Home തിരഞ്ഞെടുത്ത വാർത്തകൾ ഉദ്യോഗസ്ഥവേഷത്തിൽ തട്ടിപ്പ് പെരുകുന്നു; ബംഗളൂരു വിമാനത്താവളത്തിൽ അതിജാഗ്രത നിർദേശം നൽകി കസ്റ്റംസ്

ഉദ്യോഗസ്ഥവേഷത്തിൽ തട്ടിപ്പ് പെരുകുന്നു; ബംഗളൂരു വിമാനത്താവളത്തിൽ അതിജാഗ്രത നിർദേശം നൽകി കസ്റ്റംസ്

by admin

ബംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരായി വേഷമിടുന്നവർ ആളുകളെ കബളിപ്പിച്ച് പണം തട്ടുന്ന റാക്കറ്റ് കണ്ടെത്തിയതിനെ തുടർന്ന് കസ്റ്റംസ് അധികൃതർ പൊതുജനങ്ങൾക്ക് അതിജാഗ്രത നിർദേശം നൽകി. ഫോൺ കാളുകൾ, സമൂഹ മാധ്യമം, മെസേജിങ് പ്ലാറ്റ്‌ഫോമുകൾ എന്നിവയിലൂടെ തട്ടിപ്പുകാർ നിരപരാധികളായ പൗരന്മാരെ പ്രത്യേകിച്ച് സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങളിൽനിന്നുള്ളവരെ ലക്ഷ്യമിടുന്നു.വിദേശത്തുനിന്ന് വരുന്ന യാത്രക്കാരനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് തട്ടിപ്പുകാർ തെറ്റായി അവകാശപ്പെടുകയും പ്രശ്നം ‘പരിഹരിക്കാൻ’ ഉടനടി പണം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു. ഇത്തരം തന്ത്രങ്ങൾക്ക് ഇരയാകുന്നതിനെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് കസ്റ്റംസ് കമീഷണർ പറഞ്ഞു:‘‘പിഴ അടക്കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ ഒരിക്കലും ഫോൺ, വാട്സ്ആപ്, മറ്റു സമൂഹ മാധ്യമം എന്നിവ വഴി ആളുകളെ ബന്ധപ്പെടാറില്ല. മാത്രമല്ല, വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം സ്വീകരിക്കുന്നില്ല.

സർക്കാറിലേക്കുള്ള എല്ലാ ഔദ്യോഗിക പേമെന്റുകളും അംഗീകൃത കൗണ്ടറുകൾ വഴിയോ ശരിയായ രസീതുകളുള്ള ഓൺലൈൻ പോർട്ടലുകൾ വഴിയോ മാത്രമേ നടത്തുന്നുള്ളൂ.’’തട്ടിപ്പുകാർ ആദ്യം ഇരകളുമായി ഓൺലൈനായോ നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ സൗഹൃദം സ്ഥാപിക്കുകയും പിന്നീട് സുഹൃത്തിനെയോ ബന്ധുവിനെയോ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചിട്ടുണ്ടെന്ന് അവകാശപ്പെടുകയും ചെയ്യുന്നുവെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു.കസ്റ്റംസ് തീരുവയോ പിഴയോ ഉടനടി അടച്ചില്ലെങ്കിൽ ജയിൽ ശിക്ഷയോ ഉപദ്രവമോ അനുഭവിക്കേണ്ടിവരുമെന്ന് അവർ ഭീഷണിപ്പെടുത്തുന്നു. ഇത് ഇരകളെ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകളിലേക്കോ യു.പി.ഐ ഐ.ഡികളിലേക്കോ ഡിജിറ്റൽ വാലറ്റുകളിലേക്കോ വലിയ തുകകൾ ട്രാൻസ്ഫർ ചെയ്യാൻ പ്രേരിപ്പിക്കുകയും പണം ട്രാൻസ്ഫർ ചെയ്തുകഴിഞ്ഞാൽ എല്ലാ ആശയവിനിമയങ്ങളും വിച്ഛേദിക്കുന്നതുമാണ് തട്ടിപ്പുകാരുടെ രീതി.ഡ്യൂട്ടി അടക്കാത്തതിന്റെ പേരിൽ ഒരു യാത്രക്കാരനെയും ഉപദ്രവിക്കുന്നില്ലെന്നും എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളും നിയമം അനുസരിച്ചും വിമാനത്താവളത്തിലെ സി.സി.ടി.വി നിരീക്ഷണത്തിലുമാണെന്നും കസ്റ്റംസ് വ്യക്തമാക്കി. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പേരിൽ പണം തേടിയുള്ള കാളുകളോ സന്ദേശങ്ങളോ സ്വീകരിക്കരുതെന്ന് കസ്റ്റംസ് വകുപ്പ് ജനങ്ങളോട് അഭ്യർഥിച്ചു.ഇത്തരം കാളുകളുടെ ഇരകളോ സ്വീകർത്താക്കളോ commrapacc-cusblr@gov.in എന്ന ഇ-മെയിൽ വിലാസത്തിലോ 1930 എന്ന സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പറിലോ ഉടൻ റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. തട്ടിപ്പിൽ ഉൾപ്പെട്ടവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

You may also like

error: Content is protected !!
Join Our WhatsApp Group