Home Uncategorized കർണാടകയില്‍ ബിജെപിയെ അട്ടിമറിച്ച് കോണ്‍ഗ്രസ്: തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം

കർണാടകയില്‍ ബിജെപിയെ അട്ടിമറിച്ച് കോണ്‍ഗ്രസ്: തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം

by admin

ബെംഗളൂരു: കർണാടകയിലെ തദ്ദേശ സ്വംയഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാർട്ടിക്ക് മികച്ച മുന്നേറ്റം. ഡിസംബർ 27 ന് നടന്ന വോട്ടെടുപ്പ് ഫലമാണ് ഇന്ന് പുറത്ത് വന്നിരിക്കുന്നത്. ആകെ 1184 വാർഡുകളുള്ള 58 നഗര തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 1184 സീറ്റുകളിൽ കോൺഗ്രസ് 498, ബി ജെ പി 437, ജെ ഡി എസ് 45, മറ്റുള്ളവർ 204 എന്നിങ്ങനെയാണ് വിജയിച്ച സീറ്റുകളുടെ എണ്ണം.

വോട്ട് വിഹിതത്തിലും കോണ്‍ഗ്രസാണ് മുന്നില്‍. കോൺഗ്രസ് 42.06 ശതമാനം, ബി ജെ പി 36.90 ശതമാനം, ജെ ഡി എസ് 3.8 ശതമാനം, മറ്റുള്ളവർ 17.22 ശതമാനം എന്നിങ്ങനെയാണ് വോട്ടുവിഹിത കണക്ക്.166 സിറ്റി മുനിസിപ്പൽ കൗൺസിൽ വാർഡുകളിൽ കോൺഗ്രസ് 61, ബി ജെ പി 67, ജെ ഡി എസ് 12, മറ്റുള്ളവർ 26 എന്നിങ്ങനെയാണ് വിജയനില. 441 ടൗൺ മുനിസിപ്പൽ കൗൺസിൽ വാർഡുകളിലും കോണ്‍ഗ്രസ് മുന്നേറ്റം വ്യക്തമാണ്. കോൺഗ്രസിന് 201, ബി ജെ പി 176, ജെ ഡി എസ് 21 സീറ്റുകള്‍ നേടി. പട്ടണ പഞ്ചായത്തിലെ 588 വാർഡുകളിൽ കോൺഗ്രസ് 236 സീറ്റുകള്‍ നേടിയപ്പോള്‍ ബി ജെ പി 194 സീറ്റിലും ജെ ഡി എസ് 12, മറ്റുള്ളവർ 135 വാർഡുകളിലും വിജയിച്ചു.

തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ബി ജെ പിയെ പരിഹസിച്ച് കർണാടക പി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാർ രംഗത്ത് എത്തി. തിരഞ്ഞെടുപ്പ് ഫലം 2024 ലെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ചൂണ്ടുപലകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. കോണ്‍ഗ്രസിന് വോട്ട് ചെയ്തവർക്ക് പി സി സി അധ്യക്ഷന്‍ അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. ‘ പ്രാദേശിക തെരഞ്ഞെടുപ്പിന്റെ ഫലം വെറും ട്രെയിലർ മാത്രമാണ്’- അദ്ദേഹം പറഞ്ഞു.ഹഗരിബൊമ്മനഹില്ലി, അന്നഗെരി, കുറുകോട്, കക്കറ, ബങ്കപുര, മലേബെന്നൂർ തുടങ്ങിയ കോർപ്പറേഷനുകളില്‍ കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചപ്പോള്‍ ചന്ദാപുര, കേംഭാവി, മുഗൽഖോഡ, കാപ്പ്, ഹരോഗേരി എന്നിവിടങ്ങളില്‍ ബി ജെ പിക്കും ബിദാദിയില്‍ ജെ ഡി എസിനും മേല്‍ക്കൈ ലഭിച്ചു. ഉഗാരകുർദ്ദു, കരേക്കുപ്പ, കാരടഗി എന്നിവിടങ്ങളില്‍ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ല.

58 മുനിസിപ്പാലിറ്റി, വിവിധ മുനിസിപ്പാലിറ്റികളിലേയും 57 ഗ്രാമപഞ്ചായത്തുകളിലേയും 9 വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് എന്നിവയാണ് നടന്നത്. നേരത്തെ നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച സംസ്ഥാ നിയമസഭാ കൌണിസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നു.പ്രതിപക്ഷത്തായിരുന്നിട്ട് പോലും ബി ജെ പിക്ക് ഒപ്പം പിടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. കൗണ്‍സിലിലെ 25 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 11 സീറ്റുകളില്‍ വീതം കോണ്‍ഗ്രസും ബി ജെ പിയും വിജയിച്ചു. ദള്‍ 2, സ്വതന്ത്രന്‍ 1 എന്നിങ്ങനെയാണ് മറ്റു വിജയങ്ങള്‍. ഇതോടെ ആകെ ബിജെപി അംഗബലം 32ല്‍ നിന്ന് 37 ആയി. കോണ്‍ഗ്രസ് 26, ദള്‍ 10 എന്നിങ്ങനെയാണ് കൌണിസിലിലെ നിലവിലെ അംഗബലം.

You may also like

error: Content is protected !!
Join Our WhatsApp Group