്‍ മാത്രമായി ഒതുങ്ങുന്നില്ല. ബെംഗളൂരു പോലുള്ള വലിയ നഗരങ്ങളില്‍ മുപ്പതുകളിലും നാല്‍പതുകളുടെ തുടക്കത്തിലുമുള്ള ചെറുപ്പക്കാരുടെ തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുന്ന സംഭവങ്ങള്‍ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
മസ്തിഷ്‌കത്തിലേക്കുള്ള രക്തപ്രവാഹം തടസപ്പെട്ട് തലച്ചോറിന്റെ ഒരു ഭാഗം പ്രവര്‍ത്തനരഹിതമാകുന്ന ഗുരുതരമായ അവസ്ഥയാണ് പക്ഷാഘാതം. ജീവിത ശൈലിയിലെ മാറ്റങ്ങള്‍ തന്നെയാണ് നഗരപ്രദേശങ്ങളിലെ യുവാക്കളില്‍ സ്‌ട്രോക്ക് വര്‍ധിക്കാന്‍ കാരണം. ഉദാസീനമായ ജീവിതശൈലി, ജോലി സ്ഥലത്തെയും കുടുംബത്തിനുള്ളിലെയും അമിതമായ സമ്മര്‍ദങ്ങള്‍, പുകവലി, മദ്യപാനം തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് ചെറുപ്പക്കാരില്‍ നേരത്തെ തന്നെ ഹൈപ്പര്‍ ടെന്‍ഷന്‍, പ്രമേഹം എന്നിവ ബാധിക്കാന്‍ ഇടയായിട്ടുണ്ട്.
ഇതുകൂടാതെ ഉയര്‍ന്ന കൊളസ്‌ട്രോള്‍, പൊണ്ണത്തടി, പ്രമേഹം, ഉറക്കത്തിലെ പ്രശ്‌നങ്ങള്‍, മയക്കുമരുന്ന് ഉപയോഗം എന്നിവ പക്ഷാഘാതത്തിലേക്കു നയിക്കുന്ന ഘടകങ്ങളാണ്. 55 വയസിന് താഴെയുള്ളവരില്‍ പക്ഷാഘാത സാധ്യത 67 ശതമാനം വര്‍ധിച്ചതായി പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.ബെംഗളൂരുവിലെ നഗരപ്രദേശങ്ങളില്‍ യുവാക്കള്‍ക്കിടയില്‍ പക്ഷാഘാതം വര്‍ദ്ധിക്കാന്‍ മറ്റു ചില കാരണങ്ങളുമുണ്ട്.
ദീര്‍ഘനേരമുള്ള ഐടി ജോലി, ശരിയായ ഉറക്കം ലഭിക്കാത്തത്, ആരോഗ്യകരമല്ലാത്ത ഭക്ഷണക്രമം, ജോലി സംബന്ധമായ സമ്മര്‍ദങ്ങള്‍, ദീര്‍ഘനേരമുള്ള യാത്ര എന്നിവയൊക്കെ ചെറുപ്പക്കാരില്‍ പക്ഷാഘാത സാധ്യത വര്‍ധിപ്പിക്കുന്നു.ലക്ഷണങ്ങള്‍ പ്രകടമാകുന്നതു വരെ കാത്തിരിക്കാതെ യുവാക്കള്‍ എല്ലാ വര്‍ഷവും പരിശോധനയ്ക്ക് വിധേയരാകണം എന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.
പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുക. ജീവിത ശൈലിയില്‍ മാറ്റം കൊണ്ടുവരിക. പുകവലിയും മദ്യപാനവും പൂര്‍ണമായി ഉപേക്ഷിക്കുകയും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുകയും ചെയ്യണം. ഇതു കൂടാതെ ജോലി സ്ഥലങ്ങളിലെ സമ്മര്‍ദം കുറച്ച് ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും പിന്തുടരുകയും വേണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.