Home Featured ബെംഗളൂരു : 19 കാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച്‌ കൊല്ലപ്പെടുത്തി,നാല് പേർ അറസ്റ്റിൽ

ബെംഗളൂരു : 19 കാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച്‌ കൊല്ലപ്പെടുത്തി,നാല് പേർ അറസ്റ്റിൽ

by admin

കർണാടകയില്‍ 19 കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ നാല് പേരെ ദേവനഹള്ളി പോലീസ് അറസ്റ്റ് ചെയ്തു.ജോലി സ്ഥലത്തു നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച്‌ കൊന്ന മുൻ കാമുകിയുടെ ബന്ധുവും അയാളുടെ സുഹൃത്തുക്കളുമാണ് പിടിയിലായത്. ശ്രീകാന്ത് (22), സഞ്ജയ് (23), ചരണ്‍ (21), ശിവകുമാർ (22) എന്നിവരാണ് അറസ്റ്റിലായത്. പുലർച്ചെ 19കാരന്റെ മൃതദേഹം റോഡരികില്‍ കണ്ടെത്തിയതിന് പിന്നാലെ പൊലീസ് നടത്തിയ വ്യാപക അന്വേഷണമാണ് മണിക്കൂറുകള്‍ക്കകം കേസിന്റെ ചുരുളഴിച്ചത്.

ബംഗളുരു ദേവനഹള്ളിയിലെ പ്രശാന്ത് നഗർ സ്വദേശിയായ പ്രീതം ആർ ആണ് മരിച്ചത്.ഒരു ഓണ്‍ലൈൻ ഗ്രോസറി കമ്ബനിയില്‍ ഡെലിവറി ഏജന്റായി ജോലി ചെയ്യുകയായിരുന്നു പ്രീതം. പൊലീസ് നല്‍കുന്ന വിവരം അനുസരിച്ച്‌ പ്രീതം ഒരു ആയൂർവേദ മെഡിക്കല്‍ വിദ്യാർത്ഥിനിയുമായി പ്രണയത്തിലായിരുന്നു. ഇവരുടെ ബന്ധത്തില്‍ പിന്നീട് പ്രശ്നങ്ങളുണ്ടാവുകയും പെണ്‍കുട്ടി ഇയാളില്‍ നിന്ന് അകലുകയും ചെയ്തു. എന്നാല്‍ പ്രീതം പിന്നീടും യുവതിയുമായി ബന്ധപ്പെടാൻ ശ്രമിച്ചു.

ഇത് ശല്യമായി കണക്കാക്കിയ യുവതി തന്റെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചു. ബന്ധുക്കളാണ് യുവതിയുടെ കസിനായ ശ്രീകാന്ത് എന്നയാളോട് യുവാവ് ശല്യം ചെയ്യുന്നു എന്ന് പറഞ്ഞത്. ഇയാള്‍ പലതവണ യുവാവിനെ കണ്ട് ഭീഷണിപ്പെടുത്തിയെങ്കിലും പ്രീതം പെണ്‍കുട്ടിയെ വീണ്ടും വീണ്ടും ബന്ധപ്പെടാൻ ശ്രമിച്ചു.വെള്ളിയാഴ്ച രാത്രി 10.30ഓടെ ശ്രീകാന്തും സുഹൃത്തുക്കളും ഒരു വാഹനവുമായി യുവാവിന്റെ ജോലി സ്ഥലത്തെത്തി ഇയാളെ വാഹനത്തില്‍ കയറ്റി കൊണ്ടുപോയി. പല സ്ഥലങ്ങളില്‍ കൊണ്ടുനിർത്തി ക്രൂരമായി മർദിച്ചു. ആളൊഴി‌ഞ്ഞ‌ സ്ഥലങ്ങളില്‍ വെച്ചായിരുന്നു മർദനം.

മുഖത്ത് ഗുരുതരമായി മർദനമേറ്റു. ഇതിനിടെ യുവാവ് ബോധരഹിതനായപ്പോള്‍ സംഭവം കൈവിട്ടുപോകുമെന്ന് തിരിച്ചറിഞ്ഞ് ദേവനഹള്ളിയിലെ ഒരു സ്കൂളിന് സമീപം യുവാവിനെ തള്ളിയിട്ട ശേഷം രക്ഷപ്പെട്ടു.പുലർച്ചെ മൂന്ന് മണിക്ക് ജോലി കഴിഞ്ഞ് എത്തേണ്ട മകൻ നേരം പുലർന്നിട്ടും വരാത്തതിനെ തുടർന്ന് പ്രീതത്തിന്റെ അച്ഛൻ രാവിലെ ആറ് മണിയോടെ അന്വേഷിച്ച്‌ ജോലി സ്ഥലത്തെത്തി. അപ്പോഴാണ് അജ്ഞാതർ കാറില്‍ കയറ്റി കൊണ്ടുപോയെന്ന വിവരം സഹപ്രവർത്തകരില്‍ നിന്ന് ലഭിച്ചത്.

മകനായി അന്വേഷണം തുടരുന്നതിനിടെ ഒരു അജ്ഞാത മൃതദേഹം കണ്ടെത്തിയെന്ന വിവരം പൊലീസില്‍ നിന്ന് ലഭിച്ചു. രാവിലെ 7.15ഓടെയാണ് മൃതദേഹം കണ്ടെത്തിയതെന്നും അതിന് ശേഷമാണ് യുവാവിന്റെ അച്ഛൻ പരാതി നല്‍കിയതെന്നും പൊലീസ് പറ‍ഞ്ഞു.നേരത്തെയും മകനെ ഒരു സംഘം ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയതായും മർദിച്ചതായി പറയുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെ 4 പ്രതികളും അറസ്റ്റിലായി. ഇവരെ ചോദ്യം ചെയ്യുകയാണ്. ബന്ധുക്കള്‍ക്ക് പോലും തിരിച്ചറിയാൻ കഴിയാത്ത വിധത്തില്‍ യുവാവിന്റെ മൃതദേഹത്തില്‍ ക്രൂരമായ പരിക്കുകളുണ്ടായിരുന്നു എന്ന് പൊലീസുകാർ പറഞ്ഞു. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തി നാലുപേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഇവർ.

You may also like

error: Content is protected !!
Join Our WhatsApp Group