ബംഗളൂരു: ഹാവേരി ജില്ലയിലെ ഹനഗലില്‍ ഈ മാസം എട്ടിന് യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന പരാതിയിലെ പ്രതികളില്‍ ആരോടും സര്‍ക്കാര്‍ മൃദുസമീപനം സ്വീകരിക്കുകയോ കേസില്‍നിന്ന് ഒഴിവാക്കുകയോ ചെയ്യില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
സംഭവസ്ഥലം സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംഭവത്തില്‍ ആറ് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്. പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിക്കേണ്ട ആവശ്യമില്ല.
എസ്.ഐ.ടി നിയോഗിച്ചാലും കര്‍ണാടക പൊലീസ് തന്നെയാണല്ലോ അന്വേഷണം നടത്തുക. നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരയായ യുവതിയും ആക്രമികളും ന്യൂനപക്ഷ വിഭാഗത്തില്‍ പെട്ടവരായതിനാല്‍ സര്‍ക്കാര്‍ സംഭവം ലഘുവായി കാണുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ബി.വൈ. വിജയേന്ദ്രയും മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും പറഞ്ഞിരുന്നു. അന്വേഷണം എസ്.ഐ.ടിക്ക് കൈമാറണമെന്നും ഇരുവരും ആവശ്യപ്പെട്ടു.