Home Featured ‘ആർആർആർ’ അല്ല; ഇന്ത്യയുടെ ഓസ്കർ എൻട്രിയായി ഗുജറാത്തി ചിത്രം

‘ആർആർആർ’ അല്ല; ഇന്ത്യയുടെ ഓസ്കർ എൻട്രിയായി ഗുജറാത്തി ചിത്രം

95-ാമത് അക്കാദമി അവാർഡിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രി പ്രഖ്യാപിച്ചു. ഗുജറാത്തി ചിത്രം ചെല്ലോ ഷോ ആണ് നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.വരുന്ന ഓസ്കർ പുരസ്കാരങ്ങളിലെ മികച്ച അന്തർദേശീയ ചിത്രത്തിനുള്ള മത്സരത്തിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചിത്രം മത്സരിക്കുക. കമിംഗ് ഓഫ് ഏജ് ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണിത്.

എസ് എസ് രാജമൌലിയുടെ ആർആർആർ, വിവേക് അഗ്നിഹോത്രിയുടെ ദ് കശ്മീർ ഫയൽസ് തുടങ്ങിയ ചിത്രങ്ങളൊക്കെ ഇന്ത്യയുടെ ഓസ്കർ എൻട്രിയാവാനുള്ള സാധ്യതകളെക്കുറിച്ച് സിനിമാപ്രേമികൾക്കിടയിൽ കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചകൾ നടന്നിരുന്നു. വെറൈറ്റി ഉൾപ്പെടെയുള്ള വിദേശ മാധ്യമങ്ങളുടെ ഓസ്കർ പ്രെഡിക്ഷൻ ലിസ്റ്റിലും ആർആർആർ ഇടംപിടിച്ചിരുന്നു.പാൻ നളിൻ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചിത്രമാണ് ചെല്ലോ ഷോ.

അവസാന സിനിമാ പ്രദർശനം എന്നാണ് ഈ പേരിന്റെ അർഥം. സംവിധായകന്റെ ആത്മകഥാംശമുള്ള ചിത്രം സമയ് എന്ന ഒൻപത് വയസുകാരൻ ആൺകുട്ടിയുടെ സിനിമയുമായുള്ള ബന്ധത്തെക്കുറിച്ചാണ്. ഭവിൻ രബാരിയാണ് സമയ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഭവേഷ് ശ്രീമലി, റിച്ച മീണ, ദീപൻ റാവൽ, പരേഷ് മെഹ്ത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.2021 ലെ ട്രിബേക്ക ഫിലിം ഫെസ്റ്റിവലിൽ പ്രീമിയർ ചെയ്യപ്പെട്ട ചിത്രം സ്പെയിനിലെ വല്ലഡോലിഡ് അന്തർദേശീയ ചലച്ചിത്രോത്സവത്തിൽ ഗോൾഡൻ സ്പൈക്ക് പുരസ്കാരം നേടിയിരുന്നു.

സ്വപ്നിൽ എസ് സോണാവാനെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ശ്രേയസ് ബെൽ തംഗ്ഡി, പവൻ ഭട്ട് എന്നിവരാണ്. ല്ലോ ഷോ എൽഎൽപി, മൺസൂൺ ഫിലിംസ്, ജുഗാഡ് മോഷൻ പിക്ചേഴ്സ് എന്നീ ബാനറുകളിൽ പാൻ നളിൻ, ധീർ മോമയ, മാർക് ദുവാലെ എന്നിവർ ചേർന്നാണ് നിർമ്മാണം. വിനോദ്രാജ് പി എസ് സംവിധാനം ചെയ്ത തമിഴ് ചിത്രം കൂഴങ്കൽ ആയിരുന്നു ഇന്ത്യയുടെ കഴിഞ്ഞ വർഷത്തെ ഓസ്കർ ഔദ്യോഗിക എൻട്രി.

You may also like

error: Content is protected !!
Join Our WhatsApp Group