ബെംഗളൂരു: കോവിഡ് മഹാമാരി ഏൽപ്പിച്ച ആഘാതത്തിൽനിന്ന് കരകയറുന്ന കർണാടകത്തിലെ സ്വകാര്യ ബസുകൾക്ക് അടുത്ത പ്രഹരമായിരിക്കുകയാണ് ആർ.ടി.സി. ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്രനൽകുന്ന സർക്കാരിന്റെ ‘ശക്തി’ പദ്ധതി. ഇതുവരെ സ്വകാര്യബസുകളെ ആശ്രയിച്ചിരുന്ന ഒട്ടേറെ സ്ത്രീ യാത്രക്കാർ ശക്തിപദ്ധതിയിലൂടെ ആർ.ടി.സി. ബസുകളിലേക്ക് മാറാനിടയുണ്ട്. ഇത് സ്വകാര്യബസുകളുടെ വരുമാനത്തെ കാര്യമായി ബാധിക്കുമെന്നാണ് ആശങ്ക. സംസ്ഥാനത്തെ സ്വകാര്യ ബസുടമകളും ജീവനക്കാരും ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുണ്ട്.
ഈ മാസം 11 മുതലാണ് ആർ.ടി.സി. ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്തുന്നത്. സംസ്ഥാനത്തെ സ്ഥിരതാമസക്കാർക്കുമാത്രമായിരിക്കും സൗജന്യയാത്ര അനുവദിക്കുക. യാത്രചെയ്യാനുള്ള ശക്തി സ്മാർട്ട് കാർഡിന് സർക്കാരിന്റെ പോർട്ടലായ സേവാസിന്ധുവിൽ രജിസ്റ്റർ ചെയ്യണം. മൂന്നുമാസമാണ് അപേക്ഷിക്കാനുള്ള സമയം. കാർഡ് വിതരണംചെയ്യുന്നതു വരെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തിരിച്ചറിയൽകാർഡ് മതിയാകും
ആർ.ടി.സി. ബസുകളിൽ വനിതകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്തിയാൽ സ്വകാര്യ ബസുകളുടെ വരുമാനത്തിൽ 50 ശതമാനം ഇടിവുണ്ടാകുമെന്നാണ് ഉടമകളും ജീവനക്കാരും പറയുന്നത്. ബസ് സർവീസ് ലാഭകരമല്ലാതാകുന്നതോടെ സർവീസ് അവസാനിപ്പിക്കുകയോ വിൽക്കുകയോ മാത്രമേ വഴിയുള്ളൂവെന്ന് ബസ്സുടമകൾ പറയുന്നു.
ബെംഗളൂരുവിൽ സ്വകാര്യബസുകൾ കുറവാണെങ്കിലും സംസ്ഥാനത്തെ മറ്റുജില്ലകളിലെ ഗ്രാമപ്രദേശങ്ങളിൽ ധാരാളം സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്. ‘ശക്തി’ പദ്ധതിക്കെതിരേ തുമകൂരുവിൽ സ്വകാര്യബസ് ഉടമകളും ജീവനക്കാരും കഴിഞ്ഞദിവസം പ്രതിഷേധിച്ചിരുന്നു. ബസുകൾക്കു മുന്നിൽ ‘സ്വകാര്യ ബസുകൾ വിൽപ്പനയ്ക്ക്’ എന്നപോസ്റ്ററുകൾ പതിപ്പിച്ചായിരുന്നു പ്രതിഷേധം.
തുമകൂരു ജില്ലയിൽ 300-ലധികം സ്വകാര്യ ബസുകൾ ഗ്രാമപ്രദേശങ്ങളിൽ സർവീസ് നടത്തുന്നുണ്ട്. കുനിഗൽ, മധുഗിരി, പാവഗഡ തുടങ്ങിയ സ്ഥലങ്ങളിലാണ് സ്വകാര്യബസ് സർവീസുകൾ കൂടുതലുള്ളത്. സ്വകാര്യ ബസുകളിലും വനിതകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്തി ടിക്കറ്റ് തുക സർക്കാർ നൽകണമെന്ന് ചില ബസുടമകൾ ആവശ്യപ്പെടുന്നുണ്ട്. സ്വകാര്യ ബസുടമകളിൽനിന്ന് നികുതിപിരിക്കുന്നത് കുറയ്ക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
മൂന്നുമാസത്തിലൊരിക്കൽ സ്വകാര്യ ബസുടമകളിൽനിന്ന് സർക്കാർ 40,000 രൂപ മുതൽ 50,000 രൂപവരെ നികുതി പിരിക്കുന്നുണ്ട്. ഇപ്പോൾ വനിതകൾ സർക്കാർ ബസുകളിൽ കൂടുതലായി കയറാൻതുടങ്ങുമ്പോൾ സ്വകാര്യ ബസുകളുടെ വരുമാനം കുത്തനെ ഇടിയുന്നത് ഒട്ടേറെകുടുംബങ്ങളെ ബാധിക്കുമെന്നാണ് ആരോപണം.
