ബന്നാർഘട്ട ദേശീയോദ്യാനത്തില്‍ നിന്നുള്ള നാല് ആനകള്‍ ചരക്ക് വിമാനത്തില്‍ ജപ്പാനിലേക്ക് യാത്രയായി.എട്ട് വയസ്സുള്ള സുരേഷ്, ഒമ്ബത് വയസ്സുള്ള ഗൗരി, ഏഴ് വയസ്സുള്ള ശ്രുതി, അഞ്ച് വയസ്സുള്ള തുളസി എന്നിവരാണ് ഇരുമ്ബ് കൂടുകളിലടച്ച് വിമാനത്തില്‍ കയറിയത്.ദേശീയ മൃഗശാലാ അതോറിറ്റിയുടെ ആനിമല്‍ എക്‌സ്‌ചേഞ്ച് പദ്ധതിയുടെ ഭാഗമായാണ് ഈ ആനകളുടെ വിദേശയാത്ര. ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഖത്തർ എയർവേസിന്റെ B777-200 നമ്ബർ കാർഗോ വിമാനത്തിലാണ് ഇവരുടെ യാത്ര.
ഏകദേശം 20 മണിക്കൂർ ആകാശയാത്രയ്ക്ക് ശേഷം നാല് ആനകളും ജപ്പാനിലെ ഒസാകയിലുള്ള കൻസായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങും. രണ്ട് വെറ്ററിനറി സർജൻമാർ, നാല് പാപ്പാന്മാർ, ഒരു സൂപ്പർവൈസർ, ഒരു ബയോളജിസ്റ്റ് എന്നിവരും ആനകളെ അനുഗമിക്കുന്നുണ്ട്.വിമാനയാത്രയ്ക്കും വിദേശവാസത്തിനും പ്രത്യേക പരിശീലനം നല്‍കിയ ശേഷമാണ് ആനകളെ യാത്രയാക്കിയത്.
ബന്നാർഘട്ട പാർക്കില്‍ നിന്ന് ആനകളെ വിദേശത്തേക്ക് അയക്കുന്നത് ഇത് ആദ്യമായാണെന്ന് അധികൃതർ അറിയിച്ചു.ഈ ആനകള്‍ക്ക് പകരമായി, നാല് ചെമ്ബുലികള്‍, നാല് അമേരിക്കൻ കടുവകള്‍, നാല് അമേരിക്കൻ സിംഹങ്ങള്‍, മൂന്ന് ചിമ്ബാൻസികള്‍, എട്ട് കപ്പൂച്ചിൻ കുരങ്ങുകള്‍ എന്നിവ ബന്നാർഘട്ട ദേശീയോദ്യാനത്തിലെത്തും