Home Featured ‘ പരീക്ഷയില്‍ ജയിപ്പിക്കണം; തോറ്റാല്‍ വീട്ടുകാര്‍ പിടിച്ച്‌ കെട്ടിക്കും:’ ഉത്തരക്കടലാസില്‍ വിദ്യാര്‍ഥിനിയുടെ അഭ്യര്‍ഥന

‘ പരീക്ഷയില്‍ ജയിപ്പിക്കണം; തോറ്റാല്‍ വീട്ടുകാര്‍ പിടിച്ച്‌ കെട്ടിക്കും:’ ഉത്തരക്കടലാസില്‍ വിദ്യാര്‍ഥിനിയുടെ അഭ്യര്‍ഥന

by admin

ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികള്‍ ഭൂരിഭാഗവും ഇപ്പോള്‍ പരീക്ഷയുടെ ആധിയിലാണ്. പരീക്ഷയില്‍ ജയിക്കാനായി കോപ്പിയടി അടക്കമുള്ള തന്ത്രങ്ങള്‍ മെനയുന്ന വിദ്യാർത്ഥികളുമുണ്ട്. തന്നെ ജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉത്തര കടലാസില്‍ തന്നെ അഭ്യർത്ഥനകള്‍ നടത്തുന്ന വിദ്യാർത്ഥികളും ഇതില്‍ പെടും. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു സംഭവമാണ് മധ്യപ്രദേശിലെ ജബല്‍പൂരില്‍ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരീക്ഷയില്‍ തോറ്റാല്‍ തന്നെ വീട്ടുകാർ വിവാഹം കഴിപ്പിക്കുമെന്നും അതിനാല്‍ പരീക്ഷയില്‍ ജയിക്കാനുള്ള മാർക്ക് നല്‍കണമെന്നും പരീക്ഷാ ഇൻവിജിലേറ്ററോട് അഭ്യർത്ഥിച്ചിരിക്കുകയാണ് ഒരു വിദ്യാർത്ഥിനി. ഇംഗ്ലീഷ് പരീക്ഷയില്‍ പരാജയപ്പെട്ടാല്‍ വീട്ടുകാർ വിവാഹം നടത്തുമെന്ന് ഭയന്നാണ് പെണ്‍കുട്ടി ഉത്തരക്കടലാസില്‍ ഇത്തരമൊരു അഭ്യർത്ഥന നടത്തിയത്.

കൂടാതെ പരീക്ഷയില്‍ തോറ്റാല്‍ തന്റെ പഠനം നിർത്തുമെന്ന് വീട്ടുകാർ ഭീഷണിപ്പെടുത്തിയിരുന്നതായും പെണ്‍കുട്ടി വെളിപ്പെടുത്തുന്നു. അതിനാല്‍ ഇത്തരം ഒരു സാഹചര്യത്തില്‍ അധ്യാപകന്റെ ദയക്കായി അഭ്യർത്ഥിക്കുകയല്ലാതെ മറ്റൊരു മാർഗ്ഗമില്ല എന്നും പെണ്‍കുട്ടി പറഞ്ഞു. പരീക്ഷാവേളയില്‍ വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള പല അഭ്യർത്ഥനകളും ഉണ്ടാകാറുണ്ടെങ്കിലും ഈ സംഭവം വളരെ വൈകാരികമായി പലർക്കും അനുഭവപ്പെട്ടു.

പരീക്ഷ കാലയളവില്‍ വിദ്യാർത്ഥികള്‍ നേരിടുന്ന സാധാരണമായ സമ്മർദ്ദത്തിനു പുറമേ വിവാഹമെന്ന മറ്റൊരു സമ്മർദ്ദം കൂടി പെണ്‍കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിന് ഉദാഹരണമാണ് ഇത്. അതേസമയം പരീക്ഷയുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ നിരവധി സംഭവങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറിയിട്ടുണ്ട്. ചിലത് വൈകാരികമായി മാറിയെങ്കില്‍ മറ്റു ചിലതാകട്ടെ വളരെ രസകരമായതാണ്.

ഒരുവിദ്യാർത്ഥി തന്റെ പരീക്ഷ ഉത്തര കടലാസില്‍ എഴുതിയ ഉത്തരം കണ്ട് അധ്യാപകൻ അമ്ബരന്നുപോയ സംഭവം നേരത്തെ റിപ്പോർട്ടു ചെയ്തിരുന്നു. മലിനീകരണം ഒഴിവാക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് 1991 ല്‍ പുറത്തിറങ്ങിയ സാജൻ എന്ന ചിത്രത്തിലെ ഒരു ഹിറ്റ് ബോളിവുഡ് ഗാനത്തിൻ്റെ വരികളാണ് വിദ്യാർത്ഥി ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായി എഴുതിയിരിക്കുന്നത്. ഈ പാട്ടിന്റെ മുഴുവൻ വരികളും വിദ്യാർഥി ഉത്തരമായി നല്‍കിയിട്ടുണ്ട്. ഈ ഉത്തരക്കടലാസിന്റെ ചിത്രവും സാമൂഹ്യമാധ്യമങ്ങളില്‍ നേരത്തെ വൈറലായിരുന്നു.
.
‘ഭാവിയിലെ ഐഎഎസ് ഓഫീസർ’ തുടങ്ങി തമാശ രൂപേണ നിരവധി കമന്റുകളും ഈ പോസ്റ്റിന് താഴെ ആളുകള്‍ പങ്കുവയ്ക്കുന്നുണ്ട്. എങ്ങനെയെങ്കിലും ഒന്ന് ജയിക്കാനായി ഇത്തരത്തില്‍ പല മാർഗങ്ങളാണ് വിദ്യാർത്ഥികള്‍ പരീക്ഷകളില്‍ പ്രയോഗിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group