ഗില്ലൻബാരി സിൻഡ്രോം (ജിബിഎസ്) ബാധിച്ച് കേരളത്തില്‍ ആദ്യ മരണം. വാഴക്കുളം കാവന തടത്തില്‍ ജോയ് ഐപ് (58) ആണ് മരിച്ചത്.ജോയിക്ക് ഗില്ലൻബാരി സിൻഡ്രോം സ്ഥിരീകരിച്ചിരുന്നു.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു മരണം. സംസ്ഥാനത്ത് ഗില്ലൻബാരി സിൻഡ്രോം ബാധിച്ച് റിപ്പോർട്ട് ചെയ്യുന്ന ആദ്യ മരണമാണിതെന്നാണ് വിവരം. എന്നാല്‍ ആരോഗ്യവകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മഹാരാഷ്ട്രയില്‍ മരണം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കേരളത്തിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.
കാലിനുണ്ടായ ശക്തിക്ഷയത്തെ തുടർന്ന് ഫെബ്രുവരി ഒന്നിനാണാണ് ജോയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്നിന് രോഗം മൂർച്ഛിച്ചതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.നാഡീകോശങ്ങളെ ബാധിക്കുന്ന രോഗമാണ് ഗില്ലൻ ബാരി സിൻഡ്രോം. ഇതിന്റെ കൃത്യമായ കാരണങ്ങള്‍ കണ്ടെത്താനായിട്ടില്ല. രോഗം മൂർച്ചിക്കുന്നതോടെ ബലഹീനത, മരവിപ്പ്, പക്ഷാഘാതം എന്നിവയുണ്ടായേക്കാം. രോഗം ബാധിക്കുന്നവരില്‍ 15% പേർക്ക് ബലഹീനതയും 5% ഗുരുതരമായ സങ്കീർണതകളും നേരിടേണ്ടിവരാറുണ്ട്. വയറിളക്കവും ഛർദിയും വയറുവേദനയുമാണ് അസുഖത്തിന്റെ ആദ്യ ലക്ഷണങ്ങള്‍.