ബെംഗളൂരു:ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ടെക്കി യുവാവിന് ദാരുണാന്ത്യം. ബെംഗളൂരു കുണ്ടലഹള്ളിയിലെ പി.ജി.ഹോസ്റ്റലില്‍ താമസിക്കുന്ന ബല്ലാരി സ്വദേശി അരവിന്ദ് (23) ആണ് മരിച്ചത്.സംഭവത്തില്‍ പി.ജി.യിലെ താമസക്കാരായ രണ്ടുപേർക്കും പി.ജി.യിലെ സഹായിയായി ജോലിചെയ്യുന്നയാള്‍ക്കും പരിക്കേറ്റു. ഇവരെ മൂന്നുപേരെയും ബ്രൂക്ക്ഫീല്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച വൈകീട്ട് 6.15-ഓടെയാണ്, സെവൻ ഹില്‍സ് സായ് കോ-ലിവിങ് പെയിങ് ഗസ്റ്റ് ഹോസ്റ്റലില്‍ എല്‍പിജി സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. ഏഴുനില കെട്ടിടത്തില്‍ 43 മുറികളിലായാണ് പി.ജി. ഹോസ്റ്റല്‍ പ്രവർത്തിക്കുന്നത്.തിങ്കളാഴ്ച വൈകീട്ട് കെട്ടിടത്തിന്റെ താഴത്തെനിലയില്‍നിന്ന് പുക ഉയരുന്നത് കണ്ടാണ് അരവിന്ദും മറ്റുരണ്ടുപേരും ഇവിടേക്കെത്തിയത്. എന്താണ് സംഭവിച്ചതെന്നറിയാൻ മൂവരും താഴെത്തനിലയില്‍ എത്തിയപ്പോഴാണ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്നാണ് വിവരം. കെട്ടിടത്തിനുള്ളില്‍ തീയും പുകയും ഉയർന്നു. പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയാണ് തീയണച്ചത്.