മൈസൂരു റെയില്‍വേ സ്റ്റേഷനില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ആർപിഎഫ് സമയോചിതമായി ഇടപെട്ടതോടെ കുട്ടിയെ രക്ഷിക്കാനായി.കുട്ടിയെ തട്ടിയെടുത്ത 52കാരിയായ നന്ദിനിയെ അറസ്റ്റ് ചെയ്തു. പ്ലാറ്റ്ഫോമില്‍ അമ്മയ്ക്കൊപ്പം ഉറങ്ങി കിടന്ന ആറ് മാസം പ്രായമുള്ള കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്ന് രാവിലെ 5.20നായിരുന്നു സംഭവം. സമീപം കിടന്നിരുന്ന മറ്റൊരു കുട്ടി ഈ സമയം ഉണർന്നതോടെയാണ് ഇളയ കുഞ്ഞിനെ കാണാനില്ലെന്ന വിവരം അമ്മയറിഞ്ഞത്.

ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ ആർപിഎഫ് ഉദ്യോഗസ്ഥർ സമയോചിതമായി ഇടപെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഒരു സ്ത്രീ സബ്‍വേയിലൂടെ ആറാം നമ്ബർ പ്ലാറ്റ്ഫോമിലേക്ക് പോകുന്നത് കണ്ടു. 6 മണിക്ക് ഹാസനിലേക്കുള്ള ട്രെയിനില്‍ പോകാനുള്ള ഇവരുടെ നീക്കം അതിവേഗം എത്തിയ ഉദ്യോഗസ്ഥർ തടഞ്ഞു. കുഞ്ഞിനെ വീണ്ടെടുത്തു. ഹാസൻ സ്വദേശിയായ നന്ദിനിയാണ് ഇവരെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ നന്ദിനിയെ റിമാൻഡ് ചെയ്തു.
 
