തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ ഈ വര്‍ഷം തന്നെ നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ തുടങ്ങും. സര്‍വകലാശാല നേരിട്ട് നടത്തുന്ന നാല് കോഴ്സുകളാണ് പുതിയ രീതിയില്‍ തുടങ്ങുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സര്‍വകലാശാല നാലുവര്‍ഷ ബിരുദ കോഴ്സ് ആരംഭിക്കുന്നത്.
ലാംഗ്വേജസ് ആൻഡ് കമ്മ്യൂണിക്കേഷൻ സ്കില്‍, പൊളിറ്റിക്സ് ആൻഡ് പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നിവയില്‍ ബി എ ഓണേഴ്സ് കോഴ്സും ലൈഫ് സയൻസില്‍ ബിഎസ്സി ഓണേഴ്സ് കോഴ്സും സര്‍വകലാശാല പഠന വിഭാഗങ്ങളില്‍ തുടങ്ങുമെന്ന് വൈസ് ചാൻസലര്‍ ഡോ. മോഹൻ കുന്നുമ്മല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്വാശ്രയാടിസ്ഥാനത്തില്‍ സര്‍വകലാശാല നടത്തുന്ന യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (യുഐടി)യില്‍ നാല് വര്‍ഷ ബി കോം (പ്രൊഫഷണല്‍) ഓണേഴ്സ് കോഴ്സും ഈ വര്‍ഷം തുടങ്ങും. നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ ഈ വര്‍ഷം തുടങ്ങാൻ അഫിലിയേറ്റഡ് കോളജുകളില്‍നിന്ന് താല്‍പര്യപത്രവും ക്ഷണിച്ചിട്ടുണ്ട്. അടുത്തവര്‍ഷം മുഴുവൻ കോളേജുകളിലും നാല് വര്‍ഷ കോഴ്സുകള്‍ തുടങ്ങാനാണ് തീരുമാനം. ഈ വര്‍ഷം തുടങ്ങുന്ന കോഴ്സുകള്‍ ഏത് പഠന വകുപ്പുകള്‍ക്ക് കീഴിലാണെന്നത് വൈകാതെ തീരുമാനിക്കും.
സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് നാല് വര്‍ഷ ഓണേഴ്സ് ബിരുദ കോഴ്സുകള്‍ തുടങ്ങുന്നത്. മൂന്നാം വര്‍ഷത്തില്‍ നിശ്ചിത എണ്ണം ക്രെഡിറ്റ് ആര്‍ജിച്ച് വിദ്യാര്‍ത്ഥിക്ക് പുറത്തുപോകാനും (എക്സിറ്റ്) അവസരമുണ്ടാകും. ഇവര്‍ക്ക് നിലവിലുള്ള ത്രിവത്സര ബിരുദമായിരിക്കും നല്‍കുക. ഗവേഷണ, ഇന്‍റേണ്‍ഷിപ് പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന നാലാം വര്‍ഷം കൂടി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓണേഴ്സ് ബിരുദവും നല്‍കും. ഓണേഴ്സ് ബിരുദം നേടുന്നവര്‍ക്ക് ലാറ്ററല്‍ എൻട്രി വഴി ഒരു വര്‍ഷം കൊണ്ട് പി ജി പൂര്‍ത്തിയാക്കാനും അവസരമൊരുക്കും.