Home Featured ബെംഗളൂരു : ബാങ്കിൽ സൂക്ഷിച്ച സ്വർണ്ണം കാണാനില്ലെന്ന് പരാതി

ബെംഗളൂരു : ബാങ്കിൽ സൂക്ഷിച്ച സ്വർണ്ണം കാണാനില്ലെന്ന് പരാതി

by admin

സുരക്ഷിതമെന്ന് കരുതി ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണം കാണാനില്ലെന്ന് പരാതി. ബെംഗളൂരുവിലെ 54കാരിയായ വീട്ടമ്മ ബിന്ദുവാണ് സദാശിവനഗര്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.എസ്ബിഐയുടെ ഡോളര്‍ കോളനി ബ്രാഞ്ചിനെതിരെയാണ് ആരോപണം എന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. 145 ഗ്രാം സ്വര്‍ണവും ഡയമണ്ടും ലോക്കറില്‍ ഉണ്ടായിരുന്നുവത്രെ.

അധികൃതരില്‍ നിന്ന് വ്യക്തമായ വിശദീകരണം ലഭിക്കാതെ വന്നതോടെയാണ് ബിന്ദു പോലീസിനെ സമീപിച്ചത്. 2022 ഡിസംബറിലാണ് ഇവര്‍ എസ്ബിഐ ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങിയത്. ലോക്കര്‍ സൗകര്യത്തോടെയുള്ള അക്കൗണ്ടായിരുന്നു. 2024 നവംബറില്‍ ലോക്കര്‍ പരിശോധിക്കുകയും സ്വര്‍ണവും ഡയമണ്ടും ഉണ്ടെന്ന് ഉറപ്പാക്കുകയും ചെയ്തിരുന്നു.എന്നാല്‍ ഈ വര്‍ഷം മാര്‍ച്ച്‌ 28ന് ലോക്കര്‍ വീണ്ടും പരിശോധിച്ചപ്പോള്‍ സ്വര്‍ണം കാണാനില്ലായിരുന്നുവത്രെ. ആശങ്കയിലായ ബിന്ദു ബാങ്ക് ഉദ്യോഗസ്ഥരെ അറിയിച്ചു. എന്നാല്‍ ലോക്കറില്‍ വച്ച വസ്തു നഷ്ടമാകില്ലെന്ന് പറഞ്ഞ് ബാങ്ക് ജീവനക്കാര്‍ പരാതി നിസാരമാക്കുകയായിരുന്നു. പിന്നീട് ബിന്ദു എസ്ബിഐയുടെ കസ്റ്റമര്‍ കെയറില്‍ പരാതിപ്പെട്ടു. ചീഫ് വിജിലന്‍സ് ഓഫീസറെയും അറിയിച്ചു.

എവിടെ നിന്നും വ്യക്തമായ മറുപടിയോ പരിഹാരമോ ലഭിക്കാതെ വന്നതോടെയാണ് ബിന്ദു പോലീസില്‍ പരാതിപ്പെടാന്‍ തീരുമാനിച്ചത്. ബാങ്ക് ജീവനക്കാര്‍ ലാഘവത്തോടെയാണ് സംഭവം കണ്ടത് എന്നാണ് ബിന്ദുവിന്റെ ആരോപണം. കാണാതായ സ്വര്‍ണം വീട്ടില്‍ പരിശോധിച്ചു നോക്കൂ എന്നും ചില ജീവനക്കാര്‍ പറഞ്ഞുവത്രെ. ബിന്ദുവിന്റെ തുടര്‍ച്ചയായ പരാതികള്‍ ജീവനക്കാര്‍ അവഗണിച്ചുവെന്നും ആരോപണമുണ്ട്.

തുടര്‍ന്ന് സദാശിവനഗര്‍ പോലീസില്‍ ബിന്ദു പരാതിപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എസ്ബിഐ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 305(എ) വകുപ്പ് പ്രകാരമാണ് കേസ്. പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്ക് ഉദ്യോഗസ്ഥരെ വൈകാതെ ചോദ്യം ചെയ്യും. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. ലോക്കര്‍ ആരെങ്കിലും തുറന്ന് പരിശോധിച്ചോ എന്നും അന്വേഷിക്കുന്നുണ്ട്

You may also like

error: Content is protected !!
Join Our WhatsApp Group