കർണാടകയിലെ ഹാവേരിയിൽ നിന്നുള്ള പച്ചക്കറി വ്യാപാരക്കാരനെ തേടിയെത്തിയത് 29 ലക്ഷം രൂപയുടെ നികുതി നോട്ടീസ്. കര്‍ണാടകയിലെ ഹവേരിയില്‍ നിന്നുള്ള കച്ചവടക്കാരനായ ശങ്കർഗൗഡ ഹാദിമാനിക്കാണ് നോട്ടീസ് ലഭിച്ചത്.കഴിഞ്ഞ നാല് വർഷമായി ശങ്കർഗൗഡ പച്ചക്കറികൾ വിൽക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മിക്ക ഉപഭോക്താക്കളും യുപിഐ അല്ലെങ്കിൽ മറ്റ് ഡിജിറ്റൽ ഇടപാടുകൾ വഴിയാണ് പണമടയ്ക്കുന്നത്. നാല് വർഷത്തിനുള്ളിൽ 1.63 കോടി രൂപയുടെ ഇടപാടുകൾ നടത്തിയെന്നും ഇപ്പോൾ 29 ലക്ഷം രൂപ ജിഎസ്ടി കുടിശ്ശികയുണ്ടെന്നും അവകാശപ്പെട്ട് ജിഎസ്ടി ഉദ്യോഗസ്ഥർ അദ്ദേഹത്തിന് നോട്ടീസ് അയച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.
എല്ലാ വർഷവും താൻ ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുകയും ശരിയായ രേഖകൾ സൂക്ഷിക്കുകയും ചെയ്യാറുണ്ടെന്നും എങ്ങനെയാണ് തനിക്ക് 29 ലക്ഷം രൂപ നൽകാൻ കഴിയുകയെന്നും അദ്ദേഹം ചോദിക്കുന്നു. ക്ലിയർടാക്സ് അനുസരിച്ച്, ഒരു വിൽപ്പനക്കാരൻ കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറികൾ വാങ്ങി പുതിയതും സംസ്കരിക്കാത്തതുമായ പച്ചക്കറികൾ വിൽക്കുകയാണെങ്കിൽ, അതിന് ജിഎസ്ടി ഇല്ല. വാര്‍ഷിക യുപിഐ വിറ്റുവരവ് 40 ലക്ഷം രൂപയില്‍ കൂടുതലുള്ള വ്യാപാരികള്‍ക്ക് നോട്ടീസ് നല്കാന് വാണിജ്യ നികുതി വകുപ്പ് തീരുമാനിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് വ്യാപാരികള്‍ക്ക് നോട്ടീസ് ലഭിച്ചു തുടങ്ങിയത്.നോട്ടീസുകൾ അയച്ചതിനുശേഷം, ശങ്കർഗൗഡയെപ്പോലുള്ള നിരവധി ചെറുകിട വ്യാപാരികൾ യുപിഐ സ്വീകരിക്കുന്നത് നിർത്തി. അതേസമയം പണം മാത്രം ഉപയോഗിച്ചുള്ള വിൽപ്പനയ്ക്കെതിരെ വ്യാപാരികൾക്ക് വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. യുപിഐ വഴിയോ പണമായോ ലഭിക്കുന്ന മൊത്തം പണത്തിന് നികുതി ബാധകമാകമാണെന്ന് വകുപ്പ് മുന്നറിയിപ്പ് നൽകി. വ്യാപാരികൾ അവരുടെ യഥാർത്ഥ വരുമാനം മറച്ചുവെക്കാൻ ശ്രമിച്ചാൽ നികുതി ഈടാക്കാൻ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.