ബെംഗളൂരു:ചിക്കോടി ഹൊരെകോഡി നന്തി പര്‍വത്തിലെ ജൈന ബസ്തിയില്‍ നിന്ന് ആചാര്യ ശ്രീ കാമകിമാരാനന്ദി മഹാരാജയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ഭൗതിക ശരീരം ചെറുകഷണങ്ങളാക്കി ഹിരെകൊഡിയിലെ ഉപയോഗമില്ലാത്ത കുഴല്‍ കിണറില്‍ തള്ളിയെന്ന കേസ് സിബിഐക്ക് കൈമാറണം എന്ന ആവശ്യം കര്‍ണാടക സര്‍കാര്‍ തള്ളി. അതിന്റെ ആവശ്യം ഇല്ലെന്നും പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച കര്‍ണാടക പൊലീസ് തന്നെ തുടരന്വേഷണം നടത്തുമെന്നും ആഭ്യന്തര മന്ത്രി ഡോ. ജി പരമേശ്വര പറഞ്ഞു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സത്യഗ്രഹത്തിന് ഒരുങ്ങിയ കര്‍ണാടകയിലെ പ്രമുഖ ജൈന സന്യാസി ഗുണധാരാനന്ദി മുനി മഹാരാജയെ തിങ്കളാഴ്ച അദ്ദേഹത്തിന്റെ ആശ്രമത്തില്‍ സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി സര്‍കാര്‍ നിലപാട് പ്രഖ്യാപിച്ചത്. കിരാതമായ സംഭവമാണ് കൊലപാതകം. എന്നാല്‍ അതിനെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമത്തിലാണ് ബിജെപി എന്ന് മന്ത്രി ആരോപിച്ചു. ഹീന നീക്കമാണത്. ഇതുവരെ കര്‍ണാടക നിയമസഭ പ്രതിപക്ഷ നേതാവിനെപ്പോലും കണ്ടെത്താന്‍ ആ പാര്‍ടിയിലെ ശൈഥില്യം കാരണം കഴിയുന്നില്ലെന്നും ജൈന ആചാര്യ വധക്കേസ് അന്വേഷണം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണെന്നും പരമേശ്വര പറഞ്ഞു.
സിബിഐക്ക് കൈമാറണം എന്ന ആവശ്യവുമായി ബിജെപി കര്‍ണാടക അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ എം.പി, കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി എന്നിവര്‍ രംഗത്തുണ്ട്. സിബിഐക്ക് കൈമാറണമെന്ന ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുമ്ബാകെ ഉന്നയിക്കും എന്നും ജോഷി പറയുന്നുണ്ട്. കാര്‍ക്കളയില്‍ മത്സരിച്ച് ജാമ്യസംഖ്യ നഷ്ടമായ ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിഖും ഈ ആവശ്യം ഉന്നയിച്ചു.
കൊടിയ ക്രൂരതയാണ് ജൈന ആചാര്യ വധം എന്ന് ആഭ്യന്തരമന്ത്രി വരൂര് ആശ്രമം സന്ദര്‍ശിച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഗുണധാരാനന്ദി മുനി മഹാരാജ പറഞ്ഞു. എന്നാല്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള സത്യഗ്രഹത്തില്‍ നിന്ന് പിന്മാറുകയാണ്. മുഖ്യമന്ത്രി സിദ്ധാരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്നിവരും തന്നെ ബന്ധപ്പെട്ടിരുന്നു. സത്യഗ്രഹ തീരുമാമെടുത്തപ്പോള്‍ കൊലപാതകികളെക്കുറിച്ച് ഓര്‍ത്തില്ല. അവര്‍ കഠിനമായി ശിക്ഷിക്കപ്പെടുകയല്ല, മാനസാന്തരം സംഭവിക്കുകയാണ് വേണ്ടത്. ജൈന ബസ്തി, ആശ്രമങ്ങള്‍, വിശ്വാസികള്‍ സംരക്ഷിക്കപ്പെടണം എന്ന ആവശ്യം ആഭ്യന്തര മന്ത്രിക്ക് നല്കിയ നിവേദനത്തില്‍ പറഞ്ഞു.
മന്ത്രിസഭ യോഗ മുന്നോടിയായി മന്ത്രി നല്കിയ ഉറപ്പില്‍ പൂര്‍ണ വിശ്വാസമുണ്ട്. പഞ്ച മഠാധിപതികളും മുസ്ലിം സമുദായ നേതാക്കള്‍ പ്രത്യേകമായും തങ്ങള്‍ക്ക് വലിയ പിന്തുണയാണ് നല്‍കുന്നത്. അത് നല്കുന്ന സുരക്ഷാ ബോധം ചെറുതല്ലെന്ന് മുനി പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉള്‍പ്പെടെ ബിജെപി നേതാക്കള്‍ ബന്ധപ്പെട്ടതിനെത്തുടര്‍ന്നായിരുന്നു സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുനി സത്യഗ്രഹം തീരുമാനിച്ചത്.
ബുധനാഴ്ച ആശ്രമത്തില്‍ നിന്ന് കാണാതായ ചിക്കോടി ജൈന മതാചാര്യന്റെ ഭൗതിക ശരീരം ചെറു കഷണങ്ങളാക്കി ഉപയോഗിക്കാത്ത കുഴല്‍ കിണറില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശനിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്ത നാരായണ ബസപ്പ മഡി(47), ഹസ്സന് ദലയത്ത്(43) എന്നിവരെ ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ഇപ്പോള്‍ ജയിലിലാണ്. 15 വര്‍ഷമായി ആശ്രമ ജീവിതം നയിച്ചുപോരുകയായിരുന്ന സന്യാസിയുമായി സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങള്‍ കടമായി കൈപ്പറ്റിയ പ്രതികള്‍ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ കൊന്നുകളഞ്ഞു എന്നാണ് പ്രാഥമിക നിഗമനം.