Home Featured ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി; മൂന്നുപേര്‍ അറസ്റ്റില്‍

ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി; മൂന്നുപേര്‍ അറസ്റ്റില്‍

by admin

ബംഗളൂരു: മംഗളൂരു ഉഡുപ്പി-മണിപ്പാല്‍ ദേശീയപാതയില്‍ രണ്ട് ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റുചെയ്തു.

ആശിഖ്, റാകിബ്, സഖ്ലൈൻ എന്നിവരാണ് പിടിയിലായത്. മറ്റുള്ള പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിവരുകയാണ്. രണ്ട് സ്വിഫ്റ്റ് കാറുകള്‍, രണ്ട് ബൈക്കുകള്‍, വാള്‍, കഠാര എന്നിവ സംഭവവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്തതായി ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഡോ. കെ. അരുണ്‍ അറിയിച്ചു. കൗപ് പൊലീസ് സ്റ്റേഷൻ പരിധിയില്‍ നിന്നുള്ളവരാണ് ഇരു സംഘങ്ങളിലെയും യുവാക്കള്‍. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കാർ വില്‍പനയുമായി ബന്ധപ്പെട്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തർക്കമാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം.

ഈ മാസം 18ന് രാത്രിയുണ്ടായ സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പൊലീസ് അറിഞ്ഞതും ശനിയാഴ്ച കേസെടുത്തതും. വെള്ളയും കറുപ്പും നിറങ്ങളിലുള്ള കാറുകളിലെത്തിയ സംഘങ്ങള്‍ നടുറോഡില്‍ വാക്കേറ്റത്തിലേർപ്പെടുന്നു, ബഹളത്തിനിടെ ഒരു സംഘം കാർ കൊണ്ട് മറ്റേ കാറിന് ഇടിക്കുന്നു, എതിർ സംഘത്തിലെ ഒരാള്‍ മറ്റൊരു സംഘത്തെ ആക്രമിക്കുന്നു, ഇയാള്‍ എറിഞ്ഞ വെട്ടുകത്തി കാറിന് മുകളില്‍ വീണ് ചില്ല് തകരുന്നു, ഈ സമയം രോഷാകുലരായ സംഘം കാർ മുന്നോട്ട് ഓടിക്കുകയും തിരികെ വരുകയും എതിർസംഘത്തിന്റെ കാറില്‍ വീണ്ടും ഇടിക്കുകയും ചെയ്യുന്നു- ഇതാണ് ദൃശ്യങ്ങള്‍.

കാർ അതിവേഗത്തില്‍ ഓടിച്ച്‌ എതിർ സംഘത്തിലെ ഒരാളെ ഇടിക്കുന്നതും അയാള്‍ ബോധരഹിതനായി വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. പിടിയിലായവരെ കോടതിയില്‍ ഹാജരാക്കി ജൂണ്‍ ഒന്നുവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. വിഡിയോ ദൃശ്യങ്ങളില്‍ നിന്ന് ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വകുപ്പുകള്‍ ചേർക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group