Home Featured ഹാവേരി കൂട്ടബലാത്സംഗം: സി.ഐക്കും കോണ്‍സ്റ്റബിളിനും സസ്പെൻഷൻ; അറസ്റ്റിലായവരുടെ എണ്ണം എട്ടായി

ഹാവേരി കൂട്ടബലാത്സംഗം: സി.ഐക്കും കോണ്‍സ്റ്റബിളിനും സസ്പെൻഷൻ; അറസ്റ്റിലായവരുടെ എണ്ണം എട്ടായി

by admin

ഹാവേരി (കര്‍ണാടക): ആര്‍.ടി.സി ബസ് ഡ്രൈവര്‍ക്കൊപ്പം ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ പൊലീസ് ഇൻസ്പെക്ടര്‍ക്കും കോണ്‍സ്റ്റബിളിനും സസ്പെൻഷൻ.

കൃത്യനിര്‍വഹണ വീഴ്ചയും അന്വേഷണത്തിലെ കാലതാമസവുമാണ് നടപടിക്കാധാരം. ഹനഗല്‍ പൊലീസ് ഇൻസ്പെക്ടര്‍ എസ്.ആര്‍.ശ്രീധര്‍, കോണ്‍സ്റ്റബിള്‍ ഇല്യാസ് ശേതസനദി എന്നിവരെയാണ് ജില്ല പൊലീസ് സൂപ്രണ്ട് അൻഷു കുമാര്‍ സസ്പെൻഡ് ചെയ്തത്. ഹാവേരി ജില്ലയിലെ ഹനഗലില്‍ ഈ മാസം എട്ടിനായിരുന്നു സംഭവം.

ഇതുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. അക്കി അലുര്‍ സ്വദേശി മഫീദ് ഒണികേരിയാണ്(23) അറസ്റ്റിലായത്. മദരസാബ് മണ്ഡകിയിലെ അഫ്താബ് ചന്ദനക്കട്ടി(24), അക്കി അലുറിലെ അബ്ദുല്ല ഖാദര്‍ (25), ജാഫര്‍ ഹഞ്ചിമണി(22), അക്കി അലുര്‍ സ്വദേശികളായ ഇംറാൻ ബഷീര്‍ ജെക്കിനക്കട്ടി(23), റേഹൻ ഹുസൈൻ (19), സാദിഖ് ബാബുസാബ് അഗസിമണി(29), ശുഐബ് മുല്ല (19) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഈ മാസം എട്ടിനാണ് യുവതിക്ക് നേരെ അതിക്രമം നടന്നത്. യുവതിയേയും ഒപ്പമുണ്ടായിരുന്നയാളേയും ലോഡ്ജ് മുറിയില്‍ അക്രമിച്ചവര്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിനെത്തുടര്‍ന്ന് രണ്ട് ദിവസം കഴിഞ്ഞാണ് പൊലീസ് സദാചാര ഗുണ്ടായിസത്തിന് കേസ് റജിസ്റ്റര്‍ ചെയ്തത്.

സംഭവ ദിവസം ഉച്ച ഒന്നോടെ 40 കാരനായ കര്‍ണാടക ആര്‍.ടി.സി ബസ് ഡ്രൈവറും 26കാരി മുസ്‌ലിം ഭര്‍തൃമതിയും ലോഡ്ജില്‍ മുറിയെടുത്തതാണ് അക്രമങ്ങളിലേക്ക് നയിച്ചത്. ഇരുവരും ഓട്ടോയില്‍ വന്നിറങ്ങിയ ഉടൻ ഡ്രൈവറുടെ മതമറിയുന്നവര്‍ ഒപ്പം പര്‍ദ്ദധാരിണിയെ കണ്ടതോടെ സന്ദേശങ്ങള്‍ കൈമാറി. ബൈക്കുകളില്‍ എത്തിയ സംഘം

ഡ്രൈവറും യുവതിയും തങ്ങിയ മുറി വാതിലില്‍ മുട്ടിയത് മുതലുള്ള രംഗങ്ങള്‍ അക്രമികള്‍ വീഡിയോയില്‍ പകര്‍ത്തി.

വാതില്‍ തുറന്നയുടൻ തെറിവിളിയും അക്രമവും തുടങ്ങി. യുവതി വസ്ത്രത്തിന് മുകളില്‍ അണിഞ്ഞ പര്‍ദ്ദ ബലമായി അഴിച്ച്‌ അവരുടെ മുഖം വെളിപ്പെടുത്താൻ അക്രമികള്‍ തുനിയുന്നതും അവര്‍ പര്‍ദ്ദയില്‍ മറക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഈ വിഡിയോ അക്രമികള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഈ മാസം 11ന് മജിസ്ട്രേറ്റ് മുമ്ബാകെ രേഖപ്പെടുത്തിയ രഹസ്യ മൊഴിയിലാണ് യുവതി കൂട്ട ബലാത്സംഗം സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്. ലോഡ്ജില്‍ നിന്ന് ബൈക്കില്‍ കയറ്റിയ തന്നെ വനമേഖലയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് മൊഴി.

ഇതേത്തുടര്‍ന്ന് പൊലീസ് 376ഡി (കൂട്ട ബലാത്സംഗം) പ്രകാരം കേസെടുക്കുകയായിരുന്നു. അതിജീവിതയായ യുവതി ഇപ്പോള്‍ വനിത-ശിശു ക്ഷേമ വകുപ്പിന്റെ മന്ദിരത്തില്‍ കഴിയുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group