Home Featured ബെംഗളൂരു: ദുല്‍ഖര്‍ സല്‍മാന്റെ ലക്കി ഭാസ്കര്‍ സിനിമയില്‍ നിന്ന് പ്രചോദനം ; എടിഎം മോഷണം നടത്താൻ ശ്രമിച്ച ആറംഗ സംഘം അറസ്റ്റിൽ

ബെംഗളൂരു: ദുല്‍ഖര്‍ സല്‍മാന്റെ ലക്കി ഭാസ്കര്‍ സിനിമയില്‍ നിന്ന് പ്രചോദനം ; എടിഎം മോഷണം നടത്താൻ ശ്രമിച്ച ആറംഗ സംഘം അറസ്റ്റിൽ

by admin

ബെംഗളൂരു: സിനിമയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് എടിഎം മോഷണം നടത്താൻ ശ്രമിച്ച ആറംഗ സംഘം ബെംഗളൂരു പോലീസിന്റെ പിടിയില്‍.ദുല്‍ഖര്‍ സല്‍മാന്റെ ത്രില്ലർ സിനിമയായ ‘ലക്കി ഭാസ്‌കറി’ല്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പ്രതികള്‍ എടിഎം കവർച്ചക്കിറങ്ങിയത്. ക്യാഷ് മാനേജ്മെന്റ് കമ്ബനിയായ സെക്യുർ വാല്യൂ പ്രൈവറ്റ് ലിമിറ്റഡിലെ ജീവനക്കാരാണ് പ്രതികള്‍. എടിഎം റീപ്ലൈനഷ്‌മെന്‍റിനായി (മെഷീനിലെ ശേഷിക്കുന്ന പണം നീക്കം ചെയ്ത് പുതിയ ലോഡ് നിറക്കുന്നു) പണം തട്ടിയെടുക്കുന്നതിനിടെയാണ് അറസ്റ്റിലായത്. മഹാലക്ഷ്മി ലേഔട്ട് പൊലീസ് സംഘത്തെ പിടികൂടുകയും മോഷ്ടിച്ച 52 ലക്ഷം രൂപ പ്രതികളില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.

പ്രതികളായ ശിവു, സമീർ, മനോഹർ, ഗിരീഷ്, ജഗ്ഗേഷ്, ജസ്വന്ത് എന്നിവർ ക്യാഷ് ഓഫീസർമാരായും എടിഎം മെയിന്‍റനൻസ് സ്റ്റാഫുകളായും പ്രധാന ചുമതലകളാണ് വഹിച്ചിരുന്നത്. എടിഎമ്മുകളില്‍ പണം നിക്ഷേപിക്കുന്നതിനുപകരം അവർ സ്വന്തം പോക്കറ്റുകളിലാണ് നിറക്കാൻ ശ്രമിച്ചത്. മറ്റ് എടിഎമ്മുകളില്‍ നിറയ്ക്കേണ്ടിയിരുന്ന പണവും ഈ എടിഎമ്മില്‍ നിറച്ച്‌ തട്ടിപ്പ് പിടിക്കപ്പെടാതിരിക്കാനുള്ള ശ്രമങ്ങളും പ്രതികള്‍ നടത്തി. ഇന്‍റേണല്‍ ഓഡിറ്റ് പൊരുത്തക്കേടുകളില്‍ പിടിയിലാകും മുമ്ബ് 43.76 ലക്ഷം രൂപ ഇത്തരത്തില്‍ മോഷ്ടിക്കാൻ അവർക്ക് കഴിഞ്ഞു.

രഹസ്യാന്വേഷണ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മഹാലക്ഷ്മി ലേഔട്ട് പൊലീസ് കെംപഗൗഡ നഗറില്‍ റെയ്ഡ് നടത്തിയിരുന്നു. മോഷ്ടിച്ച പണം നിറച്ച കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. കൂടുതല്‍ അന്വേഷണത്തില്‍ ആഡംബര പർച്ചേസിലൂടെ ഇവർ മോഷ്ടിച്ച പണം വെളുപ്പിച്ചതായും കണ്ടെത്തി. 52 ലക്ഷം രൂപയും 40 ലക്ഷം രൂപ വിലമതിക്കുന്ന മൂന്ന് ആഡംബര കാറുകളും പൊലീസ് പ്രതികളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കുടുംബാംഗങ്ങളുടെ പേരില്‍ വാങ്ങിയതാണ് ആഡംബര കാറുകള്‍. സംഘം കൂടുതല്‍ എടിഎമ്മുകള്‍ ലക്ഷ്യമിട്ടിട്ടുണ്ടാകാമെന്ന് അധികൃതർ സംശയിക്കുന്നു. തട്ടിപ്പിന്‍റെ മുഴുവൻ വ്യാപ്തിയും മറ്റ് സഹായികളെയും കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.

ദുല്‍ഖർ സല്‍മാൻ നായകനായ ലക്കി ഭാസ്കറാണ് പ്രതികളില്‍ പണം മോഷ്ടിക്കാനുള്ള പ്രചോദനമുണ്ടാക്കിയത്. ഒരു പ്രൈവറ്റ് ബാങ്കില്‍ ജോലി ഉണ്ടായിട്ടും കുടുംബപ്രാരാബ്ധം മൂലം കയ്യില്‍ നയാ പൈസ ഇല്ലാതെ ജീവിക്കേണ്ടി വരുന്ന ഒരു സാധാരണക്കാരൻ ആണ് ദുല്‍ക്കർ അവതരിപ്പിക്കുന്ന ഭാസ്കർ കഥാപാത്രം. ബാങ്കില്‍ ഒരു പ്രൊമോഷൻ ലഭിക്കുമെന്ന പ്രതീക്ഷയില്‍ പലതും മാനേജ് ചെയ്ത് ജീവിച്ചു പോരുന്ന ഭാസ്കറിന്റെ പ്രതീക്ഷകളെ കാറ്റില്‍ പറത്തി ആ ജോലിക്കയറ്റം മറ്റൊരാള്‍ക്ക് ലഭിക്കുന്നു. ഇതേതുടർന്ന് തന്റെ കുടുംബം പോറ്റാൻ പാടുപെട്ട് സാമ്ബത്തിക തട്ടിപ്പുകളില്‍ ഏർപ്പെടാൻ തുടങ്ങുന്ന ബാങ്കിലെ കാഷ്യറുടെ കഥയാണ് സിനിമ പറയുന്നത്. കടം കൊണ്ടു പൊറുതി മുട്ടിയ ഭാസ്കർ ഏതു വിധേനയും പണം സമ്ബാദിക്കാൻ ഇറങ്ങുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group