പാകിസ്ഥാൻ മുൻ പ്രസിഡന്റ് പർവേസ് മുഷറഫ് അന്തരിച്ചു. വ്യക്കരോഗത്തെ തുടർന്ന് ദുബായിലെ ആശുപത്രിയിൽ വച്ചാണ് അന്ത്യം. ഏറെ കാലമായി അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. പാക്ക് മാധ്യമങ്ങളാണ് മുഷറഫിന്റെ മരണവാർത്ത പുറത്തുവിട്ടത്. 2001 മുതൽ 2008 വരെ പാകിസ്താൻ പ്രസിഡൻ്റ് ആയിരുന്ന മുഷറഫ് ആറു വർഷത്തിലേറെയായി ദുബായിലാണ് താമസം.
2018-ലാണ് യുഎഇയിൽ വെച്ച് മുഷറഫിന് മാരകമായ അമിലോയിഡോസിസ് രോഗമാണെന്ന് കണ്ടെത്തിയത്. അസാധാരണമായ പ്രോട്ടീൻ അവയവങ്ങളിൽ അടിഞ്ഞുകൂടുകയും പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന അപൂർവ രോഗമാണ് അമിലോയിഡോസിസ്. തുടർന്ന് വിദഗ്ധ ചികിത്സക്ക് ദുബായിലേക്ക് മാറ്റുകയായിരുന്നു.
മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ വധക്കേസിലും റെഡ് മോസ്‌ക് പുരോഹിതനെ കൊലപ്പെടുത്തിയ കേസിലും മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.1999 മുതൽ 2008 വരെ പാകിസ്ഥാൻ ഭരിച്ച മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തുകയും 2019-ൽ ഭരണഘടനയെ സസ്പെൻഡ് ചെയ്തതിന് വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വധശിക്ഷ പിന്നീട് താൽക്കാലികമായി നിർത്തിവച്ചതായി പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു.