ബെംഗളൂരു: സര്‍ക്കാര്‍ ബസുകളില്‍ എല്ലാ സ്ത്രീകള്‍ക്കും സൗജന്യമായി യാത്ര ചെയ്യാമെന്ന് ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി. വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭ യോഗത്തില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്‌ആര്‍ടിസിയുടെ നാല് ഡിവിഷനുകളിലേയും മാനേജിംഗ് ഡയറക്ടര്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
‘യാതൊരു വ്യവസ്ഥകളും ഇല്ല. എപിഎല്‍ എന്നോ ബിഎല്‍ എന്നോ വ്യത്യാസമില്ലാതെ എല്ലാ സ്ത്രീകള്‍ക്കും സര്‍ക്കാര്‍ ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാം’, രാമലിംഗ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു.’എംഡിമാരുമായി നടത്തിയ ചര്‍ച്ചയില്‍ പദ്ധതിയുടെ ഗുണത്തെക്കുറിച്ചും ദോഷത്തെ കുറിച്ചുമെല്ലാം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചെലവും മറ്റ് വിശദാംശങ്ങളും ഉള്‍പ്പെടെ യോഗത്തിന്റെ റിപ്പോര്‍ട്ട് മെയ് 31 ന് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് സമര്‍പ്പിക്കും. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി ഗതാഗത വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്’, അദ്ദേഹം പറഞ്ഞു.
ജൂണ്‍ ഒന്നിനാണ് മന്ത്രിസഭാ യോഗം ചേരുന്നതെന്നും യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്ത ശേഷം മുഖ്യമന്ത്രി ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്നും രാമലിംഗ പറഞ്ഞു. ‘കൊവിഡ് കാലത്ത് ഗതാഗത വകുപ്പിന് ഉണ്ടായ നഷ്ടങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. രാജ്യത്തെ തന്നെ മികച്ച റോഡ് ട്രാൻസ്പോര്‍ട്ട് കോര്‍പ്പറേഷനാണ് കര്‍ണാടകയിലേത്. മന്ത്രാലയത്തിന് കീഴിലുള്ള നാല് ട്രാൻസ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ക്കും 350 ലധികം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. 23,978 വാഹനങ്ങളും 1.04 ലക്ഷത്തിലധികം ജീവനക്കാരും നമ്മുക്കുണ്ട്. പ്രതിദിനം 82.51 ലക്ഷം ആളുകള്‍ സര്‍ക്കാര്‍ ബസില്‍ യാത്ര ചെയ്യുന്നുണ്ട്, പ്രതിദിന വരുമാനം 2,31,332 രൂപയാണ്’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അധികാരത്തില്‍ വരുന്ന ആദ്യ ദിവസം തന്നെ സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. ഇതോടെ സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ബസ് യാത്രക്കാരായ സ്ത്രീകള്‍ ടിക്കറ്റെടുക്കാൻ തയ്യാറാകാത്ത സംഭവങ്ങള്‍ ഉണ്ടായിരുന്നു. ഗ്രാമ പ്രദേശങ്ങളില്‍ സ്ത്രീകളും ബസുകാരും തമ്മില്‍ ഇത് സംബന്ധിച്ച് സ്ഥിരം തര്‍ക്കം ഉടലെടുക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് തീരുമാനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോര്‍ട്ട് കോര്‍പ്പറേഷൻ (കെ എസ് ആര്‍ ടി സി) സ്റ്റാഫ് ആൻഡ് വര്‍ക്കേഴ്സ് ഫെഡറേഷൻ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.