സങ്കീർണമായ ശ്വാസകോശ അണുബാധയെത്തുടർന്ന് ഒരാഴ്ചയായി ആശുപത്രിയില്‍ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ നില ഗുരുതരമായി തുടരുന്നു.88കാരനായ മാർപ്പാപ്പക്ക് വിളർച്ചയും കണ്ടെത്തിയതിനെത്തുടർന്ന് രക്തം കുത്തിവെച്ചെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ നില ഗുരുതരമാണെന്ന് വത്തിക്കാൻ വ്യക്തമാക്കി. ശനിയാഴ്ച മാർപാപ്പയുെട അഭാവത്തിലാണ് വത്തിക്കാൻ വിശുദ്ധവർഷ ആഘോഷങ്ങള്‍ നടത്തിയത്. ന്യുമോണിയ ഗുരുതരമായ ശേഷം സംഭവിക്കാവുന്ന സെപ്‌സിസിന്റെ തുടക്കമായിരിക്കാമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.
മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. എന്നാല്‍, അപകടനില തരണം ചെയ്തിട്ടില്ലെന്ന് സ്വകാര്യ ഡോക്ടറായ ലൂയിജി കാർബണ്‍ പറഞ്ഞു. വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖമുള്ള മാർപാപ്പയെ ബ്രോങ്കൈറ്റിസ് മൂർച്ഛിച്ചതിനെത്തുടർന്നാണ് ഫെബ്രുവരി 14 ന് ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ചെറുപ്രായത്തിലേ ശ്വാസകോശ അണുബാധയെ തുടർന്ന് മാർപ്പാപ്പയുടെ ശ്വാസകോശത്തിൻ്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു. കാൽമുട്ടുകളിലെ വേദനയുൾപ്പെടെ ഉള്ളതിനാൽ വീൽചെയർ മാർപ്പാപ്പ ഉപയോഗിച്ചിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി വലിയ രീതിയിൽ ആരോഗ്യ പ്രശ്നങ്ങൾ ഫ്രാൻസിസ് മാർപ്പാപ്പ നേരിട്ടിരുന്നു. 2023ലും ന്യൂമോണിയ ബാധയെ തുടർന്ന് മാർപ്പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതേവർഷം തന്നെ ഹെർണിയ ശസ്ത്രക്രിയക്കും അദ്ദേഹം വിധേയനായിരുന്നു.