Home Featured എസ് ശ്രീശാന്തിനെതിരായ വഞ്ചനാക്കേസ് പണം നൽകി ഒത്തുതീർപ്പാക്കി

എസ് ശ്രീശാന്തിനെതിരായ വഞ്ചനാക്കേസ് പണം നൽകി ഒത്തുതീർപ്പാക്കി

by admin

കണ്ണൂർ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരായ വഞ്ചനാക്കേസ് പണം നൽകി ഒത്തുതീർപ്പാക്കി. കർണാടകയിലെ കൊല്ലൂരിൽ വില്ല നിർമ്മിച്ച് നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന കണ്ണപുരം സ്വദേശി സരീ​ഗ് ബാല​ഗോപാലന്റെ പരാതിയാണ് ഒത്തുതീർപ്പാക്കിയത്. ശ്രീശാന്തിനും കർണാടക ഉഡുപ്പി സ്വദേശികളായ രാജീവ് കുമാർ, കെ വെങ്കടേഷ് കിനി എന്നിവർക്കുമെതിരെ കണ്ണൂർ ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദ്ദേശപ്രകാരം പൊലിസ് നേരത്തെ കേസെടുത്തിരുന്നു.

2019ൽ കൊല്ലൂരിൽ വച്ച് പരിചയപ്പെട്ട രാജീവ് കുമാർ, വെങ്കിടേഷ് കിനി എന്നിവർ ചേർന്നാണ് പണം വാങ്ങിയതെന്ന് പരാതിയിൽ പറയുന്നു. അഞ്ച് സെന്റ് ഭൂമിയും അതിലൊരു വില്ലയും നൽകാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. വില്ല ലഭിക്കാതായപ്പോൾ, പറഞ്ഞ സ്ഥലത്ത് ശ്രീശാന്തിന് ക്രിക്കറ്റ് പ്രൊജക്ട് തുടങ്ങുകയാണ് എന്നായിരുന്നു മറുപടി.

സരീഗ് ബാലഗോപാൽ 2019ൽ മൂകാംബിക ദർശനത്തിന് പോയപ്പോൾ രാജീവ് കുമാർ, വെങ്കിടേഷ് കിനി എന്നീ ഉഡുപ്പി സ്വദേശികളായ രണ്ട് പേരെ പരിചയപ്പെട്ടിരുന്നു. ഇതിൽ വെങ്കിടേഷിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് സെന്റ് സ്ഥലം മൂകാംബികയിൽ ഉണ്ടെന്നും അവിടെ വില്ല നിർമ്മിച്ച് നൽകാമെന്നും പറഞ്ഞ് 18.70 ലക്ഷം രൂപ അഡ്വാൻസായി വാങ്ങിയെന്നാണ് പരാതി.

അതിന് ശേഷം തുടർനടപടികളൊന്നും ഉണ്ടായില്ല. വെങ്കിടേഷിനെ ബന്ധപ്പെട്ടപ്പോൾ സമീപത്ത് ക്രിക്കറ്റ് താരം ശ്രീശാന്തിനും സ്ഥലമുണ്ടെന്നും പറഞ്ഞു. പിന്നാലെ ശ്രീശാന്ത് പരാതിക്കാരനെ കാണുകയും സംസാരിക്കുകയും ചെയ്തു. ക്രിക്കറ്റുമായി ബന്ധപ്പെട്ട് അവിടെ ഒരു പ്രൊജക്ട് ഉദ്ദേശിക്കുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് സ്ഥലത്ത് വില്ല നിർമിച്ചുനൽകാമെന്ന് ശ്രീശാന്തും വാഗ്ദാനം ചെയ്തു. പിന്നീട് ശ്രീശാന്ത് ഈ വാഗ്ദാനത്തിൽ നിന്ന് പിന്നോട്ട് പോയി. പണം തിരികെ നിൽകിയതുമില്ല.

നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന് ഹർജി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജീവ്കുമാര്‍, വെങ്കിടേഷ് എന്നിവർക്കൊപ്പം ശ്രീശാന്തിനെക്കൂടി പ്രതിചേർത്ത് കേസെടുക്കാൻ കോടതി നിർദ്ദേശിച്ചത്. ആരോപണം നിഷേധിച്ച് ശ്രീശാന്ത് രംഗത്തെത്തിയിരുന്നു. തന്റെ പേരിൽ ആരോപിച്ചിട്ടുള്ള കേസുമായി യാതൊരു ബന്ധവുമില്ലെന്നും, സാമ്പത്തിക ഇടപാടിലോ മറ്റു പ്രവർത്തനങ്ങളിലോ ഏർപ്പെട്ടിട്ടില്ലെന്നും ശ്രീശാന്ത് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group