Home Featured സർക്കാർബസുകളിൽ സ്ത്രീകൾക്ക് ഇന്നുമുതൽ സൗജന്യയാത്ര

സർക്കാർബസുകളിൽ സ്ത്രീകൾക്ക് ഇന്നുമുതൽ സൗജന്യയാത്ര

by admin

ബെംഗളൂരു: കർണാടകത്തിൽ സർക്കാർബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ‘ശക്തി’ പദ്ധതിക്ക് ഞായറാഴ്ച തുടക്കമാകും. രാവിലെ 11-ന് വിധാൻസൗധയ്ക്ക് മുന്നിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനംചെയ്യും.

ചടങ്ങിനുശേഷം സിദ്ധരാമയ്യ ശക്തി സ്മാർട്ട് കാർഡുകൾ പ്രതീകാത്മകമായി വിതരണംചെയ്ത് ബി.എം.ടി.സി. ബസിൽ സഞ്ചരിക്കും.ഉച്ചയ്ക്ക് ഒന്നുമുതൽ സ്ത്രീകൾക്ക് സർക്കാർബസുകളിൽ സൗജന്യയാത്ര നടത്താം.

സൗജന്യയാത്രക്കുള്ള സ്മാർട്ട് കാർഡിന് സർക്കാരിന്റെ പോർട്ടലായ ‘സേവാസിന്ധു’വിൽ ഞായറാഴ്ചമുതൽ അപേക്ഷിക്കാം. മൂന്നുമാസമാണ് അപേക്ഷിക്കാനുള്ള സമയം.കാർഡ് ലഭിക്കുന്നതുവരെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തിരിച്ചറിയൽ കാർഡ് മതി. ഉദ്ഘാടനച്ചടങ്ങിൽ കേന്ദ്രമന്ത്രിമാരായ നിർമലാ സീതാരാമൻ, രാജീവ് ചന്ദ്രശേഖർ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി, മന്ത്രിമാരായ കെ.ജെ. ജോർജ്, ദിനേശ് ഗുണ്ടുറാവു, കൃഷ്ണ ബൈരെഗൗഡ, സമീർ അഹമ്മദ് ഖാൻ, ബി.എസ്. സുരേഷ്, റിസ്‌വാൻ അർഷാദ് എം.എൽ.എ. തുടങ്ങിയവർ പങ്കെടുക്കും.

കോൺഗ്രസിന്റെ പ്രകടനപത്രികയിലെ അഞ്ചു വാഗ്‌ദാനങ്ങളിൽ ഒന്നായിരുന്നു ശക്തി പദ്ധതി.സൗജന്യ വൈദ്യുതി ലഭ്യമാക്കുന്ന ‘ഗൃഹജ്യോതി’ പദ്ധതി ഓഗസ്റ്റ് ഒന്നിനും വീട്ടമ്മമാർക്ക് മാസം 2000 രൂപ വീതം നൽകുന്ന ‘ഗൃഹലക്ഷ്മി’ പദ്ധതി ഒാഗസ്റ്റ് 18-നകവും ആരംഭിക്കും.

സൗജന്യയാത്രയ്ക്ക് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

കർണാടകത്തിൽ സ്ഥിരതാമസമായ വനിതകൾ, വിദ്യാർഥിനികൾ, ട്രാൻസ്‌ജെൻഡർമാർ കർണാടക ആർ.ടി.സി., ബി.എം.ടി.സി., എൻ.ഡബ്ല്യു.കെ.ആർ.ടി.സി., കെ.കെ.ആർ.ടി.സി. എന്നിവയുടെ സിറ്റി, ഓർഡിനറി, എക്സ്പ്രസ് ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം.

രാജഹംസ, നോൺ എ.സി. സ്ലീപ്പർ, വജ്ര, വായുവജ്ര, ഐരാവത്, ഐരാവത് ക്ലബ് ക്ലാസ്, അംബാരി, അംബാരി ഡ്രീം ക്ലാസ്, അംബാരി ഉത്സവ്, ഫ്ളൈ ബസ് എന്നിവയിൽ സൗജന്യ യാത്ര അനുവദിക്കില്ല.

കർണാടകത്തിനകത്ത് എത്രദൂരം വേണമെങ്കിലും സഞ്ചരിക്കാം.അയൽ സംസ്ഥാനങ്ങളിലേക്കുള്ള ബസുകളിൽ 20 കിലോമീറ്റർ സൗജന്യമായി യാത്രചെയ്യാം.സൗജന്യയാത്ര ആവശ്യമുള്ളവർ ശക്തി സ്മാർട്ട് കാർഡിനായി സേവാസിന്ധു പോർട്ടലിൽ അപേക്ഷിക്കണം.സ്മാർട്ട് കാർഡ് ലഭിക്കുന്നതു വരെ കേന്ദ്രസർക്കാർ നൽകിയിട്ടുള്ള വിലാസമുൾപ്പെടുന്ന തിരിച്ചറിയൽ രേഖകൾ, ആധാർ കാർഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ്, ഡ്രൈവിങ് ലൈസൻസ്, ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരൻമാർക്കുമുള്ള കാർഡ് എന്നിവയിലേതെങ്കിലും ഹാജരാക്കി യാത്ര ചെയ്യാം.കണ്ടക്ടർ സീറോ ടിക്കറ്റ് നൽകും

You may also like

error: Content is protected !!
Join Our WhatsApp Group