ബെംഗളൂരു : നമ്മ മെട്രോയില്‍ വരാനിരിക്കുന്ന ബ്ലൂ ലൈനിലെ യാത്രക്കാർക്കായി ലഗേജ് റാക്കുകള്‍ സ്ഥാപിക്കാൻ ബെംഗളൂരു മെട്രോ റെയില്‍ കോർപ്പറേഷൻ ലിമിറ്റഡ് തീരുമാനിച്ചു.
സെൻട്രല്‍ സില്‍ക്ക് ബോർഡ് മുതല്‍ കെംപഗൗഡ ഇന്റർനാഷണല്‍ എയർപോർട്ട് വരെ കെആർ പുര വഴി ബന്ധിപ്പിക്കുന്ന പോകുന്ന പാതയാണ് ബ്ലൂ ലൈൻ. മലയാളികളടക്കമുള്ള വിമാനയാത്രക്കാർ ഏറെ ആശ്രയിക്കാൻ പോകുന്ന ലൈൻ കൂടിയാണിത്.
ബ്ലൂ ലൈൻ പാതയിലെ ഓരോ കോച്ചിലും രണ്ട് സീറ്റുകള്‍ ഒഴിവാക്കി പകരം റാക്കുകള്‍ സ്ഥാപിക്കാനാണ് ബിഎംആർസിഎല്‍ തീരുമാനിച്ചിരിക്കുന്നത്. വിമാനയാത്രക്കാർക്ക് വലിയ ലഗേജുകള്‍ കൊണ്ടുപോകാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 58.19 കിലോമീറ്റർ ദൈർഘ്യമുള്ള ബ്ലൂ ലൈൻ 2026 ഡിസംബറോടെ പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിമാനയാത്രക്കാരുടെ പ്രത്യേക ആവശ്യങ്ങള്‍ പരിഗണിച്ചാണ് ബിഎംആർസിഎല്‍ മെട്രോ കോച്ചുകളില്‍ ലഗേജ് റാക്കുകള്‍ ഉള്‍പ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. യാത്രക്കാരുടെ സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ഈ നീക്കം. വായു വജ്ര ബസുകളില്‍ ലഗേജ് റാക്കുകള്‍ ഉള്ളതുപോലെ മെട്രോയിലും സമാനമായ സൗകര്യങ്ങള്‍ ഒരുക്കുകയാണ്.
ഓരോ കോച്ചിന്റെയും രണ്ട് അറ്റത്തും ലഗേജ് റാക്കുകള്‍ സ്ഥാപിക്കും. നിലവില്‍ ഈ ഭാഗത്ത് രണ്ട് യാത്രക്കാരുടെ ഇരിപ്പിടങ്ങളാണുള്ളത്. വലിയ ലഗേജുകള്‍ സുരക്ഷിതമായി സൂക്ഷിക്കാൻ ഈ സംവിധാനം സഹായിക്കും.
58.19 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത നഗരത്തെയും വിമാനത്താവളത്തെയും തമ്മില്‍ ബന്ധിപ്പിക്കും. ബ്ലൂ ലൈൻ രണ്ട് ഘട്ടങ്ങളായാണ് നിർമ്മിക്കുന്നത്. ഫേസ് 2എ ഘട്ടത്തില്‍ സെൻട്രല്‍ സില്‍ക്ക് ബോർഡ് മുതല്‍ കെആർ പുര വരെ 19.75 കിലോമീറ്റർ ദൂരവും, ഫേസ് 2ബി ഘട്ടത്തില്‍ കെആർ പുര മുതല്‍ കെംപഗൗഡ ഇന്റർനാഷണല്‍ എയർപോർട്ട് വരെ 38.44 കിലോമീറ്റർ ദൂരവുമാണ്. 29 സ്റ്റേഷനുകള്‍ ഈ പാതയിലുണ്ടാകും.
2025 ജൂണ്‍ 30 വരെയുള്ള വിലയിരുത്തല്‍ പ്രകാരം പദ്ധതിയുടെ 52.5 ശതമാനം നിർമ്മാണ പ്രവർത്തനങ്ങള്‍ പൂർത്തിയായിട്ടുണ്ട്.
നിലവില്‍ ബെംഗളൂരു മെട്രോയില്‍ ലഗേജിനായി പ്രത്യേക സ്ഥലം ലഭ്യമല്ല. 60 സെന്റീമീറ്റർ × 45 സെന്റീമീറ്റർ × 25 സെന്റീമീറ്റർ അളവിലും, 15 കിലോഗ്രാം ഭാരത്തിലും ഒരു ബാഗ് സൗജന്യമായി കൊണ്ടുപോകാൻ യാത്രക്കാർക്ക് അനുവാദമുണ്ട്.
ഇതില്‍ കൂടുതല്‍ ഭാരമുള്ളതോ അധികമുള്ളതോ ആയ ബാഗുകള്‍ക്ക് 30 രൂപ ഫീസ് ഈടാക്കും. നിയമലംഘകർക്ക് 250 രൂപ വരെ പിഴ ചുമത്താനും വ്യവസ്ഥയുണ്ട്. 2019 നും 2023 നും ഇടയില്‍ അമിത ഭാരമുള്ള ലഗേജുകള്‍ക്ക് 1.17 കോടി രൂപ പിഴയായി ബിഎംആർസിഎല്‍ പിരിച്ചെടുത്തിട്ടുണ്ട്. ബസ്, റെയില്‍വേ ഹബ്ബുകള്‍ക്ക് സമീപമുള്ള സ്റ്റേഷനുകളിലാണ് ഏറ്റവും കൂടുതല്‍ പിഴ ചുമത്തിയത് എന്നത് ശ്രദ്ധേയമാണ്. വിമാനയാത്രക്കാർക്ക് ലഗ്ഗേജുകള്‍ ധാരാളമുണ്ടാകും എന്നതിനാല്‍ പുതിയ സംവിധാനം ഉപകാരപ്രദമാകും.