ബംഗളൂരു: പാകിസ്ഥാന്റെ റിപ്പബ്ലിക് ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് വാട്ട്സ്‌ആപ്പ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്തതിന് 25 കാരിയായ യുവതിയെ കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയില്‍ നിന്നും അറസ്റ്റ് ചെയ്തു.മുധോള്‍ സ്വദേശിനിയും സമീപത്തെ മദ്രസയില്‍ വിദ്യാര്‍ഥിനിയുമാണ് കുത്മ ഷെയ്ഖ് എന്ന യുവതി.
പാകിസ്ഥാന്‍ റിപ്പബ്ലിക് ദിനമായ മാര്‍ച്ച് 23 ന് തന്റെ വാട്ട്സ്‌ആപ്പ് സ്റ്റാറ്റസില്‍ ഉറുദുവില്‍ എഴുതിയ വാക്കുകളാണ് പങ്കുവച്ചത്. ദൈവം എല്ലാ ജനതയെയും സമാധാനം, ഐക്യം എന്നിവയാല്‍ അനുഗ്രഹിക്കട്ടെ എന്നാണ് യുവതി ഉറുദുവില്‍ പങ്കുവച്ചത്.
ആക്ടിവിസ്റ്റായ അരുണ്‍ കുമാര്‍ ഭജന്‍ത്രി മുധോള്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. മാര്‍ച്ച് 24 ന് അറസ്റ്റ് ചെയ്ത കുത്മ ഷെയ്ഖിനെ കസ്റ്റഡിയില്‍ എടുക്കുകയും അ ടുത്ത ദിവസം ജാമ്യത്തില്‍ വിടുകയും ചെയ്തു. പൊലീസില്‍ നല്‍കിയ പരാതിയില്‍ വംശീയ സംഘര്‍ഷം ആളിക്കത്തിക്കാനാണ് യുവതി ലക്ഷ്യമിടുന്നതെന്നും രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും ഭജന്‍ത്രി ആവശ്യപ്പെട്ടു.
ഇന്ത്യന്‍ ശിക്ഷാനിയമം 153(എ) മതം, വംശം, അല്ലെങ്കില്‍ മറ്റ് സ്വഭാവസവിശേഷതകള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഗ്രൂപ്പുകള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുക, 505(2) എന്നിവ ലംഘിച്ചതായി പോലീസ് അറിയിച്ചു. സമാധാനവും ക്രമസമാധാനവും നിലനിര്‍ത്തുന്നതിനാണ് യുവതിയെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അറിയിച്ചു.