ബെംഗളൂരു: ഹാസൻ വിമാനത്താവളം ഡിസംബറോടെ പ്രവർത്തനസജ്ജമാകുമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ.എൻ. രാജണ്ണ പറഞ്ഞു. 70 ശതമാനം നിർമാണംപൂർത്തിയായി. മലയോരജില്ലയായ ഹാസനിൽ വികസനക്കുതിപ്പാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വിമാനത്താവളം മൂന്ന് വർഷംമുമ്പാണ് നിർമാണം തുടങ്ങിയത്. റൺവേയുൾപ്പെടെ 200 കോടി രൂപ ചെലവിലാണ് നിർമാണം. ഒട്ടേറെ വിനോദസഞ്ചാരകേന്ദ്രങ്ങൾ ഹാസനിലുണ്ട്. വിമാനത്താവളം വരുന്നതോടെ കൂടുതൽ സഞ്ചാരികൾ ജില്ലയിലേക്ക് എത്തുമെന്നാണ് കരുതുന്നത്.
ബെലഗാവി ജില്ലയെ മൂന്നായിവിഭജിക്കാൻ ആലോചന
ബെംഗളൂരു: വടക്കൻ കർണാടകത്തിലെ ബെലഗാവി ജില്ലയെ മൂന്നായി വിഭജിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നു. ബെലഗാവിക്ക് പുറമെ ഗോഗക്, ചിക്കോടി എന്നിവ ആസ്ഥാനമാക്കി രണ്ടുജില്ലകൾകൂടി രൂപവത്കരിക്കാനാണ് ആലോചന. കർണാടകത്തിലെ ഏറ്റവും വലിയജില്ലയായ ബെലഗാവിയുടെ ഭരണനിർവഹണം എളുപ്പമാക്കാനാണിത്.
അടുത്തിടെ മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ചുചേർത്ത വടക്കൻകർണാടകത്തിലെ എം.എൽ.എ.മാരുടെ യോഗത്തിലാണ് ഈ ആശയമുയർന്നത്. ബെലഗാവി ജില്ല വിഭജിക്കേണ്ടതിന്റെ ആവശ്യം പല എം.എൽ.എ.മാരും യോഗത്തിലുന്നയിച്ചു. നിർദേശങ്ങൾ സർക്കാർ ഗൗരവമായി പരിഗണിച്ചുവരികയാണെന്ന് ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളി പറഞ്ഞു.
ഭരണസൗകര്യത്തിനായി ജില്ല വിഭജിക്കണമെന്ന ആവശ്യം വർഷങ്ങൾക്കു മുമ്പേ ഉയരുന്നതാണ്. ചില പ്രാദേശിക സംഘടനകൾ എതിർപ്പുയർത്തുന്നതാണ് തടസ്സം. 13,500 ചതുരശ്ര കിലോമീറ്ററാണ് ബെലഗാവി ജില്ലയുടെ വിസ്തീർണം. ജനസംഖ്യയിൽ ബെംഗളൂരു അർബന്‍ പിന്നിൽ രണ്ടാംസ്ഥാനത്താണ്. 54 ലക്ഷം ജനങ്ങൾ ജില്ലയിലുണ്ടെന്നാണ് കണക്ക്.