മുറിവ് ഗാനത്തിനെതിരെ സൈബർ ആക്രമണങ്ങള്‍ ശക്തമായതിന് പിന്നാലെ പാട്ടിന്റെ വരികള്‍ സ്വന്തം അനുഭവമാണെന്ന് തുറന്ന് പറഞ്ഞ് ഗായിക ഗൗരി ലക്ഷ്മി.
എട്ടുവയസിലോ പത്തുവയസിലോ എക്സപീരിയന്‍സ് ചെയ്തപ്പോള്‍ ബസില്‍ പോകുന്ന സമയത്ത് താന്‍ ഇട്ട വസ്ത്രം പോലും തനിക്കോര്‍മയുണ്ടെന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗൗരി വ്യക്തമാക്കിയത്. കുഞ്ഞായിരിക്കുമ്ബോള്‍ താൻ ഒരു പൊതു ഇടത്തില്‍ വെച്ച് നേരിട്ട അനുഭവത്തെ കുറിച്ചാണ് ഗൗരി ലക്ഷ്മി വെളിപ്പെടുത്തിയത്.
ഗൗരി ലക്ഷ്‌മിയുടെ വാക്കുകള്‍
എട്ടുവയസിലോ പത്തുവയസിലോ എക്സപീരിയന്‍സ് ചെയ്തപ്പോള്‍ ബസില്‍ പോകുന്ന സമയത്ത് ഞാന്‍ ഇട്ട വസ്ത്രം പോലും എനിക്കോര്‍മയുണ്ട്. മുറിവ് എന്‍റെ പേഴ്സണല്‍ എക്സ്പീരിയന്‍സാണ്, അതില്‍ ആദ്യം പറയുന്ന എട്ടുവയസ് എന്‍റെ പേഴ്സണല്‍ എക്സ്പീരിയന്‍സാണ്, 22 വയസ് എന്‍റെ പേഴ്സണല്‍ എക്സ്പീരിയന്‍സാണ്. ഞാന്‍ അനുഭവിച്ചത് മാത്രമേ എഴുതിയിട്ടുള്ളൂ. അല്ലാതെ ഞാന്‍ വേറെ കഥ സങ്കല്‍പ്പിച്ച് എഴുതിയത് അല്ല.
അന്ന് ഇട്ട ഡ്രസ് പോലും എനിക്ക് ഓര്‍മ്മയുണ്ട്. ചുവപ്പും വെള്ളയും നീലയും ഉള്ള പാവടയും സ്ലീവ്ലെസായ മഞ്ഞയും ചുവപ്പ് ഉള്ള ടോപ്പുമാണ് ഞാന്‍ ഇട്ടിരിക്കുന്നത്. നല്ല തിരക്കുള്ള ബസ് ആയിരുന്നു. തിരക്കുണ്ട് എന്ന് പറഞ്ഞാണ് അമ്മ ബസിലെ സീറ്റിലേക്ക് എന്നെ കയറ്റി നിര്‍ത്തിയത്. എന്‍റെ അച്ഛനെക്കാള്‍ പ്രായമുള്ള ഒരാളാണ് പിന്നില്‍ ഇരുന്നത്. അയാളുടെ മുഖം എനിക്ക് ഓര്‍മ്മയില്ല. പക്ഷെ അയാളെ എനിക്ക് കാണാം. ഇയാളുടെ കൈ ടോപ്പ് പൊക്കി എന്‍റെ വയറിലേക്ക് കൈവരുന്നത് ഞാന്‍ അറിഞ്ഞു. ഞാന്‍ അയാളുടെ കൈ തട്ടിമാറ്റി എനിക്ക് അമ്മയുടെ അടുത്ത് പോകണം എന്ന് പറഞ്ഞ് മുന്നോട്ട് പോയി. അന്ന് അത് എനിക്ക് പറഞ്ഞ് തരാന്‍ ആരും ഇല്ലായിരുന്നു. പക്ഷെ ഇത് പ്രശ്നംപിടിച്ച പരിപാടിയാണ് എന്ന് എനിക്ക് മനസിലായി. അതായിരുന്നു എന്‍റെ അനുഭവം അത് തന്നെയാണ് പാട്ടിലും പറഞ്ഞത്.