ബെംഗളൂരു: നേരത്തെ സെൻട്രല്‍ ബിസിനസ് സിറ്റി മേഖലയില്‍ പലയിടങ്ങളിലായി നടപ്പാക്കി വിജയിപ്പിച്ച വഴിയോര പാർക്കിങ് ഫീസ് സംവിധാനം ബെംഗളൂരുവിന്റെ വടക്കൻ മേഖലകളിലേക്കും വ്യാപിപ്പിക്കുന്നു.യെലഹങ്കയിലെയും ഹെബ്ബാളിലെയും തിരക്കേറിയ റോഡുകളില്‍ പാർക്ക് ചെയ്യാൻ ഇനി പണം നല്‍കേണ്ടി വരും. ഈ സ്ഥലങ്ങളിലെ തിരഞ്ഞെടുത്ത റോഡുകളില്‍ ‘പേ ആൻഡ് പാർക്ക്’ സംവിധാനം നടപ്പിലാക്കാൻ ഒരുങ്ങുകയാണ് ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (GBA). ട്രാഫിക് നിയന്ത്രിക്കാനും തിരക്ക് കുറയ്ക്കാനും വരുമാനം വർദ്ധിപ്പിക്കാനുമാണ് ഈ നടപടി.
അനാവശ്യമായി വാഹനവുമായി പുറത്തിറങ്ങുന്നതിനെ നിയന്ത്രിക്കാനും ഈ നടപടിയിലൂടെ ഉദ്ദേശിക്കുന്നുണ്ട്.ഫോർ വീലർ വാഹനങ്ങള്‍ക്ക് മണിക്കൂറിന് 30 രൂപയും ഇരുചക്ര വാഹനങ്ങള്‍ക്ക് 15 രൂപയുമാണ് ഈടാക്കുക എന്നറിയുന്നു. ഇതിനകം വഴിയോര പാർക്കിങ് ഫീസ് നിലവില്‍ വന്നയിടങ്ങളിലും ഇതേ തുകയാണ് ഈടാക്കുന്നത്. ദിവസേന പാർക്ക് ചെയ്യേണ്ടവർക്ക് പാസ് സംവിധനവും ഏർപ്പെടുത്തും. ഒരു ദിവസത്തേക്കുള്ള പാർക്കിങ് ഫീസ് നാലുചക്ര വാഹനങ്ങള്‍ക്ക് 150 രൂപയും ഇരുചക്ര വാഹനങ്ങള്‍ക്ക് 75 രൂപയും നല്‍കണം. പ്രതിമാസ പാസുകള്‍ക്ക് നാലുചക്ര വാഹനങ്ങള്‍ക്ക് 3,000 രൂപയും ഇരുചക്ര വാഹനങ്ങള്‍ക്ക് 1,500 രൂപയുമാണ് നിരക്ക്.